തൃശൂർ
ഉണ്ടയില്ലാ വെടികളുമായി വീണ്ടും അനിൽ അക്കരയുടെ വാർത്താസമ്മേളനം. തലയും വാലുമില്ലാതെ വാർത്താസമ്മേളനത്തിൽ അനിൽ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ തുടർച്ചയായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതായതോടെ അനിൽ അക്കര പ്രകോപിതനായി. തുടർന്ന് വാർത്താസമ്മേളനം വേഗത്തിൽ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഡിസിസി ഓഫീസിൽ വാർത്താസമ്മേളനം നടത്തുന്നത് വിലക്കിയതോടെയല്ലേ പുറത്ത് നടത്തേണ്ടി വന്നത് എന്ന ചോദ്യം ഉയർന്നതോടെയാണ് അനിൽ പ്രകോപിതനായത്. അനിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച വായ്‌പാ ക്രമക്കേടുകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ഒന്നിനു പിറകേ ചോദ്യങ്ങൾ ഉയർത്തിയതോടെ അനിൽ പ്രകോപിതനായി മാധ്യമപ്രവർത്തകർക്കുനേരെ തിരിഞ്ഞു.
മാധ്യമപ്രവർത്തകർ ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോഴും, നിങ്ങൾക്ക് ഒന്നും അറിയില്ലെന്നും വിഷയം ഗൗരവമായി പഠിക്കുന്നില്ലെന്നുമുള്ള മറുപടിയുമായി അനിൽ ഒഴിഞ്ഞുമാറി. നേരത്തേയും അനിൽ ഇത്തരത്തിൽ വാർത്താസമ്മേളനം നടത്തിയപ്പോഴും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. എന്തെങ്കിലും പുകമറ സൃഷ്ടിച്ച് സ്ഥലം വിടുകയാണ് പതിവ്.
ഡിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളോ ഇല്ലാതെ എന്തും വിളിച്ചു പറയാനായി വാർത്താസമ്മേളനം നടത്താൻ ഡിസിസി ഓഫീസ് വിട്ടുനൽകാതായതോടെ രാമനിലയം വളപ്പിലും വിവാഹ ഓഡിറ്റോറിയങ്ങളിലുമാണ് അനിൽ വാർത്താസമ്മേളനം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..