18 April Thursday

നിർമാണത്തിലെ ഒപ്പിക്കൽ; എംജി റോഡ്‌ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കാസർകോട്‌ എംജി റോഡിൽ തിങ്കൾ രാവിലെയുണ്ടായ വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾ.

കാസർകോട്‌

നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടി നഗരത്തെ വെള്ളത്തിൽ മുക്കി. പുതിയ ബസ്‌ സ്‌റ്റാൻഡിനും ചന്ദ്രഗിരി ജങ്‌ഷനും ഇടയിലുള്ള എംജി റോഡിലാണ്‌ വലിയ വെള്ളക്കെട്ട്‌ രൂപപ്പെട്ടത്‌. ചെറിയ മഴപെയ്‌താൽപോലും വാഹനങ്ങൾക്ക്‌ റോഡിലൂടെയോ കാൽനടയാത്രക്കാർക്ക്‌ നടപ്പാതയിലൂടെയോ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്‌. ഒഴുകിയെത്തുന്ന വെള്ളം ഓവുചാലിലേക്ക്‌ പോകാനാവശ്യമായ സംവിധാനമൊരുക്കാത്തതാണ്‌ ഇപ്പോഴത്തെ വെള്ളക്കെട്ടിന്‌ കാരണം. റോഡിന്റെ ഇരുവശവും ഇന്റർലോക്ക്‌ ചെയ്യുന്നതിനൊപ്പം ഓവുചാൽ നവീകരണവും നടക്കുമ്പോൾ  പോരായ്‌മ "ദേശാഭിമാനി' ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യം അധികൃതർ പാടെ അവഗണിച്ചു. 
    തിങ്കൾ രാവിലെയുണ്ടായ മഴയത്ത്‌ റോഡരികിൽ നിർത്തിയിട്ട ബൈക്കും സമീപത്തെ ലോട്ടറി സ്‌റ്റാളും പകുതിയോളം വെള്ളത്തിൽ മുങ്ങി. നിലവിൽ ഓവുചാലുണ്ടെങ്കിലും നഗരത്തിൽതന്നെ അവസാനിക്കുന്ന സ്ഥിതിയാണുള്ളത്‌. അതിനാൽ ഒഴുകിയെത്തുന്ന വെള്ളം ഓവുചാലിന്‌ മുകളിലെ നടപ്പാതയും കടന്ന്‌ കടകളിലേക്കെത്തുന്ന സ്ഥിതിയുണ്ട്‌.
 അമെയ്‌ റോഡിന്‌ എതിർവശത്ത്‌ സമീപത്തെ പറമ്പിലേക്ക്‌ വെള്ളം ഒഴുകിപ്പോകുന്നതാണ്‌ ഏക ആശ്വാസം. പുതിയ ബസ്‌ സ്‌റ്റാൻഡ്‌, നഗരസഭാ ഓഫീസ്‌, ചന്ദ്രഗിരി, നായക്‌സ്‌ റോഡ്‌ തുടങ്ങി നാലുഭാഗത്തുനിന്നുമുള്ള വെള്ളം ഒഴുകിയെത്തുന്ന ഭാഗമായതിനാൽ റോഡ്‌ തോടുപോലെയാകാൻ ചെറിയ മഴ മതി. ഇത് കണക്കിലെടുക്കാതെ നടത്തിയ നിർമാണമാണ്‌ ജനങ്ങൾക്കും വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top