തിരുവനന്തപുരം
കരിമഠം കോളനിയിലെ 41 കുടുംബത്തിന്റെ വീടുകളിലിനി തോരാമഴയിൽ അഴുക്കുവെള്ളം കയറില്ല, ചുവരുകൾ അടർന്ന് വീഴില്ല. കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ.
നിർമാണം പൂർത്തിയാക്കിയ 40 ഫ്ലാറ്റും മുൻഘട്ടത്തിലെ അലോട്ട്മെന്റിൽ അവശേഷിച്ച ഒരു ഫ്ലാറ്റും ചേർത്ത് 41 ഫ്ലാറ്റാണ് കൈമാറുന്നത്. കുടിവെള്ളം, വൈദ്യുതി, സീവേജ് കണക്‌ഷനുൾപ്പെടെ 4.45 കോടിയാണ് നിർമാണച്ചെലവ്. കരിമഠത്തെ കമ്യൂണിറ്റി ഹാളിനെ ട്രാൻസിറ്റ് അക്കോമഡേഷൻ കേന്ദ്രമാക്കി മാറ്റുന്നതിനും ഇതിൽനിന്ന് തുക വകയിരുത്തി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ബിഎസ് യുപി പദ്ധതി പ്രകാരം നിർമാണം ആരംഭിച്ചെങ്കിലും 2017ൽ പദ്ധതി അവസാനിച്ചതോടെയാണ് കോർപറേഷൻ നിർമാണം ഏറ്റെടുത്തത്. 360 ഫ്ലാറ്റ് ഇതോടെ നിർമാണം പൂർത്തീകരിച്ചു. ഡിപിആർ പ്രകാരം 560 വീട്, കമ്യൂണിറ്റി കെട്ടിടങ്ങൾ, അങ്കണവാടികൾ എന്നിവയടങ്ങിയ പദ്ധതിയാണ് കരിമഠത്ത് ആവിഷ്‌കരിക്കുന്നത്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡെവലപ്‌മെന്റിന് (കോസ്റ്റ്ഫോർഡ്) ആണ് നിർമാണ ചുമതല.
നാലുഘട്ടമായാണ് ഫ്ലാറ്റുകൾ നിർമിച്ചത്. ആദ്യഘട്ടത്തിൽ 80 വീടും രണ്ടാംഘട്ടത്തിൽ 60 വീടും മൂന്നാംഘട്ടത്തിൽ 180 വീടുംപൂർത്തികരിച്ചു. നാലാംഘട്ടത്തിന്റെ തുടക്കമായിട്ടാണ് 41 പേർക്ക് വീട് നൽകുന്നത്. ഇതിന്റെ തുടർച്ചയായി 162 വീടാണ് പൊളിക്കുന്നത്. പൊളിച്ചുമാറ്റുന്ന വീടുകളിലെ 25 കുടുംബങ്ങളെ താൽക്കാലികമായി കോർപറേഷന്റെ കമ്യൂണിറ്റി ഹാളിൽ താമസിപ്പിക്കും. ബാക്കിയുള്ളവർക്ക് വാടകയിനത്തിൽ 2000 രൂപ നൽകും.
ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ 20 കുടുംബത്തെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ രണ്ട് ഫ്ലാറ്റാണ് നിർമിച്ചത്. ലാറി ബേക്കർ രൂപകൽപ്പന ചെയ്ത ഭവനസമുച്ചയ മാതൃകയിലാണ് നിർമാണം. ഒരു ബ്ലോക്കിൽ, ഒന്നാം നിലയിൽ എട്ടും രണ്ടാംനിലയിൽ ആറും മൂന്നാംനിലയിൽ നാലും നാലാംനിലയിൽ രണ്ടും ഫ്ലാറ്റുമെന്നതാണ് മാതൃ-ക. ബെഡ്റൂം, ഹാൾ, അടുക്കള, ശുചിമുറ എന്നിവ 350 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് നിർമിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..