കാസർകോട്
ജനറൽ ആശുപത്രിയിൽ ചികിത്സക്കായെത്തിയ രോഗിയുടെ ബന്ധുവിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അനസ്‌തേഷ്യ ഡോക്ടർ വിജിലൻസ് പിടിയിലായി. മധൂർ പട്ളയിലെ പി എം അബ്ബാസ് ഹെർണിയക്ക് ചികിത്സക്കായി കഴിഞ്ഞ ജൂലൈ 21ന് ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ഡോ. അഭിജിത്തിന്റെ പരിശോധനയിൽ ശസ്‌ത്രക്രിയ ആവശ്യമാണെന്ന് നിശ്ചയിച്ചു.
ശസ്‌ത്രക്രിയ നടത്താൻ അനസ്‌തേഷ്യ ഡോക്ടറുടെ തിയതി വേണമെന്ന് അറിയിച്ചതിനാൽ ഡോ. വെങ്കിടഗിരിയെ കണ്ടു. ഡിസംബറിൽ മാത്രമേ നടക്കൂവെന്നാണ് ഇദ്ദേഹം അറിയിച്ചത്. രോഗികളിൽനിന്നും കൈക്കൂലി വാങ്ങുന്നതിനായാണ് ഇത്തരത്തിൽ തിയതി നീട്ടി നൽകുന്നത്. ഇക്കാര്യമറിഞ്ഞ അബ്ബാസ് ഡോക്ടറെ സമീപിച്ചപ്പോൾ 2000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിനെ സമീപിച്ച ശേഷം ചൊവ്വാഴ്‌ച വൈകിട്ട് 2000 രൂപ കൈക്കൂലി നൽകുന്നതിനിടെയാണ് വീട്ടിൽവെച്ച് വിജിലൻസ് ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഡോ. വെങ്കിടഗിരിയെ പിടികൂടിയത്.
വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ കെ സുനുമോൻ, എസ്‌ഐമാരായ കെ രാധാകൃഷ്ണൻ, വി എം മധുസൂദനൻ, പി വി സതീശൻ, എഎസ്‌ഐമാരായ വി ടി സുഭാഷ്ചന്ദ്രൻ, പ്രിയ കെ നായർ, കെ വി ശ്രീനിവാസൻ, സീനിയർ സിപിഒമാർ എന്നിവരും അസി. ഡിസ്ട്രിക് പ്ലാനിങ് ഓഫീസർ റിജു മാത്യു, ഡെയ്‌റി ഡവലപ്മെന്റ് സീനിയർ സൂപ്രണ്ട് ബി സുരേഷ്‌കുമാർ എന്നിവരുമുണ്ടായിരുന്നു.
രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതിനെതുടർന്ന് 2019 ജൂലൈ മുതൽ ഡിസംബർ വരെ ഡോ. വെങ്കിടഗിരി സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾക്ക് വിധേയനായിട്ടുണ്ട്.
2021ൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പാറക്കട്ട സ്വദേശിക്ക് അനസ്‌തേഷ്യ നൽകാൻ വിസമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചതുമാണ്. നിരവധി പരാതികളുയർന്നെങ്കിലും ആദ്യമായാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇദ്ദേഹം വിജിലൻസിന്റെ പിടിയിലാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..