25 April Thursday

പൊലിഞ്ഞു വീടിന്റെ പ്രതീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കരിന്തളം സഹകരണ ബാങ്ക് ഹാളിൽ പൊതു ദർശനത്തിന് വച്ച യുവാക്കളുടെ മൃതദേഹത്തിൽ സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ അന്തിമോപചാരമർപ്പിക്കുന്നു

ചോയ്യംങ്കോട്
മൂന്ന് നിര്‍ധന കുടുംബങ്ങളുടെ പ്രതീക്ഷകളാണ് വെള്ളി രാത്രി മഞ്ഞളംകാട്ട്  വാഹനാപകടത്തില്‍ പൊലിഞ്ഞുപോയത്. കൊന്നാക്കാട് ചെരുമ്പക്കോട്ടെ  അനൂഷ് (26) കരിന്തളം ചിമ്മത്തോട്ടെ രമയുടെ മകന്‍ ശ്രീരാഗ്(18), കരിന്തളം മീര്‍കാനത്തെ കൊടക്കല്‍ വീട്ടില്‍  കെ കെ കിഷോര്‍(20) എന്നിവരുടെ മരണമാണ് മൂന്ന് നിർധന കുടുംബങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്.
മൃതദേഹങ്ങൾ ശനി രാവിലെ പത്തോടെ നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി എസ്ഐമാരായ കെ ശ്രീജേഷ്, കെ പി വിനേദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ കരിന്തളത്തേക്ക് എത്തിച്ചു.
കരിന്തളം സഹകരണ ബാങ്ക് ഹാളിൽ പൊതു ദർശനത്തിന് വെച്ച മൂന്നു യുവാക്കളുടെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഇ ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, വി വി രമേശൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുരായ ടി കെ രവി, ഗിരിജാ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം കെ ശകുന്തള, കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശാന്ത, എം കുമാരൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ എം രാജൻ, ടി കെ സുകുമാരൻ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ടി പി നന്ദകുമാർ, വരയിൽ രാജൻ, വി സുധാകരൻ, കെ കുമാരൻ, എ ആർ രാജു എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
 
ശ്രീരാഗിന്റെ വീട്ടിൽ അമ്മയും അമ്മമ്മയും മാത്രം
ശ്രീരാഗിന്റെ പിതാവ്  ഇവരെ ഉപേക്ഷിച്ചതാണ്‌. അമ്മ രമയുടേയും രോഗിയായ അമ്മമ്മ രാധയുടേയും ഏക പ്രതീക്ഷയായിരുന്നു ശ്രീരാഗ്. കൂലിപ്പണിയെടുത്താണ് രമ മൂന്നംഗ  കുടുംബം പുലര്‍ത്തിയത്. 
നേരത്തെ നീലേശ്വരം രാജാറോഡില്‍ രാജാസ് ക്ലിനിക്കിന് മുന്നില്‍ രമയും അമ്മ രാധയും തട്ടുകട നടത്തിയിരുന്നു.  മകന്‍ വളര്‍ന്നാല്‍ കുടുംബത്തിന് തണലാകുമെന്നായിരുന്നു പ്രതീക്ഷ. 
നേരത്തെ പൊതുമരാമത്ത് കരാറുകമ്പനിയില്‍ ജോലിചെയ്തിരുന്ന ശ്രീരാഗ് പിന്നീട് കാഞ്ഞങ്ങാട് ശോഭിക ടെക്‌സ്റ്റെല്‍സ് ആരംഭിച്ചപ്പോള്‍ ഇവിടെ ജോലിക്ക് ചേര്‍ന്നു. പൊളിഞ്ഞുവീഴാറായ കൂരയിലാണ്‌ ഈ കുടുംബം താമസിച്ചിരുന്നത്.  
ലൈഫ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് കിട്ടിയിട്ടുണ്ട്‌. എന്നാല്‍ വീട് നിര്‍മിക്കാന്‍ അനുവദിച്ച തുക അർബുദ രോഗിയായിരുന്ന രമയുടെ പിതാവിന്റെ ചികിത്സയ്ക്കായി ചിലവിട്ടു.  പിന്നീട് പഞ്ചായത്തിന്റെയും നാട്ടുകാരുടേയും സഹായത്തോടെയാണ് വീട് നിര്‍മാണം പുന:രാരംഭിച്ചത്. 
അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറുകയും മകന്‍ ജോലിക്ക് പോകാന്‍ തുടങ്ങുകയും ചെയ്തതോടെ ഈ കുടുംബം പച്ചപിടിച്ചുവരുമ്പോഴാണ് ദുരന്തം വേട്ടയാടിയത്‌. 
 
കിഷോറിന്റെ വീട്‌ പുറമ്പോക്ക്‌ ഭൂമിയിൽ
കരിന്തളം മീര്‍കാനത്തെ കിഷോറിന്റെ കുടുംബം കഴിയുന്നത് പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ച പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഓലക്കൂരയിൽ. കള്ള് ചെത്ത് തൊഴിലാളിയായ പിതാവിന്റെ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാതെവന്നപ്പോഴാണ് കിഷോര്‍ പൊതുമരാമത്ത് കരാറുകമ്പനിയില്‍ ജോലിക്ക് പോയിതുടങ്ങിയത്. സഹോദരന്‍ ഉല്ലാസും കൂലിതൊഴിലാളിയാണ്.  ഒരുതുണ്ട് ഭൂമിവാങ്ങി സ്വന്തമായി വീട് നിര്‍മിക്കണമെന്ന ആഗ്രഹത്തില്‍ കഴിയുകയായിരുന്നു  ഈ കുടുംബം.  
ചെരുമ്പക്കോട്ടെ ടിമ്പർ തൊഴിലാളി യൂണിയൻ സിഐടിയു പ്രവർത്തകനായ കാട്ടാമ്പള്ളി ഗണേശന്റെയും ഉഷയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് 27 കാരനായ അനൂഷ്.  ജെസിബി ഓപ്പറേറ്ററായ അനൂഷ് ജില്ലാ സ്കൂൾ കലോത്സവം കാണാനാണ് ശനി ലീവ് എടുത്ത് സുഹൃത്തിന്റെ കാറുമായി ചായ്യോത്തേക്ക് പോയത്.  കരിന്തളം, കൊന്നക്കാട് ടൗൺ, ചെരുമ്പക്കോട്ടെ വീട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, ടി പി തമ്പാൻ, കെ ദിനേശൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
  
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top