28 March Thursday

തളിർക്കുന്നു പ്രതീക്ഷയുടെ സ്‌മൃതിവനം

യു വിനയൻUpdated: Monday Jun 5, 2023

തവനൂര്‍ പ്രതീക്ഷാ ഭവനിലെ സ്മ-ൃതിവനം

 മലപ്പുറം

നാളെ ഇവിടമൊരു കാടാകും. ഈ അഭയകുടീരത്തിന്റെ മുറ്റത്ത്‌ അവ തണലുതീർക്കും. കിളികളും അണ്ണാറക്കണ്ണനും വിരുന്നെത്തും. പറന്നകലാൻ മടിച്ച്‌ കുളിർകാറ്റ്‌ അവിടമാകെ ചുറ്റിത്തിരിയും. അരുമയായ്‌ നട്ട തൈ വളരുന്നതുംനോക്കി അവരെന്നും അവിടെയെത്തുന്നുണ്ട്‌. വെള്ളം നനച്ചും പുല്ലുനീക്കിയും അവയെ കാത്തുസൂക്ഷിക്കുന്നുണ്ട്‌. ഇന്ന്‌ ആ കുഞ്ഞു തൈകൾക്ക്‌ ഒരു വയസു തികയും. അതിന്റെ സന്തോഷമാണ്‌ ആ മുറ്റത്തിന്ന്‌. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ്‌ തവനൂർ പ്രതീക്ഷാഭവന്റെ മുറ്റത്ത്‌ അവ വിരുന്നെത്തിയത്‌. ഒന്നും രണ്ടുമല്ല, 200 തളിരിളം തൈകൾ. പ്രതീക്ഷാഭവൻ മുറ്റത്തെ 15 സെന്റിൽ അവർ അവയ്‌ക്ക്‌ പാർപ്പിടമൊരുക്കി. ഇടശ്ശേരി ഗോവിന്ദൻ നായർ സ്‌മാരക സ്‌മൃതിവനമെന്ന്‌ പേരുനൽകി. തൈ നടാൻ മന്ത്രി വി അബ്‌ദുറഹ്‌മാനും ഇടശ്ശേരിയുടെ മക്കളുമെല്ലാം എത്തിയിരുന്നു.
മാവും പ്ലാവുംമുതൽ ഫലവൃക്ഷങ്ങൾ, അറുപതോളം ഔഷധങ്ങൾ... ആ കുഞ്ഞുകാട്ടിലിന്നവ ആരോഗ്യത്തോടെ വളരുന്നു. നട്ടനാൾമുതൽ അവയുടെ പരിപാലനം പ്രതീക്ഷാഭവനിലെ അന്തേവാസികൾ ഏറ്റെടുത്തു. രാവിലെയും വൈകിട്ടും അവരവിടെയെത്തി വനപരിപാലനം നടത്തുന്നു. ഇന്നതവർക്ക്‌ ജീവിതത്തിന്റെ ഭാഗമാണ്‌. മതിൽക്കെട്ടിനുള്ളിൽ അവർക്കേറ്റം ഇഷ്‌ടമുള്ളിടമായി അതു മാറിക്കഴിഞ്ഞു. 
അയ്യപ്പാല, അശോകം, ആര്യവേപ്പ്‌, ഓരില, കരിങ്ങാലി, ഗരുഡക്കൊടി, കുമിഴ്‌, മുറികൂട്ടി തുടങ്ങി ഔഷധങ്ങളേറെയുണ്ടവിടെ. പലതും പരീക്ഷണാടിസ്ഥാനത്തിലാണ്‌ നട്ടത്‌. പരിപാലനം ഗംഭീരമായതോടെ വളർച്ചയും ഉഷാറായി. സ്‌മൃതിവനത്തിന്‌ സമീപം നവരകൃഷിയും നടത്തിയിരുന്നു. ഇത്‌ വിളവെടുപ്പ്‌ കഴിഞ്ഞതോടെ പയറുകൃഷിക്കുള്ള ഒരുക്കങ്ങളാണ്‌. സാമൂഹ്യ നീതി വകുപ്പിന്‌ കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ 98 പേരാണുള്ളത്‌. 
ഇത്തവണ 
നിളയോരത്ത്‌
ഈ പരിസ്ഥിതിദിനത്തിൽ നിളയോരത്ത്‌ തൈ നടാൻ പ്രതീക്ഷാഭവനിലെ അന്തേവാസികളെത്തും. നിളാ തീരത്ത്‌ 50 ഞാവൽ തൈകൾ നട്ടുപിടിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സൂപ്രണ്ട്‌ സിദ്ദീഖ്‌ ചുണ്ടക്കാടൻ പറഞ്ഞു. മധുരം നിളയോരം എന്ന പേരിലാണ്‌ പരിപാടി. ചേമ്പിക്കൽ ഭാഗത്ത്‌ തള്ളിയ മാലിന്യവും കാടും നീക്കും. പ്രതീക്ഷാഭവനിൽ 20 തെങ്ങിൻതൈകളും നട്ടുപിടിപ്പിക്കും. ജീവനക്കാർതന്നെയാണ്‌ തൈ സ്‌പോൺസർ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top