26 April Friday

ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ മാട്ടറ–- മണിക്കടവ്‌ പാലം

ഉളിക്കൽ
കാലവർഷം കനത്തതോടെ പുഴയിൽ വെള്ളം കയറി ഉളിക്കലിൽ രണ്ട്‌ പാലങ്ങൾ മുങ്ങി. വയത്തൂർ, മാട്ടറ–- മണിക്കടവ്‌ പാലങ്ങളാണ്‌ വെള്ളത്തിലായത്‌. വട്ട്യാംതോട്‌ പാലവും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്‌. വയത്തൂർ പുഴയിലാണ്‌ മൂന്നുപാലങ്ങളും. പുഴയിൽ ജലനിരപ്പുയർന്നാൽ പാലങ്ങൾ കരകവിഞ്ഞാണ്‌ ഒഴുക്ക്‌. അതോടെ ഗതാഗതവും പ്രതിസന്ധിയാകും.  
വർഷങ്ങൾക്കുമുമ്പ്‌ വട്ട്യാംതോട്‌, മാട്ടറ പാലങ്ങൾ നാട്ടുകാരുടെ സഹായത്തോടൊയണ്‌ നിർമ്മിച്ചത്‌. വെള്ളപ്പൊക്കഭീഷണിനേരിടുന്ന ഈ പാലങ്ങൾക്കുപകരം പുതിയ പാലങ്ങൾ നിർമിക്കണമെന്ന നാടിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. 35 കൊല്ലത്തിലധികം മണ്ഡലം പ്രതിനിധീകരിക്കുന്നത്‌ യുഡിഎഫ്‌ ജനപ്രതിനിധികളാണ്‌.  കെ സി ജോസഫ്‌ മന്ത്രിയായും ചീഫ്‌ വിപ്പായും പ്രവർത്തിച്ചിട്ടും  ദുരിതയാത്രക്ക്‌ അറുതിയായില്ല. നിരവധി അപകടങ്ങൾ നേരിട്ട പാലങ്ങളാണിവ. രണ്ടുവർഷം മുമ്പത്തെ കാലവർഷത്തിൽ പാലത്തിലൂടെ പോയ  ജീപ്പ് ഒഴുക്കിൽപ്പെട്ട് മറിഞ്ഞ്‌ മൂന്നുപേർ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു.  ഈ മഴക്കാലത്തും  വിദ്യാർഥികളടക്കം ജീവൻ പണയംവച്ചാണ്‌ പാലത്തിലൂടെ യാത്രചെയ്യുന്നത്‌. 
 
ജില്ലയിൽ 10വരെ 
മഞ്ഞ അലർട്ട്
കണ്ണൂർ
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വ്യാഴാഴ്‌ച മുതൽ  ഞായറാഴ്വവരെ  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർവരെ ശക്തമായ മഴയുണ്ടാകും. 
ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ  ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച  താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കമുണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും  തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകടസാധ്യത മുന്നിൽകണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.
 
ഉയർന്ന തിരമാലക്ക് സാധ്യത
കണ്ണൂർ
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ വ്യാഴാഴ്‌ച രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും  അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
 
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
കണ്ണൂർ
കേരള,- ലക്ഷദ്വീപ്, -കർണാടക തീരങ്ങളിൽ  10വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 
അന്തോളി മല ഇടിഞ്ഞു
തലശേരി
കുട്ടിമാക്കൂലിനടുത്ത അന്തോളിമലയുടെ വടക്കുഭാഗം കനത്തമഴയിൽ ഇടിഞ്ഞു. മണ്ണും മരവും റോഡിലിലേക്കുവീണ്‌ മനയത്തുമീത്തൽ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ബുധൻ പുലർച്ചെ രണ്ടോടെയാണ്‌  കുന്നിടിഞ്ഞത്‌. കഴിഞ്ഞ പ്രളയകാലത്തടക്കം രണ്ടുഘട്ടമായി മല ഇടിഞ്ഞിരുന്നു. മലയുടെ സമീപത്തായി മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്‌. തുടരെയുള്ള മലയിടിച്ചിലിന്റെ ഭീതിയിലാണ്‌ പ്രദേശത്തെ ജനങ്ങൾ. 
  കുന്നിടിഞ്ഞ ഭാഗത്ത്‌ കൗൺസിലർ സി സോമൻ, വില്ലേജ്‌ ഓഫീസർ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ മണ്ണ് നീക്കിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. മുനിസിപ്പാലിറ്റി കണ്ടിജന്റ്‌ ജീവനക്കാർ, കെഎസ്‌ഇബി ലൈൻമാന്മാർ എന്നിവരും പങ്കാളികളായി. സബ്‌കലക്‌ടർ അനുകുമാരി, നഗരസഭാ ചെയർമാൻ കെ എം ജമുനറാണി, വൈസ്‌ചെയർമാൻ വാഴയിൽ ശശി, കാരായി ചന്ദ്രശേഖരൻ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
 
കുടകിൽ 
കാലവർഷക്കെടുതി രൂക്ഷം
മടിക്കേരി (കർണാടകം)
കുടകിൽ കാലവർഷക്കെടുതി രൂക്ഷം. മടിക്കേരി–- - മംഗളൂരു പാതയിലെ സംപാജെയിൽ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. തലക്കാവേരി - ബാഗമണ്ഡല റോഡിൽ കൂറ്റൻ പാറ റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. പാറ നീക്കാനുള്ള ശ്രമത്തിലാണ് അധികൃതരും നാട്ടുകാരും. സോമവാർപേട്ടയിൽ മഴയിൽ വീട് തകർന്ന് വീട്ടമ്മക്ക് പരിക്കേറ്റു. പരിക്കേറ്റ വസന്തമ്മ (65)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാവേരീ തീര ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡുകൾ പരക്കെ തകർന്നു. ബംഗളൂരു-–-  കണ്ണൂർ പാതയിലെ മാക്കൂട്ടം ചുരം റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കുടകിലെ സ്കൂളുകൾക്ക് വ്യാഴാഴ്ചയും  അവധി പ്രഖ്യാപിച്ചു. ജില്ലയിൽ വ്യാഴാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top