20 April Saturday

കുതിക്കും കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കുണ്ടറ സിറാമിക്സ്

 കൊല്ലം

ജില്ലയിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനക്കുതിപ്പിന്‌ വഴിയൊരുക്കി സംസ്ഥാന ബജറ്റ്‌. യുനൈറ്റഡ് ഇലക്‌ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്(മീറ്റർ കമ്പനി) 3.50 കോടി രൂപയും കുണ്ടറയിലെ കേരള സിറാമിക്സ് ലിമിറ്റഡിന് നാലുകോടി രൂപയും വകയിരുത്തി. കെൽ കുണ്ടറ യൂണിറ്റിനും ബജറ്റ് സഹായം ലഭിച്ചു. വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് റിയാബ് വഴി നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ തുക വകയിരുത്തിയത്.
മുന്നേറാൻ മീറ്റർ കമ്പനി
മീറ്റർ കമ്പനിക്ക് വകയിരുത്തിയ 3.50 കോടി രൂപ സർക്കാരിനു സമർപ്പിച്ച മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കാണ്  ചെലവഴിക്കുക. ബിഎൽഡിസി മോട്ടോർ ഫാൻ, ലിഥിയം അയോൺ ബാറ്ററി പായ്ക്ക് അസംബ്ലിങ്, സിഎൻസി യന്ത്രം സ്ഥാപിക്കുന്നത്‌ ഉൾപ്പെടെ നിലവിലെ പ്ലാന്റിന്റെയും മെഷീനറികളുടെയും നവീകരണം എന്നിവയാണ് നടപ്പാക്കുക. 
നിലവിൽ കമ്പനിയിൽ ഇൻഡസ്‌ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ നിർമാണത്തിന് 28.15 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ നിർമാണച്ചുമതല കിൻഫ്രയ്ക്ക് നൽകി ഉത്തരവായി. കൊല്ലത്തെ കേരളത്തിന്റെ ഇലക്‌ടോണിക്‌സ്‌ ഹബ്ബാക്കി മാറ്റുന്ന പദ്ധതിയിൽ 90,000 ചതുരശ്രഅടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. സംരംഭകർക്ക്‌ കെട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യം സർക്കാർ ഇവിടെ ഒരുക്കും. നാലായിരത്തോളം പേർക്ക്‌ തൊഴിലവസരവും. ഇതിനു പുറമെയാണ് രണ്ടാം​ഘട്ട മാസ്റ്റർപ്ലാൻ നടപ്പാക്കുന്നത്.
സിറാമിക്സിന് 4 കോടി
കുണ്ടറയിലെ കേരള സിറാമിക്സ് ലിമിറ്റഡിന് മൂല്യവർധിത ഉൽപ്പന്നം നിർമിക്കുന്നതിന്‌ ഉൾപ്പെടെയാണ് നാലുകോടി രൂപ വകയിരുത്തിയത്. പെയിന്റ് ​ഗ്രേഡ് പൗഡർ നിർമാണപ്ലാന്റ് സ്ഥാപിക്കൽ, ശേഷി വിപുലീകരണ പദ്ധതി എന്നിവയാണ് നടപ്പാക്കുക. സിറാമിക്‌സ്‌ 2018–--19 സാമ്പത്തിക വർഷം മുതലാണ്‌ പ്രവർത്തന ലാഭത്തിലെത്തിയത്‌. സംസ്ഥാന സർക്കാർ ആദ്യം 17 കോടി രൂപയും രണ്ടാംഘട്ട നവീകരണത്തിന് 4.5 കോടി രൂപയും നൽകിയിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഉൽപ്പാദനവും അറ്റാദായവും വൻതോതിൽ വർധിപ്പിക്കാനുള്ള മാസ്റ്റർപ്ലാൻ കമ്പനിയിൽ നടപ്പാക്കും.
കെൽ കുണ്ടറ 
യൂണിറ്റിന് നേട്ടം
കെൽ കുണ്ടറ, കൊച്ചിയിലെ മാമല യൂണിറ്റുകൾക്കായി 11 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നവീകരണം, വിപുലീകരണം, ഇലക്‌ട്രിക് വാഹനങ്ങൾക്കുള്ള ഇലക്‌ട്രിക്‌ മോട്ടോറുകളുടെ നിർമാണം തുടങ്ങിയവയാണ്‌ കുണ്ടറ യൂണിറ്റിൽ നടപ്പാക്കുക. ലോക്കോ മോട്ടീവുകൾക്കുള്ള ട്രാക്‌ഷൻ മോട്ടോർ, ട്രാക്‌ഷൻ ട്രാൻസ്ഫോർമർ നിർമാണം എന്നിവയും പദ്ധതിയിലുണ്ട്‌.
 
ശബരി റെയിൽപ്പാത: എൽഡിഎഫ്‌ സർക്കാരിന്‌ അഭിനന്ദനം
കൊല്ലം
ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തിയ എൽഡിഎഫ്‌ സർക്കാരിനെ തിരുവിതാംകൂർ ദേവസ്വം ദേശിയ പ്രചാരസഭ സംസ്ഥാന സെക്രട്ടറിയറ്റ് അഭിനന്ദിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന അങ്കമാലി –-എരുമേലി ശബരി റെയിൽപ്പാതക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിച്ച്‌ നിർമാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പുകൊടുത്തിരുന്നു. ഇത്തരത്തിൽ നിരന്തരം സമ്മർദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി യാഥാർഥ്യമാകാൻ പോകുന്നത്. ചെറുവള്ളിയിൽ ശബരിമല വിമാനത്താവളത്തിനുള്ള നടപടികളും സർക്കാർ തുടങ്ങിക്കഴിഞ്ഞു. 2023ലെ ബജറ്റിൽ ശബരിമല മാസ്റ്റർപ്ലാൻ പദ്ധതികൾക്ക് 30കോടി രൂപ അനുവദിച്ചു. ശബരിമലയുടെ സമഗ്രവികസനത്തിന് കരുത്തുപകരുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന്‌ ദേശിയ പ്രചാരസഭ ചെയർമാൻ ആർ ഷാജിശർമ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top