25 April Thursday

കടലിന്നഗാധമാം സ്നേഹവുമായി

എം വി പ്രദീപ്‌Updated: Saturday Apr 6, 2019
തിരുവനന്തപുരം
ചെറിയതുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലുള്ളവർ വെള്ളിയാഴ്‌ച രാവിലെ വലിയപാത്രങ്ങളിൽ കപ്പയും മീൻകറിയും വച്ച‌് കാത്തിരിക്കുകയായിരുന്നു. തീരദേശത്തിന്റെ മാനം കാക്കാനുള്ള തെരഞ്ഞെടുപ്പുപോരാട്ടം നയിക്കുന്ന പ്രിയപുത്രന‌് ഗംഭീര വരവേൽപ്പൊരുക്കാനായിരുന്നു ആ കാത്തിരിപ്പ‌്. അവനൊപ്പം എത്രപേർ വന്നാലും അവർക്കെല്ലാം വേണ്ടുവോളം കപ്പയും മീൻകറിയും ഒരുക്കിയിട്ടുണ്ട‌്. മത്സ്യത്തിന്റെ മണമടിച്ചാൽ ഓക്കാനമുണ്ടാകുന്നവരെ, മണ്ണിന്റ മണം തിരിച്ചറിയാൻ കഴിയാത്തവരെ പാർലമെന്റിലേക്ക‌് അയക്കില്ലെന്ന‌് നിശ‌്ചയിച്ചുറപ്പിച്ചിരിക്കുകയാണ‌് തീരദേശമാകെ. അവർക്കേറ്റ അപമാനത്തിന‌് പകരം ചോദിക്കാൻ എൽഡിഎഫ‌് സ്ഥാനാർഥി സി ദിവാകരനൊപ്പം മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാകെ ചേർന്നതിന‌് മറ്റൊരു കാരണവുമുണ്ട‌്. 
 
ചെറിയതുറ, വലിയതുറ, വെട്ടുകാട‌്, വേളി തുടങ്ങിയ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ പണ്ട‌് ഫുട‌്ബോൾ കളിച്ചുനടന്ന മണക്കാട‌ുകാരനായ ഒരു ബാലന‌് ഏറ്റവും ഇഷ്ടവിഭവം മീൻകറിയും കപ്പയുമായിരുന്നു. മത്സ്യത്തൊഴിലാളി കൂരകളിൽനിന്ന‌് അമ്മമാർ വിളമ്പിക്കൊടുക്കുന്ന വ്യത്യസ‌്തങ്ങളായ മീൻവിഭവങ്ങൾ വയർ നിറയെ കഴിച്ച‌് കൂട്ടുകാർക്കൊപ്പം അവൻ ഫുട‌്ബോളുമായി കളിക്കളത്തിലേക്ക‌് നടക്കും. തീരക്കാറ്റും തിരയടിയും ഫുട‌്ബോൾ ആരവവുമെല്ലാം ചേരുമ്പോൾ ആഹ്ലാദത്തിന്റെ ബഹളമായിരിക്കും സായാഹ‌്ന തീരങ്ങളിൽ... അവന‌് ഒരിക്കലും മത്സ്യഗന്ധം ഓക്കാനമുണ്ടാക്കിയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും വേലിയേറ്റവും വേലിയിറക്കവും കണ്ടു വളർന്നവനാണ‌്.  മത്സ്യത്തൊഴിലാളി കൂരകളിലെ അച്ഛനമ്മമാരും മക്കളും അവന്റെ പ്രിയപ്പെട്ടവരുമാണ‌്. മത്സ്യഗന്ധം അവന‌് മണ്ണിന്റെ മണംപോലെ ജീവഗന്ധംകൂടിയാണ‌്. 
 
ആ ബാലൻ സി ദിവാകരൻ എന്ന രാഷ്ട്രീയനേതാവും എംഎൽഎയും മന്ത്രിയുമൊക്കെയായി വളർന്നിട്ടും പിന്നിട്ട വഴികൾ മറന്നില്ല. നേരും നെറിയും മത്സ്യത്തൊഴിലാളികളും എന്നും ദിവാകരന്റെ കൂടപ്പിറപ്പുകളായിരുന്നു. കടലിന്റെ മക്കൾക്ക‌് ഒരു പ്രശ‌്നം വരുമ്പോൾ ഏത‌് പാതിരാത്രിയിലും അവർക്ക‌്  ആശ്രയമായി ദിവാകരനുണ്ട‌്. പൊലീസ‌് കേസായാലും ആശുപത്രിക്കാര്യമായാലും തുറകളിലെ  ജീവൽ പ്രശ‌്നങ്ങളിലെല്ലാം ഇടപെട്ടാണ‌് സി ദിവാകരൻ വളർന്നത‌്.  വെള്ളിയാഴ്‌ച രാവിലെ ആരംഭിച്ച സി ദിവാകരന്റെ പര്യടനം പതിനൊന്നോടെ ചെറിയതുറയിലെത്തി. വെടിക്കെട്ട‌് ശബ്ദം അടങ്ങിയപ്പോൾ ഹാരാർപ്പണത്തിനുള്ള അനൗൺസ‌്മെന്റ‌്. സാധാരണക്കാരുടെ പ്രിയമത്സ്യമായ മത്തികൊണ്ട‌് ഹാരമൊരുക്കിയാണ‌് ദിവാകരനെ വരവേറ്റത‌്. പിന്നാലെ എല്ലാവർക്കും വയർ നിറയെ കപ്പയും മീൻകറിയും. മിക്കവരെയും പേരെടുത്ത‌് വിളിച്ചാണ‌് പ്രസംഗം. അവരിൽ സി ദിവാകരന്റെ കളിക്കൂട്ടുകാരുണ്ട‌്. പണ്ട‌് ഭക്ഷണംനൽകിയ അമ്മമാരുണ്ട‌്. അധ്യാപകൻകൂടിയായ ദിവാകരന്റെ ശിഷ്യൻമാരുണ്ട‌്. പ്രദേശത്തോടുതനിക്കുള്ള ആത‌്മബന്ധം സൂചിപ്പിച്ച‌് എളിയ വാക്കുകളിൽ വോട്ടഭ്യർഥന. 
 
