കാസർകോട്
ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ ബന്ധുവിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അനസ്‌തേഷ്യ ഡോക്ടർ വിജിലൻസ് പിടിയിലായി. മധൂർ പട്ളയിലെ പി എം അബ്ബാസ് ഹെർണിയക്ക് ചികിത്സക്കായി കഴിഞ്ഞ ജൂലൈ 21ന് ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ഡോ. അഭിജിത്തിന്റെ പരിശോധനയിൽ ശസ്‌ത്രക്രിയ ആവശ്യമാണെന്ന് നിശ്ചയിച്ചു. ശസ്‌ത്രക്രിയ നടത്താൻ അനസ്‌തേഷ്യ ഡോക്ടറുടെ തിയതി വേണമെന്ന് അറിയിച്ചതിനാൽ ഡോ. വെങ്കിടഗിരിയെ കണ്ടു. ഡിസംബറിൽ മാത്രമേ നടക്കൂവെന്നാണ് ഇദ്ദേഹം അറിയിച്ചത്. രോഗികളിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനായാണ് ഇത്തരത്തിൽ തീയതി നീട്ടി നൽകുന്നത്. ഇക്കാര്യമറിഞ്ഞ അബ്ബാസ് ഡോക്ടറെ സമീപിച്ചപ്പോൾ 2000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിനെ സമീപിച്ച ശേഷം ചൊവ്വാഴ്‌ച വൈകിട്ട് 2000 രൂപ കൈക്കൂലി നൽകുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഡോ. വെങ്കിടഗിരിയെ പിടികൂടിയത്.
രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതിനെതുടർന്ന് 2019 ജൂലൈ മുതൽ ഡിസംബർവരെ ഡോ. വെങ്കിടഗിരി സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾക്ക് വിധേയനായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..