16 April Tuesday

കാൽപ്പന്തുകാലത്തെ 
മലപ്പുറം കഥകളിതാ

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022

മലപ്പുറം മഹോത്സവത്തോടനുബന്ധിച്ച്‌ കെഎസ്‌ആർടിസി ഡിപ്പോയുടെ മതിലിൽ പി ജി ദിനേഷ്‌ ചിത്രം വരയ്ക്കുന്നു

മലപ്പുറം
ബൂട്ടണിഞ്ഞ്‌ കാൽപ്പന്തുകളിക്കാൻ എത്തിയ ബ്രിട്ടീഷുകാരെ നഗ്നപാദരായി നേരിട്ട ചരിത്രമുണ്ട്‌ മലപ്പുറത്തിന്‌. അതുകൊണ്ടുതന്നെ ഇന്നാടിന്‌ ഫുട്‌ബോൾ ഹൃദയത്തിൽ തുളച്ചിറങ്ങിയ വികാരമാണ്‌, പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്‌. വാഴപ്പോളകൊണ്ട്‌ കെട്ടിയുണ്ടാക്കിയ പന്തിന്റെ കാലത്തുനിന്ന്‌ അൽ റിഹ്‌ലവരെയെത്തുമ്പോൾ ഫുട്‌ബോൾ സ്‌നേഹം തലമുറതാണ്ടി കുതിക്കുന്നു. ആ ചരിത്രവും ആരവവും അതേപടി കാണാം കോട്ടക്കുന്ന്‌ കെഎസ്‌ആർടിസി ഡിപ്പോയുടെ മതിലിൽ. നീണ്ടുകിടക്കുന്ന ഗ്യാലറിയിൽ ജനസാഗരം, മൈതാനത്ത്‌ കളിക്കാർ, ഗോൾ പോസ്‌റ്റ്‌. ചിത്രവും ചരിത്രവും മനോഹരം. 
മലപ്പുറം മഹോത്സവത്തിന്റെ ഭാഗമായി വരയിലൂടെ മലപ്പുറം ഫുട്‌ബോൾ ആവേശത്തിന്റെ ഇന്നും ഇന്നലെയും നാളെയും കോറിയിട്ടിരിക്കുകയാണ്‌ ആർടിസ്‌റ്റ്‌ പി ജി ദിനേഷ്‌. ദേശാഭിമാനി 80–-ാം വാർഷികത്തിൽ ലളിതകലാ അക്കാദമിയുമായി ചേർന്ന്‌ നടത്തിയ സ്‌ട്രീറ്റ്‌ ആർട്‌ ക്യാമ്പിലാണ്‌ പനോരമ  ചുവർചിത്രം ഒരുങ്ങിയത്‌.
‘ലോകകപ്പ്‌ വേണ്ട മലപ്പുറത്തുകാർക്ക്‌ ഫുട്‌ബോൾ ആഘോഷിക്കാൻ. സ്‌റ്റേഡിയങ്ങളും ടർഫും വരുംമുമ്പ്‌ കിട്ടിയ ഇടത്തെല്ലാം പന്തുതട്ടിയവരാണ്‌ അവർ. ഇവിടെ സെവൻസ്‌ ഫുട്‌ബോൾ ആരവം ഒടുങ്ങാറില്ല. കെട്ടിയുയർത്തിയ താൽക്കാലിക ഗ്യാലറികൾ ഒരിക്കലും കാലിയായിട്ടില്ല. ഈ നാടിന്റെ ചരിത്രം പറയുമ്പോൾ അത്‌ ഫുട്‌ബോളിലൂടെയാകണമെന്ന്‌ തോന്നി’ ദിനേഷ്‌ പറഞ്ഞു. 
കലാരംഗത്ത്‌ 35 വർത്തോളമായി സജീവമാണ്‌ ദിനേഷ്‌. 2002ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെയും 2015ൽ കേരള ലളിതകലാ അക്കാദമിയുടെയും പുരസ്‌കാരം ലഭിച്ചു. കൾച്ചറൽ മിനിസ്‌ട്രി ഓഫ്‌ ഇന്ത്യ സീനിയർ ആർടിസ്‌റ്റ്‌ ഫെലോഷിപ്പ്‌ ഉൾപ്പെടെയുള്ളവയും തേടിയെത്തിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top