20 April Saturday

കെട്ടിടനമ്പർ തട്ടിപ്പ്‌; അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022
തിരുവനന്തപുരം 
കെട്ടിടനമ്പർ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി കോർപറേഷനും പൊലീസും. സൈബർ പൊലീസ്‌ സംഘം ചൊവ്വാഴ്‌ച കോർപറേഷനിൽ എത്തി അ ക്കൗണ്ട്‌സ്‌ ഓഫീസർ ജയകുമാറിൽനിന്ന്‌ വിവരം ശേഖരിച്ചു. കോർപറേഷന്റെ ആഭ്യന്തര അന്വേഷണച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസർ. റവന്യു ഓഫീസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്‌.
   ആഭ്യന്തര പരിശോധനയുടെയും കണ്ടെത്തിയ തട്ടിപ്പിന്റെയും വിവരങ്ങളും ശേഖരിച്ചു. അനധികൃതമായി നമ്പർ സമ്പാദിച്ച കടമുറികൾക്ക്‌ സമീപത്തെ മുഴുവൻ കെട്ടിടങ്ങളുടെയും വിശദാംശം പരിശോധിക്കാൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. പരിശോധന പുരോഗമിക്കുകയാണ്‌. സമാന തട്ടിപ്പ്‌  നടന്നിട്ടുണ്ടോയെന്ന്‌ ഇതുവഴി അറിയാൻ സാധിക്കും. മെയിൻ ഓഫീസ്‌, ഫോർട്ട്‌, നേമം സോണലുകളിൽ അപേക്ഷകളിലെ പരിശോധനയും പുരോഗമിക്കുന്നു. മറ്റു തട്ടിപ്പുകൾ നടന്നതായി വിവരമില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്‌ കോർപറേഷൻ തീരുമാനം. പൊലീസ്‌ അന്വേഷണത്തിൽ തട്ടിപ്പിന്റെ വിശദാംശം പൂർണമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഭരണസമിതി.
   കേശവദാസപുരം വാർഡിൽ മരപ്പാലം ടികെഡി റോഡിലെ വിഎസ്‌എസ്‌സി ഓഫീസിന്‌ എതിർവശത്തെ രണ്ട്‌ കടമുറിക്കാണ്‌ അനധികൃതമായി കെട്ടിടനമ്പർ നൽകിയതായി കണ്ടെത്തിയത്‌. അജയ്‌ഘോഷെന്ന വ്യക്തിയുടെ പേരിലാണ്‌ ഇവ. സഞ്ചയ സോഫ്‌റ്റ്‌വെയറിൽ ജീവനക്കാരുടെ യൂസർ നെയിമും പാസ്‌ വേഡും ഉപയോഗിച്ച്‌ കയറിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. 
 
ചതിക്കുഴിയിൽ വീഴരുത്‌: മേയർ
കെട്ടിടനമ്പർ കുറ്റകൃത്യത്തിൽ മറ്റേതെങ്കിലും ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിക്കാൻ പൊലീസിന്‌ നിർദേശം നൽകിയതായി മേയർ ആര്യ രാജേന്ദ്രൻ. ആഭ്യന്തര അന്വേഷണച്ചുമതല എസ് ജയകുമാറിനാണ്‌. നഗരസഭയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട സേവനങ്ങൾക്ക് നേരിട്ട് ഹാജരാകുകയോ കൗൺസിലർമാരെ സമീപിക്കുകയോ ചെയ്യാം. സേവനങ്ങൾക്കായി ഏജന്റുമാരെ ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം ചതിക്കുഴിയിൽപ്പെടാതിരിക്കാൻ  ജാഗ്രത പാലിക്കണമെന്ന്‌ മേയർ മുന്നറിയിപ്പുനൽകി.
 
പ്രതിപക്ഷത്തിന്‌ നിരാശ
കെട്ടിടനമ്പർ തട്ടിപ്പ്‌ കണ്ടെത്തിയത്‌ കോർപറേഷൻ ഭരണസമിതിയുടെ പഴുതടച്ച പരിശോധനയിൽ. ഒരുഘട്ടത്തിൽ പോലും പരിശോധനയുടെ വിവരങ്ങൾ ചോർന്നില്ല. തട്ടിപ്പ്‌ പിടിച്ചത്‌ മാധ്യമങ്ങളടക്കം അറിയുന്നത്‌ മേയർ ആര്യ രാജേന്ദ്രന്റെ വാർത്താസമ്മേളനത്തിന്‌ ശേഷം മാത്രമാണ്‌. മേയറുടെ നിർദേശത്തെ തുടർന്നായിരുന്നു അന്വേഷണവും. എന്നാൽ കോർപറേഷൻ തന്നെ തട്ടിപ്പ്‌ കണ്ടെത്തിയതിന്റെ വിഷമത്തിലാണ്‌ പ്രതിപക്ഷമായ ബിജെപിയും യുഡിഎഫും. രാഷ്ട്രീയ മുതലെടുപ്പിനുള്ള ‘സുവർണാവസരം’ നഷ്ടമായതിന്റെ സങ്കടത്തിലാണ്‌ ഇവർ. സംഭവത്തിൽ ഏതെങ്കിലും വിധത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ കഴിയുമോയെന്നയാണ്‌ ബിജെപി ജില്ലാ നേതൃത്വവും യുഡിഎഫും ഇപ്പോൾ ചിന്തിക്കുന്നത്‌.
കഴിഞ്ഞ വർഷം സോണൽ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ നടന്ന ക്രമക്കേടും ഭരണസമിതി കണ്ടൈത്തിയിരുന്നു. ഇതിനിടെ രാഷ്ട്രീയ നേട്ടം കൊയ്യാനും വ്യാജആരോപണങ്ങളും സമരവുമായി ബിജെപി രംഗത്തിറങ്ങി. എന്നാൽ ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ഭരണസമിതിക്കായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top