26 April Friday
11 മണ്ഡലങ്ങളിൽ കെ ഫോൺ ഉദ്‌ഘാടനം ഇന്ന്‌

ഫുൾ റേഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കൊല്ലം

എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ പദ്ധതി ഉദ്‌ഘാടനം ജില്ലയിൽ പതിനൊന്ന്‌ മണ്ഡലങ്ങളിലും തിങ്കളാഴ്‌ച നടക്കും. കൊട്ടാരക്കര മണ്ഡലത്തിൽ മന്ത്രി കെ എൻ ബാലഗോപാലും ചടയമംഗലത്ത്‌ മന്ത്രി ജെ ചിഞ്ചുറാണിയും മറ്റിടങ്ങളിൽ അതത്‌ എംഎൽഎമാരും ഉദ്‌ഘാടനംചെയ്യും. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായാണ്‌ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കു പുറമേ വീടുകളിലും സ്‌കൂളുകളിലും കെ ഫോൺ ലഭ്യമാകുന്നത്‌. ബിപിഎൽ വിഭാഗത്തിലെ 76 വീട്ടിലാണ് ആദ്യഘട്ടം സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ. കെഎസ്‌ഇബിയും കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ കെഎസ്‌ഇബി സബ്‌ സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. സർക്കാർ –- അർധ സർക്കാർ സ്ഥാപനങ്ങൾക്കും പിന്നോക്ക മേഖലകളിലെ 20ലക്ഷം കുടുംബങ്ങൾക്കും സൗജന്യ അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും സേവനം ലഭിക്കും.
ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിലെ നൂറുപേർക്ക് വീതം 1100 കണക്‌ഷനാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്‌. ഇതുവരെ 877 കുടുംബങ്ങൾ കണക്‌ഷന്‌ അർഹത നേടിയ പട്ടികയിലുണ്ട്‌. ചടയമംഗലം –- 127, ചാത്തന്നൂർ –- 120, ചവറ–- 75, ഇരവിപുരം–- 15, കരുനാഗപ്പള്ളി –-105, കൊല്ലം –-32, കൊട്ടാരക്കര–-100, കുണ്ടറ – -96, കുന്നത്തൂർ –- 107, പുനലൂർ –-100 എന്നിങ്ങനെയാണ്‌ തെരഞ്ഞെടുത്തവരുടെ എണ്ണം. 
ജില്ലയിൽ കെ ഫോണുമായി ബന്ധിപ്പിക്കേണ്ട 2065 ഓഫീസിൽ 1899 എണ്ണത്തിനും കണക്‌ഷൻ നൽകിക്കഴിഞ്ഞു. 1413 ഓഫീസ്‌ കൂടി കെ ഫോൺ പരിധിയിലാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു. ജില്ലയിൽ 609 സ്‌കൂളിൽ സേവനം ലഭ്യമായി. കേബിളുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ 756 സ്‌കൂളിൽ 609 എണ്ണത്തിന്‌ കണക്‌ഷൻ നൽകി. 796 സ്‌കൂളാണ്‌ ആദ്യഘട്ടം കെ ഫോൺ കണക്‌ഷന്‌ അർഹത നേടിയിട്ടുള്ളത്‌. അടുത്ത ഘട്ടത്തിൽ 579 സ്‌കൂളിന്‌ കണക്‌ഷൻ നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു. കെഎസ്ഇബിയുടെ ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുള്ള ഒപ്‌റ്റിക്കൽ​ ഗ്രൗണ്ട് വയർ സ്ഥാപിക്കൽ 100 ശതമാനം പൂർത്തിയായി. ജില്ലയിൽ ആകെ സ്ഥാപിക്കേണ്ട 188.58 കിലോമീറ്ററും പൂർത്തിയായി. വൈദ്യുതി തൂണുകളിലൂടെയുള്ള എഡിഎസ്എസ് ഒഎഫ്സി കേബിളുകൾ 94ശതമാനവും സ്ഥാപിച്ചു. 2006.9  കിലോമീറ്ററിൽ 1885.3 കിലോമീറ്റർ സ്ഥാപിച്ചുകഴിഞ്ഞു. 26 പോപുകളിൽ (പോയിന്റ് ഓഫ് പ്രസൻസ്) 25 പൂ‍ർത്തിയായി. കെ ഫോണിന്റെ ജില്ലയിലെ പ്രധാന കണക്‌ഷൻ കേന്ദ്രം (കോർ പോപ്‌) കെഎസ്‌ഇബി കുണ്ടറ 220 കെവി സബ് ‌സ്റ്റേഷനാണ്‌. അമ്പലപ്പുറം, അഞ്ചൽ, ആയൂർ, ചെങ്ങമനാട്‌, ഇടമൺ, പാരിപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലാണ്‌ അഗ്രിഗേഷൻ പോപ്‌‌. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക്‌ (പ്രീ അഗ്രിഗേഷൻ) കണക്‌ഷൻ നൽകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top