ചെറുവത്തൂർ
എച്ച്ടി ലൈനിന് മുകളിൽ തെങ്ങ് പൊട്ടിവീണ് വൻ ദുരന്തം ഒഴിവായി. തിങ്കൾ വൈകിട്ട് ആറോടെ വെങ്ങാട്ടാണ് സംഭവം. എച്ച്‌ടി ലൈനിലേക്ക് തെങ്ങ് പൊട്ടി വീഴുകയായിരുന്നു. ഇതോടെ ഇലക്‌ട്രിക്ക് പോസ്‌റ്റും റോഡിലേക്ക് വീണു. ഈ സമയം അതുവഴി ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേരും കാൽനട യാത്രക്കാരനും രക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാരായ കെ സതീശൻ, എം വി ബൈജു എന്നിവരും കെ ഭാസകരനുമാണ് രക്ഷപ്പെട്ടത്.
ബൈക്ക് യാത്രക്കാർ വണ്ടിനിർത്തി തൊട്ടടുത്ത മതിലിനപ്പുറത്തേക്ക് എടുത്തു ചാടിയ ഉടൻ എച്ച്ടി ലൈൻ കൂട്ടിയിടിച്ച് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കാൽനട യാത്രക്കാരൻ ലൈനിനും പോസ്‌റ്റിനും ഇടയിൽപ്പെട്ടാണ് രക്ഷപ്പെട്ടത്. നാട്ടുകാർ പിലിക്കോട് കെഎസ്‌ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ ജീവനക്കാരെത്തി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് തെങ്ങ് പൊട്ടി വീണും ഓല എച്ച് ടി ലൈനിൽ മുട്ടിയും തെങ്ങുകൾക്ക് തീ പിടിക്കുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി തെങ്ങുകളും വീടുകളും ഉള്ള പ്രദേശത്തുകൂടിയാണ് ലൈൻ കടന്നുപോകുന്നത്. ലൈൻ മാറ്റി കേബിളിലേക്ക് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..