26 April Friday
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം:

ജില്ലാതല പരിപാടികൾ ഇന്ന് നൂൽപ്പുഴയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
 
കൽപ്പറ്റ
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികൾ ‘സർഗ്ഗം' നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. ഡിസംബർ നാലിന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാണ് പരിപാടികൾ. ഭിന്നശേഷിക്കാർക്ക് സ്വാഗതമേകി   ബത്തേരി വിനായക നഴ്സിങ് കോളേജ് വിദ്യാർഥികളുടെ നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. നട്ടെല്ലിന് ക്ഷതമേറ്റും അല്ലാതെയും വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ‘റെയിൻബോ ബീറ്റ്സ്' അവതരിപ്പിക്കുന്ന ഗാനമേളയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ സ്റ്റേജിലാണ് പരിപാടികൾ അരങ്ങേറുക. ഉദ്ഘാടനച്ചടങ്ങുകൾ ഒന്നുംതന്നെയില്ലെന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത. ഭിന്നശേഷിക്കാർ ആശുപത്രി പരിസരത്തെത്തി നേരിട്ട് പടിപാടികളിലേക്ക് കടക്കുന്ന തരത്തിലാണ് ദിനാചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി വീടുകളിൽത്തന്നെ കഴിയുന്ന ഭിന്നശേഷിക്കാർക്ക് പരസ്പരം സംവദിക്കാനും ആശയങ്ങളും ആകുലതകളും കൈമാറി മുന്നോട്ടുള്ള ജീവിതം കരുത്തുറ്റതാക്കാനും ഊർജം നൽകുകയെന്ന ലക്ഷ്യംവച്ചാണ് പരിപാടി നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നാൽപ്പതോളം ഭിന്നശേഷിക്കാർ പങ്കെടുക്കും. തിരൂർ ജില്ലാ ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. ജാവേദ് അനീസ് ക്ലാസെടുക്കും.   ഇതുമായി ബന്ധപ്പെട്ട ആലോചനായോഗം നൂൽപ്പുഴ ആശുപത്രിയിൽ നടന്നു.  വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. നൂൽപ്പുഴ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എ അസൈനാർ, പുഷ്പ അനൂപ്, വാർഡ് അംഗം പി  അനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, നൂൽപ്പുഴ എഫ്എച്ച്സി  മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ്,  പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top