26 April Friday

മുഖഛായ മാറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കാലിക്കടവിലെ ദേശീയപാത നിർമാണ പ്രവൃത്തി

 കാസർകോട്‌

ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുമ്പോൾ നീലേശ്വരം തളിപ്പറമ്പ്‌ റീച്ചിൽ  പുതുതായി നിർമിക്കുന്നത്‌  രണ്ട്‌ മേൽപ്പാലം, അഞ്ച്‌ ആകാശപാത, മൂന്നുവലിയ പാലം, എട്ട്‌ ചെറുപാലം, 22 അടിപ്പാതകൾ.  പിലാത്തറ കെഎസ്‌ടിപി  റോഡ്‌ ജങ്ഷൻ, പരിയാരം മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിലെ  ആറുവരി മേൽപ്പാല  പ്രവൃത്തി പകുതിയിലധികം പൂർത്തിയായി. തളിപ്പറമ്പ്‌ ബൈപ്പാസിലുള്ള അഞ്ച്‌ ആകാശപാതകളുടെ പ്രവൃത്തിയും നടക്കുന്നു. കാര്യങ്കോട്‌ (11 ശതമാനം), പയ്യന്നൂർ പെരുമ്പ (12 ), തളിപ്പറമ്പ കുപ്പം (10) വലിയപലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. മയ്യിച്ചയടക്കം  അടക്കം എട്ട്‌ ചെറുപാലങ്ങളുടെ പ്രവൃത്തി തുടങ്ങി.  
             
സർവീസ്‌ റോഡുകൾ ഒരുങ്ങുന്നു
കണ്ണൂർ – കാസർകോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന റീച്ചിൽ  പ്രവൃത്തി 16 ശതമാനം  പൂർത്തിയായി. ആറുവരി പാത  ടാറിങ് 2.50 കിലോമീറ്റർ കഴിഞ്ഞു. 3.18 കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി. 12.76 കിലോ മീറ്റർ തുടർ പ്രവൃത്തികൾക്കായി ഒരുങ്ങി. സർവീസ്‌ റോഡ്‌ ഇരുഭാഗത്തുമായി 15.21 കിലോമീറ്റർ ടാർ ചെയ്‌തു.  21.49 കിലോ മീറ്റർ ടാറിങ്ങിന്‌ സജ്ജമായി. 23.82 കിലോമീറ്റർ തുടർപ്രവൃത്തിക്കായി ഒരുങ്ങി. ഓവുചാലുകൾ 14 കിലോമീറ്റർ പൂർത്തിയായി. സുരക്ഷാഭിത്തി നിർമാണം 2.5 കിലോമീറ്ററായി. 
 
  9 പുതിയ അടിപ്പാതകൾ
കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ കൂടുതൽ അടിപ്പാതകളുള്ളത്‌ ഈ റീച്ചിലാണ്‌,  22. ഒമ്പതിടങ്ങളിൽ പുതുതായി അടിപ്പാത അനുവദിച്ചു. ചെറുവത്തൂർ, പിലിക്കോട്‌ തോട്ടം, കാലിക്കടവ്‌,  കോത്തായിമുക്ക്‌, എടാട്ട്‌, പിലാത്തറ അടിപ്പാതകൾ വലിയ വാഹനങ്ങൾക്കുള്ളതാണ്‌. -കൊടക്കാട്‌ ജങ്‌ഷൻ,  കരിവെള്ളൂർ, ഓണക്കുന്ന്‌, വെള്ളൂർ, ഏഴിലോട്‌, വിളയാങ്കോട്‌, പരിയാരം ആയുർവേദ ആശുപത്രി ജങ്‌ഷൻ എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്കുള്ള അടിപ്പാതകളുണ്ട്‌. മിക്കവയുടെയും പ്രവൃത്തി പുരോഗമിക്കുന്നു. പുതിയതായി അനുവദിച്ചത്‌ മയ്യിച്ച, കൊവ്വൽ, പിലിക്കോട്‌, കോറോം ക്രോസ്‌റോഡ്‌, കാനായി ക്രോസ്‌റോഡ്‌, ഇക്കൊ പാർക്ക്‌, പയ്യന്നൂർ കോളേജ്‌,  കോരൻപീടിക, കുപ്പം എന്നിവിടങ്ങളിൽ.
  
2 ഏക്കർ വിട്ടുനൽകി പഞ്ചായത്ത്
കാലിക്കടവിൽ  പിലിക്കോട് പഞ്ചായത്ത്  കെട്ടിടവും  കൃഷിഭവനും അങ്കണവാടി കെട്ടിടവും പൊളിച്ച് നൽകിയ രണ്ടേക്കറും രണ്ട് പ്രധാന വളവുകൾ ഒഴിവാക്കി സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഏറ്റടുത്താണ് നിർമാണം.  പഞ്ചായത്ത് മൈതാനിയുടെ വടക്കുഭാഗത്ത് കൂടിയാണ് പാത കടന്നുപോകുന്നത്. കാലിക്കടവിൽ  അടിപ്പാതയുടെ നിർമാണവും വേഗത്തിലാണ്‌. ഇരുഭാഗത്തും സർവീസ് റോഡും പൂർത്തിയായി. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി  സ്‌കൂളിന്‌ സമീപം തീക്കുഴിച്ചാലിൽ അടിപ്പാത വേണമെന്ന്‌  പഞ്ചായത്ത്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഞാണങ്കൈയിലെ വലിയ വളവ്‌ ഒഴിവാക്കി എടവടക്കം വയലിലൂടെ ചെറുവത്തൂർ കൊവ്വലിലെത്തുന്ന രീതിയിലാണ് പാത.  
 
നീലേശ്വരത്തും 
മേൽപ്പാലം  വേണം  
നീലേശ്വരത്ത് പടന്നക്കാട് കാർഷിക കോളേജ് വരെ ഇരുഭാഗങ്ങളിലും സർവീസ്‌ റോഡ്‌ നിർമ്മാണം പുരോഗമിക്കുന്നു.  മാർക്കറ്റ് ജങ്‌ഷനിൽ  മേൽപ്പാലം  വേണമെന്ന ആവശ്യവും ശക്തമാണ്‌. സർവകക്ഷിസംഘം മുഖ്യമന്ത്രിയെകണ്ട് നിവേദനം നൽകി. പള്ളിക്കര റെയിൽ മേൽപ്പാലത്തിന്റെ ഗർഡർ  സ്ഥാപിക്കൽ  പൂർത്തിയാക്കിയെങ്കിലും അനുബന്ധ പ്രവൃത്തി നിലച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top