26 April Friday
ലഹരിപ്പാർടി: പ്രതികൾ റിമാൻഡിൽ

ഹാർഡ് ഡിസ്ക് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021
തിരുവനന്തപുരം
പൂവാറിലെ റിസോർട്ടിൽ ലഹരിപ്പാർടി നടത്തിയതിന്‌ പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ്‌ ചെയ്‌തു. ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ, കഴക്കൂട്ടം ചന്തവിള സ്വദേശി ആഷിർ എന്നിവരാണ്‌ റിമാൻഡിലായത്‌. 
ഞായറാഴ്‌ചയാണ്‌ ലഹരിപ്പാർടി നടത്തിയതിന്‌ ഇവരെ സ്‌റ്റേറ്റ്‌  എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരിൽനിന്ന്‌  എംഡിഎംഎ, എൽഎസ്‌ഡി, ഹാഷിഷ്‌ ഓയിൽ, കഞ്ചാവ്‌  എന്നിവയും പിടിച്ചെടുത്തിരുന്നു. ഇവരോടൊപ്പം കസ്‌റ്റഡിയിൽ എടുത്ത 19 പേരെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ്‌ സംഘം  അന്വേഷണം ഊർജിതമാക്കി. റിസോർട്ടിലെ സിസിടിവിയുടെ ഹാർഡ്‌ ഡിസ്‌കും  ഡിജെ പാർടി റെക്കോഡ്‌ ചെയ്‌ത വീഡിയോ ദൃശ്യവും  എക്‌സൈസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. ഇതിനൊപ്പം പണമിടപാട്‌, ലഹരി വസ്‌തുക്കളുടെ വരവ്‌ തുടങ്ങിയവും അന്വേഷിക്കും. ഇതിന്‌ പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും.
റിസോർട്ടിൽ ലഹരിപ്പാർടി നടക്കുന്നുണ്ട്‌ എന്ന വിവരം ലഭിച്ചപ്പോൾ  ബോട്ടിൽ എത്തിയാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌. പാർടിയിൽ  അമ്പത്‌ പേർ പങ്കെടുത്തിരുന്നു. എന്നാൽ എക്‌സൈസ്‌ സംഘം എത്തുമ്പോൾ 22 പേർ മാത്രമേ റിസോർട്ടിലുണ്ടായിരുന്നുള്ളു. പീറ്റർ ഷാൻ വലിയതുറ സ്‌റ്റേഷനിലെ കൊലക്കേസിൽ പ്രതിയാണ്‌. അക്ഷയ് മോഹൻ മറ്റൊരു മയക്ക്‌ മരുന്ന്‌ കേസിലും പ്രതിയാണ്‌.
 
‘നിർവാണ’യുടെ ഡിജെ കുളു–-മണാലിയിലും 
തിരുവനന്തപുരം
പൂവാർ റിസോർട്ടിൽ ലഹരി പാർടിക്ക്‌ നേതൃത്വം നൽകിയ ‘നിർവാണ’യ്‌ക്ക്‌  ഉത്തരേന്ത്യൻ ബന്ധം. കുളു–-മണാലി കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രധാന പ്രവർത്തനം. മുംബൈയിലെ ഒരു ബിസിനസ്‌ സ്‌പോൺസറും നിർവാണയ്‌ക്കുണ്ട്‌. ടൂറിസ്‌റ്റുകൾക്ക്‌ സ്ഥിരമായി ഡിജെ പാർട്ടി സംഘടിപ്പിക്കലാണ്‌ നിർവാണയുടെ പണി. ഇതോടൊപ്പം ഫാഷൻ ഷോയും സംഘടിപ്പിക്കാറുണ്ട്‌.  ഞായാറാഴ്‌ച  പൂവാർ റിസോർട്ടിൽ ഫാഷൻ പരേഡും സംഘടിപ്പിക്കാൻ തീരുാമനിച്ചിരുന്നു. ഇതിനായി 30 മോഡലുകൾ വരാൻ ഒരുങ്ങുകയും ചെയ്‌തു. എന്നാൽ എക്‌സൈസ്‌ റെയ്‌ഡോടെ   ഇവ പൊളിഞ്ഞു.
ഉത്തരേന്ത്യ സ്ഥിരം വേദിയാക്കിയ നിർവാണ ടൂറിസം സീസണായതോടെയാണ്‌ പൂവാറിൽ പാർട്ടി സംഘടിപ്പിച്ചത്‌. മൂന്ന്‌ ദിവസത്തെ പാർടിയാണ്‌ റിസോർട്ടിൽ ആസൂത്രണം ചെയ്‌തത്‌. അതിൽ ആദ്യത്തേതായിരുന്നു ശനിയാഴ്‌ച. ഫാഷൻ ഷോക്ക്‌ നേതൃത്വം നൽകാൻ ഉത്തരേന്ത്യയിൽനിന്നുള്ള ഒരു യുവതി തലസ്ഥാനത്ത്‌ എത്തിയിരുന്നു. ഇവരെ എക്‌സൈസ്‌ ചോദ്യം ചെയ്‌തെങ്കിലും ലഹരി വസ്‌തുക്കൾ ഒന്നും കണ്ടെത്തിയില്ല. ഉത്തരേന്ത്യയിലെ ചില ടൂർ  ഓപ്പറേറ്റർമാരുമായി അക്ഷയ്‌ മോഹന്‌ അടുത്ത ബന്ധമുള്ളതായും എക്‌സൈസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ലഹരി വസ്‌തുക്കൾ അവിടെനിന്നാണോ വരുന്നത്‌ എന്നതടക്കം അന്വേഷിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top