19 April Friday

ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡ് തകർന്നപ്പോൾ

 കാസർകോട്‌

നിർത്താതെ പെയ്യുന്ന മഴ നാടെങ്ങും വിതയ്‌ക്കുന്നത്‌  കനത്ത നാശനഷ്ടം. വോർക്കാടിയിൽ തൊഴിലാളി കുളത്തിൽ വീണ്‌ മരിച്ചു. മഞ്ചേശ്വരം, കാസർകോട്‌, ഹൊസ്‌ദുർഗ്‌, വെള്ളരിക്കുണ്ട്‌ താലൂക്കുകളിൽ വെള്ളക്കെട്ട്‌ ഭീഷണിയാകുന്നു. പല കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക്‌ മാറ്റി. മരങ്ങൾ വീണ്‌ വീടുകൾ തകർന്നു. കാർഷിക വിളകൾക്കും നാശമുണ്ടായി. മടിക്കൈയിൽ വ്യാപകമായി വാഴകൾ നശിച്ചു. ചിറ്റാരിക്കാൽ കാറ്റാംക്കവലയിൽ മലയോര ഹൈവേ തകർന്നു.
 
കാറ്റാംകവലയിൽ 
മലയോര പാത തകർന്നു
വെള്ളരിക്കുണ്ട് 
മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡ് ഇടിഞ്ഞു. റോഡ് പകുതിയോളം ഇടിഞ്ഞു. വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ ഗതാഗതം നിയന്ത്രിച്ചു. ബുധൻ രാവിലെ എട്ടോടെയാണ് മണ്ണിടിച്ചൽ. 10 മീറ്റർ ഉയരത്തിൽ കെട്ടിയുയർത്തിയ റോഡിന്റെ പാർശ്വഭിത്തി ഉൾപ്പെടെയാണ് ഇടിഞ്ഞത്‌. മൂന്ന് മീറ്റർ വീതിയിൽ 15 മീറ്റർ നീളത്തിൽ റോഡ് ഇടിഞ്ഞു. നൂറ് മീറ്ററോളം ദൂരം റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കെഎസ്ആർടിസി, സ്വകാര്യ ബസുകളും മറ്റുവാഹനങ്ങളും പോകുന്നത്. ബുധൻ രാവിലെ മണ്ണിടിയുന്നതിന് തൊട്ടുമുമ്പ്‌  വാഹനങ്ങൾ കടന്നുപോയിരുന്നു. വലിയ വാഹനങ്ങളുടെ സവീസ്‌ വിലക്കിയിട്ടുണ്ട്. 
ദേശീയപാതയിൽ മതിൽ ഇടിഞ്ഞു
ചട്ടഞ്ചാൽ
തെക്കിലിൽ  മതിൽ ഇടിഞ്ഞ് ദേശീയപാതയിൽ  ഗതാഗതം തടസ്സപ്പെട്ടു. തെക്കിൽ ടാറ്റ ഗവ. കോവിഡ്  ആശുപത്രിയിലേക്ക് പോകുന്ന റോഡിന് സമീപത്ത്  കരിങ്കല്ലും മണൽ നിറച്ച ചാക്കുകളും ഉപയോഗിച്ച് കെട്ടിയ മതിലാണ് തകർന്നത്. ഇതേതുടർന്ന് വാഹന ഗതാഗതത്തിന് തടസ്സമുണ്ടായി. 
തുടർന്ന് ദേശീയപാത വികസന പ്രവൃത്തികൾ നടത്തുന്ന കരാറുകാരെത്തി റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് ഗതാഗതം നിയന്ത്രണമേർപ്പെടുത്തി. 
 
കരകവിഞ്ഞ്‌ തേജസ്വിനി
ചെറുവത്തൂർ
തേജസ്വിനി പുഴ കരകവിഞ്ഞ്‌ കയ്യൂരിലെയും പരിസര പ്രദേശങ്ങളിലെയും കൃഷികൾ നശിക്കുന്നു. പാടത്തെ ഞാറുകൾ പൂർണമായും വെള്ളത്തിനടിയിലായി. മഴ തുടർന്നാൽ പറമ്പുകളിലും വെള്ളം കയറുന്ന സ്ഥിതിയാകും. ദേശീയപാതക്കരികിലെ  ചെറുവത്തൂർ വീരമലക്കുന്നിൽ നിന്നും മണ്ണിടിഞ്ഞു. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി  കടന്നുപോകാനുള്ള വഴി ഒരുക്കിയിരുന്നു. അതു കഴിഞ്ഞുള്ള ഭാഗത്തേു നിന്നും ചരലെടുത്തതാണ്‌ മണ്ണിടിയാൻ കാരണം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top