20 April Saturday
ചരിത്രനേട്ടം

അവയവമാറ്റ ശസ്‌ത്രക്രിയ അഞ്ചരമണിക്കൂർ നീണ്ടു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

മസ്‌തിഷ്‌ക മരണം സംഭവിച്ച അഞ്ചരക്കണ്ടി ചെറിയവളപ്പിലെ ചേനാകുണ്ടത്തിൽ പി വനജയുടെ മൃതദേഹം കൊണ്ടുപോകുമ്പോൾ ജനറൽ ആശുപത്രിയിൽ നൽകിയ ആദരവ്‌

തലശേരി

അവയവമാറ്റ ശസ്‌ത്രക്രിയയിലൂടെ ചരിത്രം സൃഷ്‌ടിച്ച തലശേരി ജനറൽ ആശുപത്രിക്ക്‌ അഭിനന്ദന പ്രവാഹം. ആരോഗ്യമന്ത്രി വീണാ ജോർജ്‌ പ്രത്യേകം അഭിനന്ദിച്ചു. മസ്‌തിഷ്‌ക മരണം സംഭവിച്ച അഞ്ചരക്കണ്ടി ചെറിയവളപ്പിലെ ചേനാകുണ്ടത്തിൽ പി വനജയുടെ (54) അവയവങ്ങളാണ്‌ ദാനംചെയ്‌തത്‌. വെള്ളിയാഴ്‌ച രാത്രി 9.30നാണ്‌ വിദഗ്‌ധ സംഘം അവയവമാറ്റ ശസ്‌ത്രക്രിയ തുടങ്ങിയത്‌. അഞ്ചര മണിക്കൂർ നീണ്ടു. കരൾ കോഴിക്കോട്‌ ബേബി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും വൃക്ക കോഴിക്കോട്‌ മെഡിക്കൽ കോളേജിലെയും മിംസ്‌ ആശുപത്രിയിലെയും രണ്ടുപേർക്കും നൽകി. കണ്ണുകൾ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ രണ്ടുപേർക്ക്‌ വെളിച്ചമായി.   
കോഴിക്കോടുനിന്ന്‌ പ്രത്യേക മെഡിക്കൽ സംഘമെത്തിയാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. കടുത്ത രക്തസമ്മർദത്തെ തുടർന്നാണ്‌ മസ്‌തിഷ്‌ക മരണം സംഭവിച്ചത്‌. അവയവങ്ങൾ മാറ്റിവച്ച അഞ്ചുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. പി വനജയുടെ മൃതദേഹം ശനിയാഴ്‌ച രാവിലെയാണ്‌ വിട്ടുനൽകിയത്‌. നഗരസഭാ ചെയർമാൻ കെ എം ജമുനറാണി, ആശുപത്രി സൂപ്രണ്ട്‌  ആശാദേവി, ആർഎംഒ  വി എസ്‌ ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ വനജയുടെ മൃതദേഹം കൊണ്ടുപോകുമ്പോൾ പ്രത്യേക ആദരവ്‌ നൽകി. മെഡിക്കൽ കോളേജ്‌ ആശുപത്രികളിലും സ്വകാര്യ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും നടക്കുന്ന അവയവമാറ്റ ശസ്‌ത്രക്രിയ ഇതാദ്യമായാണ്‌ സംസ്ഥാനത്തെ ഗവ. ആശുപത്രിയിൽ നടന്നത്‌. നവീകരിച്ച ആധുനിക തിയറ്ററാണ്‌ ഈ നേട്ടം ജനറൽ ആശുപത്രിയിലെത്തിച്ചത്‌. 

വനജയുടെ 
കുടുംബത്തെ മന്ത്രി ആദരവറിയിച്ചു

തിരുവനന്തപുരം
കണ്ണൂർ തലശേരി ഗവ. ജനറൽ ആശുപത്രിയിൽ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയവളപ്പ് മധുവനത്തെ പി വനജയുടെ അവയവങ്ങൾ ദാനംചെയ്യാൻ തയ്യാറായ കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ആദരവറിയിച്ചു. മെഡിക്കൽ കോളേജുകൾക്ക് പുറമെ ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാനം. അവയവദാനത്തിന്‌ മുൻകൈയ്യെടുത്ത ജനറൽ ആശുപത്രി സൂപ്രണ്ട്  ആശാദേവിയെ മന്ത്രി അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top