26 April Friday

അനുഭവം പറഞ്ഞ്‌ കോടിയേരി, അദ്ദേഹം യോദ്ധാവെന്ന്‌ തരൂർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

ഡോ: ബോബൻ തോമസ് രചിച്ച ‘അർബുദം അറിഞ്ഞതിനപ്പുറം’ പുസ്തകം ശശി തരൂർ എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകി പ്രകാശിപ്പിക്കുന്നു

തിരുവനന്തപുരം
താനൊരു അർബുദരോഗിയാണെന്ന്‌ പറയാൻ ഒരിക്കലും മടികാണിച്ചിട്ടില്ലെന്നും ചികിത്സിച്ച്‌ ഭേദമാക്കാനാകുമെന്ന ബോധ്യത്തോടെ രോഗത്തെ നേരിടുകയാണ്‌ ചെയ്തതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. 
പ്രമേഹചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ്‌ അർബുദസാധ്യത ഡോക്ടർ സൂചിപ്പിച്ചത്‌. തുടർന്ന്‌, കൂടുതൽ പരിശോധനകളിലൂടെ പാൻക്രിയാസിൽ രോഗം സ്ഥിരീകരിച്ചു. 
ശസ്‌ത്രക്രിയയിലൂടെ പാൻക്രിയാസിന്റെ ഒരു ഭാഗം മുറിച്ചുകളഞ്ഞു–-ചികിത്സാസമയത്തെ അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. ജില്ലാ ഓങ്കോളജി ക്ലബ്ബിന്റെ (ടിഒസി) പത്താം വാർഷികാഘോഷത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ചയും കീമോതെറാപ്പിക്ക് ശേഷമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ വാർഷികാഘോഷത്തിൽ പങ്കെടുത്തത്‌.  
കോടിയേരി ഒരു യോദ്ധാവാണെന്നും അർബുദത്തിനെതിരെ അദ്ദേഹം ശക്തനായി നിലകൊണ്ടുവെന്നും ശശി തരൂർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. അർബുദ അവബോധ, ചികിത്സാ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒമ്പത്‌ എൻജിഒയെ ചടങ്ങിൽ ആദരിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ചയും സംവാദങ്ങളും സംഘടിപ്പിച്ചു. ടിഒസി പ്രസിഡന്റ്‌ ഡോ. പി ജി ജയപ്രകാശ്, കാരിത്താസ്‌ ഹോസ്‌പിറ്റൽ ഡയറക്ടർ  ഡോ. ബിനു കുന്നത്ത്‌, ഐഎഎസ്‌ഒ സെക്രട്ടറി ഡോ. കെ ചന്ദ്രമോഹൻ, ടിഒസി സെക്രട്ടറി ഡോ. ബോബൻ തോമസ്‌, വിനോദിനി ബാലകൃഷ്‌ണൻ തുടങ്ങിയവരും പങ്കെടുത്തു. 
പുസ്തകം പ്രകാശിപ്പിച്ചു
ഡോ. ബോബൻ തോമസ്‌ രചിച്ച "അർബുദം അറിഞ്ഞതിനപ്പുറം' എന്ന പുസ്തകം ശശി തരൂർ എംപി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ നൽകി പ്രകാശിപ്പിച്ചു. സ്വന്തം അനുഭവങ്ങൾ ഉൾപ്പെടുത്തി ഡോ. ബോബൻ എഴുതിയ പുസ്തകം ബോധവൽക്കരണത്തിനുള്ള ഒരു മാധ്യമം കൂടിയാണെന്നും എല്ലാവരും വായിച്ചിരിക്കേണ്ടതാണെന്നും കോടിയേരി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top