26 April Friday

ഫൈസലിന്റെ വീടിന് ‘കാനനച്ചോല’

സുരേഷ്‌ വെട്ടുകാട്ട്‌Updated: Monday Jun 5, 2023

ഫൈസൽ വീടിനോട് ചേർന്നുള്ള പറമ്പിൽ

കരുനാഗപ്പള്ളി
വീടിനോട് ചേർന്ന് രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് 1400ൽ അധികം അപൂർവ സസ്യജാലങ്ങൾ. അതിന് നടുവിൽ ജീവിക്കുകയാണ് തൊടിയൂർ പുലിയൂർവഞ്ചി വടക്ക് പുള്ളിയിൽ വീട്ടിൽ മുനിസിപ്പൽ സെക്രട്ടറിയായ ഫൈസൽ. ഉത്തരവാദിത്വവും തിരക്കേറിയതുമായ ജോലിസമയം കഴിഞ്ഞാൽ എല്ലാ സമയവും വീടിനു ചുറ്റുമുള്ള ഈ ചെറിയ വനത്തിനുള്ളിലാണ് ഫൈസൽ. ചെടികളെ ഓരോന്നിനെയും പ്രത്യേകം പരിപാലിച്ചും അവയ്ക്ക് ആവശ്യമായ വളവും മറ്റു പരിചരണങ്ങളും നൽകിയും എപ്പോഴും ഒപ്പമുണ്ടാകും. എണ്ണിയാലും കണ്ടാലും തീരാത്തത്ര വ്യത്യസ്ത ഇനങ്ങളാണ് ഈ ചെറുവനത്തിനുള്ളിൽ ഉള്ളത്. ഇരുപത്തിയാറിനം മുളകൾ ഉൾപ്പെട്ട മുളങ്കാട്, ആനമുളയും കറുത്ത മുളയും മധുരമുളയും ഉൾപ്പെടെ ഇതിൽപ്പെടും. ഇരുപത്തിയാറിനം തുളസി ഉൾപ്പെടുന്ന തുളസി വനം, ഇതൊക്കെ കൂടാതെ അപൂർവങ്ങളായ ഔഷധസസ്യങ്ങളുടെ ശേഖരം കൂടിയുണ്ട്‌. മുസ്ലിം സമുദായത്തിൽനിന്നും ആദ്യമായി ആയുർവേദ ബിരുദം നേടിയ തന്റെ മുത്തച്ഛൻ ബാവാകുഞ്ഞ് ലബ്ബയിൽനിന്നും ലഭിച്ചതാണ് അപൂർവയിനം ഔഷധസസ്യങ്ങളുടെ ശേഖരണവും സംരക്ഷണവും എന്ന ആശയമെന്ന് ഫൈസൽ പറയുന്നു. 
കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും പരിസ്ഥിതി പ്രവർത്തകനായ വി കെ മധുസൂദനനും അപൂർവമായ ഒട്ടേറെ സസ്യങ്ങൾ തനിക്ക് എത്തിച്ചു സഹായിച്ചതായും ഇദ്ദേഹം പറഞ്ഞു. രാത്രിയിൽ കത്തുന്ന ഇലകളുള്ള പാണ്ഡവ ടോർച്ച്, ആനയെ മയക്കുന്ന എലിഫന്റ്‌ ആപ്പിൾ, അണലിയെ ചെറുക്കുന്ന അണലിവേഗം, ഇരുപത്തിനാല്‌ മുഖമുള്ള രുദ്രാക്ഷം, എലിശല്യം ഒഴിവാക്കുന്ന പാണൽ, പേപ്പട്ടി വിഷത്തെ ചെറുക്കുന്ന അങ്കോലം, അഗസ്ത്യ മലയിലെ അപൂർവ ഇനങ്ങളായ അഴുകെണ്ണി, തൊഴുകെണ്ണി, കൊക്കക്കോളമരം, മിറാക്കിൾ ഫ്രൂട്ട്, പെർഫ്യൂം ഫ്രൂട്ട്, നോനിപ്പഴം, കുരുവിപ്പഴം, മൂട്ടിപ്പഴം, ആമസോൺ കാടുകളിൽ കാണുന്ന അസൈബറി, ഊതുമരം വിവിധതരം കുന്തിരിക്കങ്ങൾ, പ്രമേഹത്തെ ചെറുക്കുന്ന ഏകനായകം, 16 ഇനം വാഴകൾ, സമുദ്രപ്പച്ച, കായം, രക്തചന്ദനം, വിവിധതരം കണ്ടൽ ഇനങ്ങൾ, നാൽപ്പാമരം, ആനക്കൂടുകളും മറ്റും നിർമിക്കാൻ ഉപയോഗിക്കുന്ന തമ്പകം, സോപ്പുമരം, ഊന്തുമരം, വഞ്ചിമരം, അത്തി, ഇത്തി, താന്നി, ഇലിപ്പ, കുളവെട്ടി, പുത്രൻജീവ, കാട്ടുവെള്ളരി, മരോട്ടി, അടത്താപ്പ്, കർപ്പൂരം, ചൂരൽ തുടങ്ങി നിരവധി മരങ്ങളുണ്ട് ഈ വീടിന് ചുറ്റും. ഇവയ്ക്കെല്ലാം ആവശ്യത്തിന് ജലം ലഭ്യമാകുന്നതിന് പരമ്പരാഗതമായി സംരക്ഷിക്കുന്ന ഒരു കുളവും വീടിനോട് ചേർന്നുണ്ട്. ഇരുപത്‌ വർഷമായി സർക്കാർ സർവീസിൽ ജോലിചെയ്യുന്ന ഫൈസൽ അതിനുമുമ്പ് അഭിഭാഷകനായിരുന്നു. അഞ്ചുവർഷമായി മുനിസിപ്പൽ സെക്രട്ടറിയായി ജോലിചെയ്യുന്നു. നിലവിൽ കരുനാഗപ്പള്ളി മുനിസിപ്പൽ സെക്രട്ടറിയായ ഇദ്ദേഹത്തിന് തദ്ദേശ വകുപ്പിൽ അസിസ്റ്റന്റ്‌ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുകയാണ്. എത്ര വലിയ പദവികളിൽ എത്തിയാലും തന്റെ പ്രിയപ്പെട്ട സസ്യജാലങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന സമയത്തിൽ ഒരു കുറവും വരുത്തില്ലെന്ന് ഫൈസൽ പറയുന്നു. മുൻ ഡെപ്യൂട്ടി സെക്രട്ടറി അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെയും പരേതയായ ആബിദാ തങ്കത്തിന്റെയും മകനാണ് ഫൈസൽ. ഭാര്യ: ഹസീന. നിയമവിദ്യാർഥിനികളായ മിനാ, മാര്യ, പ്ലസ് വൺ വിദ്യാർഥിനി മിന്ന എന്നിവർ മക്കളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top