19 April Friday

സിറ്റി ഗ്യാസ്‌ കണ്ണൂർ നഗരത്തിലേക്കും: പൈപ്പിടൽ ഉടൻ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കണ്ണൂർ
ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാർഹിക കണക്ഷനുള്ള പൈപ്പിടൽ കണ്ണൂർ നഗരത്തിലേക്കും. കണ്ണൂർ കോർപറേഷനിലെ എട്ടുവാർഡുകളിൽ പൈപ്പിടൽ ഈ മാസം അവസാനത്തോടെ ആരംഭിക്കും. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി. 
 കോർപറേഷൻ പരിധിയിൽ എട്ടായിരം വീടുകളിലേക്കുള്ള പൈപ്പിടലാണ്‌ ആദ്യഘട്ടത്തിൽ. കൂടാളിയിലെ സബ്‌സ്‌റ്റേഷനു സമീപത്തെ എട്ടുവാർഡുകളാണ്‌ ആദ്യഘട്ടത്തിൽ ഉൾപ്പെടുക. ഇവയ്‌ക്കുള്ള സർവേ പൂർത്തിയായി. പൈപ്പിടുന്നതിനുള്ള അനുമതി ഈയാഴ്‌ചയോടെ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ. അനുമതി ലഭിച്ചയുടൻ പ്രവൃത്തി തുടങ്ങുമെന്ന്‌ അധികൃതർ വ്യക്തമാക്കി. 
 കൂടാളി പഞ്ചായത്തിലെ 210 വീടുകളിൽ സിറ്റി ഗ്യാസ്‌ കണക്‌ഷൻ ഇതിനകം ലഭ്യമായി. കഴിഞ്ഞ നവംബർ ഒന്നിനാണ്‌ ജില്ലയിലെ വീടുകളിൽ സിറ്റി ഗ്യാസ്‌ എത്തിയത്‌. 460 പേരാണ്‌  ഇവിടെ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ 350 വീടുകളിലേക്കുള്ള പ്ലംബിങ്‌ പ്രവൃത്തികൾ പൂർത്തിയായി. മാർച്ച്‌ ആദ്യവാരത്തോടെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ വീടുകളിലും കണക്‌ഷൻ ലഭിക്കും. 
 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷൻ കൂടാളിയിലാണ്.  സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പുകൾ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ്‌ പദ്ധതിയിൽ വീടുകളിൽ പാചകവാതകം എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിന്‌ നിശ്ചിത തുക അടയ്‌ക്കണം. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനേക്കാൾ 20 ശതമാനത്തോളം വിലക്കുറവിലാണ്‌ പാചകവാതകം ലഭിക്കുക. ഉപയോഗത്തിനനുസരിച്ചാണ്‌ മാസം പണം അടയ്‌ക്കേണ്ടത്‌. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകർഷണം.  
ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേർന്നാണ്‌  പദ്ധതി. പൈപ്പ്‌ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും. വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള അഞ്ച്‌ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളും ജില്ലയിലുണ്ട്‌. കണ്ണൂർ സെൻട്രൽ ജയിൽ, മട്ടന്നൂർ, പറശ്ശിനിക്കടവ്‌, പരിയാരം, കൂത്തുപറമ്പ്‌  എന്നിവിടങ്ങളിലാണിത്‌.  പയ്യന്നൂർ, കമ്പിൽ എന്നിവിടങ്ങളിൽ ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകും.  തലശേരി, തളിപ്പറമ്പ്‌, മാഹി എന്നിവിടങ്ങളിൽ സ്‌റ്റേഷനുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top