താനൂർ
എല്ലാ മേഖലയിലും നേതൃപരമായ പങ്കുവഹിക്കാൻ കഴിയുന്ന സ്ത്രീകളെ കൂടുതൽ മുന്നോട്ടു നയിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. വീടുകളിൽ അടയ്ക്കപ്പെട്ടവരെ പുറത്തുകൊണ്ടുവരാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തേക്ക് സഞ്ചരിക്കാൻ നമുക്കാവണം. അതിനുവേണ്ടിയാണ് ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പദ്ധതിക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഒഴൂർ സിപിപിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ യൂസഫ് അധ്യക്ഷനായി.
ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. ഒഴൂർ പുലരി അയൽക്കൂട്ടാംഗം പാർവതിക്ക് സ്ലേറ്റും പെൻസിലും മന്ത്രി നൽകി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ രതീഷ്‌കുമാർ സംസാരിച്ചു. ജില്ലാമിഷൻ കോ–--ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് സ്വാഗതവും ഒഴൂർ സിഡിഎസ് ചെയർപേഴ്സൺ എ പി ഗീത നന്ദിയും പറഞ്ഞു.
ഒക്ടോബർ ഒന്നുമുതൽ ഡിസംബർ പത്തുവരെയുള്ള അവധിദിവസങ്ങളിൽ സ്‌കൂളുകളിലാണ് ക്യാമ്പയിൻ നടത്തുന്നത്. 50 മുതൽ 75 അയൽക്കൂട്ടങ്ങൾവരെ ക്ലാസിൽ ഉൾപ്പെടുത്തും. സംഘശക്തി അനുഭവപാഠങ്ങൾ പാഠം, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം, ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ, പദ്ധതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..