16 December Tuesday

സംഘാടക സമിതിയായി 200 പ്രവാസി നിക്ഷേപകര്‍ 
എന്‍ആര്‍ഐ സമ്മിറ്റിനെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് കണ്ണൂരിൽ സംഘടിപ്പിക്കുന്ന എൻആർഐ സമ്മിറ്റിന്റെ സംഘാടകസമിതി രൂപീകരണ യോഗം 
കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും  30, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കണ്ണൂർ എൻആർഐ സമ്മിറ്റിൽ 200 പ്രവാസി നിക്ഷേപകർ പങ്കെടുക്കും. കണ്ണൂരിന്റെ വികസനമുന്നേറ്റത്തിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള  കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകരാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്‌.  ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്നോളജി, വിദ്യാഭ്യാസം, റീട്ടെയിൽ, കയറ്റുമതി, സേവന മേഖലകൾ, മറ്റു വ്യാപാര ശൃംഖലകൾ ഉൾപ്പെടെ കണ്ണൂരിൽ തുടങ്ങാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമ്മിറ്റിൽ നടക്കും. പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും തുടങ്ങാവുന്ന  പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെക്കുറിച്ചും വിശദമാക്കുന്ന സെഷനുകളുണ്ടാകും.   
      ആശയ രൂപീകരണം തൊട്ട് പദ്ധതി പൂർത്തീകരിച്ച് വിജയത്തിലെത്തുന്നതുവരെയുള്ള  ഘട്ടങ്ങളിൽ  സർക്കാരും ജില്ലാഭരണസംവിധാനവും  ജില്ലാ വ്യവസായ കേന്ദ്രവും പ്രവാസി നിക്ഷേപകൾക്കൊപ്പം നിൽക്കും. 50 ബിസിനസ് ആശയങ്ങളും 50 നൂതന ഉൽപ്പന്നങ്ങളും സംഗമത്തിൽ പരിചയപ്പെടുത്തും.
      ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി രൂപീകരണയോഗം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ (രക്ഷാധികാരികൾ), പി പി ദിവ്യ (ചെയർപേഴ്ണൺ), എ എസ് ഷിറാസ് (ജനറൽ കൺവീനർ) തുടങ്ങിയവരെ ഭാരവാഹികളാക്കിയാണ് സംഘാടകസമിതിയും സബ്കമ്മിറ്റികളും രൂപീകരിച്ചത്.
  വ്യവസായകേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് പദ്ധതി വിശദീകരിച്ചു. ജില്ലാവ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ, ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, യു പി ശോഭ, സെക്രട്ടറി അബ്ദുൾ ലത്തീഫ്, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്‌ ടി കെ രമേശ്, വെയ്ക്ക് ഭാരവാഹി സി കെ രാജഗോപാൽ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top