19 April Friday

അഞ്ചൽ, കുണ്ടറ ഏരിയ സമ്മേളനങ്ങൾ സമാപിച്ചു

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

അഞ്ചലിൽ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ് വേണം
അഞ്ചൽ 
ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ അഞ്ചലിൽ സർക്കാർ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ആരംഭിക്കണമെന്ന് സിപിഐ എം അഞ്ചൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുളത്തൂപ്പുഴ മേഖലയിൽ അനുവദിച്ച കോളേജ് യുഡിഎഫ് ഭരണകാലത്ത് അട്ടിമറിച്ച്‌ മാറ്റിക്കൊണ്ടുപോയിരുന്നു. അഞ്ചലിൽ സിവിൽ സർവീസ്‌ പരീക്ഷകൾക്ക്‌ പരിശീലനം നൽകുന്ന കോച്ചിങ്‌ സെന്ററും ആരംഭിക്കണം. തെന്മല ഡാമിലും കല്ലടയാറിന്റെ കടവുകളിലും അടിഞ്ഞ മണൽ ശേഖരച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യണമെന്നും ഇക്കോ ടൂറിസം പദ്ധതി മലമേൽ, ഓലിയരുക് വെള്ളച്ചാട്ടം, ഓയിൽപാം എസ്റ്റേറ്റ്, കുടുക്കത്ത് പാറ എന്നിവയുമായി ബന്ധിപ്പിച്ച്‌ ജൈവ ടൂറിസം പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു. റിപ്പോർട്ടിന്മേലുളള ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി  ഡി വിശ്വസേനനും പൊതുചർച്ചയ്ക്ക്  സംസ്ഥാന കമ്മിറ്റിഅംഗം കെ വരദരാജൻ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എസ് ജയമോഹൻ എന്നിവരും മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം കെ എൻ ബാലഗോപാൽ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ് രാജേന്ദ്രൻ, എം എച്ച് ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ജോർജ് മാത്യു എന്നിവർ സംസാരിച്ചു. പി അനിൽകുമാർ പ്രമേയവും ജി പ്രമോദ് ക്രഡൻഷ്യൽ റിപ്പോർട്ടും  അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ വി എസ് ഷിജു നന്ദി പറഞ്ഞു 
ഇരുപത്തിയൊന്ന്‌ അംഗ ഏരിയ കമ്മിറ്റിയെയും 12 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
 
കൊല്ലം-–-തേനി ദേശീയപാത അലൈൻമെന്റ് നടപ്പാക്കണം
കുണ്ടറ 
വി എസ് സർക്കാരിന്റെ ഭരണകാലത്ത് ഹൈക്കോടതി അംഗീകരിച്ച കൊല്ലം-–-തേനി ദേശീയപാത അലൈൻമെന്റ് നടപ്പാക്കണമെന്ന് സിപിഐ എം കുണ്ടറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടറയിൽ വ്യവസായ പാർക്ക് ആരംഭിക്കുക, കൊല്ലം ടെക്നോപാർക്കിന്റെ പ്രവർത്തനം പൂർണതോതിലാക്കുക, ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുക, കൃഷി അടിസ്ഥാനമാക്കിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. 
പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു. പൊതുചർച്ചയ്ക്ക് ജില്ലാസെക്രട്ടറി എസ് സുദേവനും ഏരിയ സെക്രട്ടറി എസ് എൽ സജികുമാറും മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം കെ എൻ ബാലഗോപാൽ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ  പി രാജേന്ദ്രൻ, ജെ മേഴ്സിക്കുട്ടിഅമ്മ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ബി തുളസീധരക്കുറുപ്പ്, ജില്ലാകമ്മിറ്റി അംഗം സി ബാൾഡുവിൻ എന്നിവർ പങ്കെടുത്തു. ജി ഗോപിലാൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം വിൻസെന്റ് നന്ദി പറഞ്ഞു. 21 അംഗ ഏരിയ കമ്മിറ്റിയെയും 11 ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top