തിരുവനന്തപുരം പാർലമെന്റ‌് മണ്ഡലത്തിന്റെ തീരദേശങ്ങളിലെ സ്വീകരണകേന്ദ്രങ്ങളിലെല്ലാം സമാനതകളില്ലാത്ത വരവേൽപ്പായിരുന്നു നാട്ടുകാരനായ ദിവാകരന‌് ലഭിച്ചത‌്. രാവിലെ വേളി മാധവപുരത്തുനിന്നായിരുന്നു പര്യടന തുടക്കം. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ‌്ഘാടനം ചെയ‌്തു. അശ്വനികുമാർ അധ്യക്ഷനായി. എൽഡിഎഫ‌് നേതാക്കളായ കെ പ്രകാശ‌്ബാബു. അഡ്വ. എ എ റഷീദ‌്, അഡ്വ. എസ‌് എ സുന്ദർ, സി ലെനിൻ, ഷീല റൊസാരിയോ തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ സ്വാഗതം പറഞ്ഞു. 
തുടർന്ന‌് കൊച്ചുവേളി, വെട്ടുകാട‌്, കണ്ണാന്തുറ, ശംഖുംമുഖം, തോപ്പ‌്, ഡൊമസ‌്റ്റിക‌് എയർപോർട്ട‌്, സുലൈമാൻ തെരുവ‌്, ചീലാന്തിമുക്ക‌് എന്നിവിടങ്ങളിലെല്ലാം വൻ വരവേൽപ്പായിരുന്നു. കടലുപോലും കടലിന്റെ മക്കൾക്ക‌് അന്യമാക്കി മത്സ്യസമ്പത്ത‌് വിദേശകുത്തകകൾക്ക‌് അടിയറവയ‌്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ദുർനയങ്ങൾക്കും അവയ‌്ക്ക‌് ഒത്താശക്കാരായി നിൽക്കുന്ന കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയുമായിരുന്നു പര്യടനം. മത്സ്യത്തൊഴിലാളികളെ അപമാനിച്ച ജനപ്രതിനിധിയെ കെട്ടുകെട്ടിക്കാനുള്ള തെരഞ്ഞെടുപ്പ‌് പോരാട്ടത്തിന്റെ രാഷ്ട്രീയപ്രാധാന്യം പൈലറ്റ‌് വാഹനങ്ങളിലെ പ്രാസംഗികർ വിശദീകരിക്കുമ്പോൾ കരഘോഷങ്ങളോടെയാണ‌് തീരജനത എതിരേറ്റത‌്. കുഴിവിളാകം, വലിയതുറ, വേളാങ്കണ്ണി, ബീമാപള്ളി എന്നിവിടങ്ങളിലും സ‌്ത്രീകളും കുട്ടികളും മത്സ്യബന്ധനത്തൊഴിലാളികളും സി ദിവാകരനെ വരവേൽക്കാൻ ഒന്നായെത്തി. ചേരീയാമുട്ടം, പൂന്തുറ, മാണിക്കവിളാകം, ആസാദ‌് നഗർ, പി ഡി നഗർ, പൊന്നറകോളനി, കല്ലുമുക്ക‌്, വള്ളക്കടവ‌് എന്നിവിടങ്ങളിൽ കേരളത്തിന്റെ രക്ഷാസൈനികരായ മത്സ്യത്തൊഴിലാളി യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ ചെങ്കൊടികളേന്തി തുറന്ന പര്യടനവാഹനത്തെ അനുഗമിച്ചു.  
 
സംസ്ഥാന സർക്കാർ തീരദേശങ്ങളിൽ നടപ്പാക്കിയതും നടപ്പാക്കുന്നതുമായ വികസനപദ്ധതികളും ഇടതുപക്ഷമുന്നേറ്റത്തിന‌് തീരദേശങ്ങളിൽ ഊർജം പകർന്നു. വൈകിട്ട‌് വയ്യാമൂല, ചാക്ക, പേട്ട, കബറിടി ജങ‌്ഷൻ, പുന്നപുരം, ശ്രീകണ‌്ഠേശ്വരം, വഞ്ചിയൂർ, പുത്തൻ റോഡ‌് എന്നീ നഗരഹൃദയഭാഗങ്ങളും ഊഷ‌്മള വരവേൽപ്പുനൽകി. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുടെ പ്രതിനിധികൾ ഹാരാർപ്പണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഡോ. സി ഉദയകല, രാഖി രവികുമാർ, ജെ അരുൺ ബാബു, രാഹുൽരാജ‌് എന്നിവർ സംസാരിച്ചു. രാത്രി ചിറക്കുളത്തായിരുന്നു സമാപനം. സമാപനത്തിൽ മന്ത്രി കെ രാജുവും സംസാരിച്ചു.
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top