24 April Wednesday

മട്ടന്നൂരിൽ ‘ലൈഫ് ’ഈസ് 
ബ്യൂട്ടിഫുള്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

മട്ടന്നൂർ നഗരസഭ ലെെഫ് പദ്ധതിയിൽ നിർമിച്ച വീട്

മട്ടന്നൂർ
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അത് യാഥാർഥ്യമാക്കാൻ  അത്രമേൽ ജനങ്ങളോട് ചേർന്ന് നിൽക്കുന്നൊരു തദ്ദേശഭരണവും അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ അന്തസ്സത്ത ഉൾക്കൊണ്ട്‌ പദ്ധതി നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മട്ടന്നൂർ നഗരസഭ. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ എട്ടാമത്തെ ഡിപിആറും അംഗീകരിച്ചാണ് നഗരസഭാ ഭരണസമിതി പടിയിറങ്ങുന്നത്. കൃത്യമായ അവലോകനം അർഹരായവരെ സമയത്ത് കണ്ടെത്തുന്നതിനും മുഴുവനാളുകൾക്കും സാമ്പത്തിക സഹായം നൽകുന്നതിനും സഹായകമായി. സമീപത്തെ നഗരസഭകളെല്ലാം നാലും അഞ്ചും ഡിപിആർ പൂർത്തീകരിക്കുന്ന സമയത്താണ് മട്ടന്നൂർ നഗരസഭ എട്ടാമത്തെ ഡിപിആറും അംഗീകരിച്ച് പടിയിറങ്ങുന്നതെന്നത് നഗരസഭാ ഭരണസമിതിയുടെ കാര്യക്ഷമതയുടെ അടയാളമാണ്. പിഎംഎവൈ പദ്ധതിയിൽ 4 ലക്ഷം രൂപ വീതം 464 കുടുംബങ്ങൾക്കും, ഭദ്രത പദ്ധതിയിൽ 22 കോടി രൂപ ചെലവിൽ 88 കുടുംബങ്ങൾക്കും, എസ്‌സി കുടുംബങ്ങളിൽ 4 പേർക്കും ഉൾപ്പെടെ 556 കുടുംബങ്ങൾക്ക് നിലവിൽ ഭവനനിർമാണം പൂർത്തീകരിക്കാൻ നഗരസഭയ്ക്ക് സാധിച്ചു. 114 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. 
 2022–--23 വർഷം അനുവദിച്ച 34 വീടുകൾ കൂടെ ഉൾപ്പെടുന്നതോടെ 704 കുടുംബങ്ങൾക്ക് 5 വർഷത്തിനുള്ളിൽ വീടിന്റെ സുരക്ഷിതത്വം ഉറപ്പുനൽകാൻ നഗരസഭയ്ക്ക് സാധിച്ചു. എസ്‌സി - എസ്ടി കുടുംബങ്ങൾക്ക് വീട്, കിണർ എന്നിവയുടെ അറ്റകുറ്റപണിക്ക്   ഉൾപ്പെടെ തുക നീക്കിവച്ച്‌  സാധാരണക്കാരന്റെ സ്വപ്‌നങ്ങൾക്ക് കരുത്താവുകയാണ് ഇടതുപക്ഷം. 
ഭദ്രതയിലൂടെ 100 വീട്
ഭദ്രത നഗരസഭയുടെ തനത് ഭവന നിർമാണ പദ്ധതിയാണ്. ഇ എം എസ് ഭവനപദ്ധതി യുഡിഎഫ് സർക്കാർ നിർത്തലാക്കിയതിനെ തുടർന്ന് വീട് നൽകാൻ കഴിയാത്ത അപേക്ഷകർക്ക് വീട് നൽകുന്നതിനായി സർക്കാരിന്റെ  പ്രത്യേക സഹായത്തോടെ മട്ടന്നൂർ നഗരസഭ ആരംഭിച്ച ഭവന പദ്ധതിയാണ് ഭദ്രത.  100 കുടുംബങ്ങളെയാണ് ഈ പദ്ധതിയിൽ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത് 88 പേർ ഇതിനോടകം ഭവന നിർമാണം പൂർത്തീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top