കോട്ടയം
ജില്ലയുടെ സമഗ്ര വികസന പദ്ധതികൾക്ക് കരുത്തേകി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എറണാകുളം മേഖലാതല അവലോകനയോഗം. അതി ദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, വിദ്യാകിരണം, ഹരിത കേരളം മിഷൻ, ലൈഫ് മിഷൻ, ജൽ ജീവൻ മിഷൻ, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നീ പദ്ധതികൾ വിലയിരുത്തി.
വേമ്പനാട് കായലിന്
പുതുജീവനേകും
വേമ്പനാട് കായൽ സംരക്ഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിശദമായ പദ്ധതി തയ്യാറാക്കി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കായലിൽ എക്കലും മാലിന്യങ്ങളും അടിഞ്ഞ് ആഴം കുറഞ്ഞതിനാൽ സമീപ പഞ്ചായത്തുകൾ വെള്ളപ്പൊക്ക ഭീഷണിയും ദുരിതവും നേരിടുകയാണെന്നും മൂന്ന് ജില്ലകളെ ബാധിക്കുന്ന പ്രശ്‌നമാണെന്നും മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കോട്ടയം മെഡിക്കൽ കോളജിലെയും 15 കിലോമീറ്റർ പരിധിയിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുന്ന പദ്ധതിക്ക് സ്ഥലം ലഭ്യമാക്കാൻ സംയുക്തയോഗം വിളിക്കും. ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
പുതിയ നാടിനായി
അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ജില്ലയിൽ കണ്ടെത്തിയ 1071 കുടുംബങ്ങളിൽ 976 കുടുംബങ്ങൾക്കും മൈക്രോ പ്ലാൻ തയ്യാറാക്കി. 10 കുടുംബങ്ങളെ ആശ്രയ പട്ടികയിൽ ഉൾപ്പെടുത്തി. അതിദരിദ്രർക്ക് റേഷൻ കാർഡ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കി. 418 അതിദരിദ്ര കുടുംബങ്ങൾക്ക് നവംബർ ഒന്നിനകം ഭക്ഷണവും ആരോഗ്യ സേവനവും ഉറപ്പാക്കും.
മാറ്റത്തിന്റെ ചിറക് വിരിച്ച്
പ്രൈമറി ക്ലാസുകളിലെ കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യം സാധ്യമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന സമഗ്ര ഗുണമേന്മാ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട 154 സ്‌കൂളുകളിൽ ഈ മാസം ആരംഭിക്കും. ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതിയായ മഞ്ചാടി ഒരു സ്‌കൂളിൽ നടപ്പാക്കും. സ്‌കൂളുകളിൽ 7552 ലാപ്‌ടോപ്, 4003 പ്രൊജക്ടർ, 1064 സ്‌ക്രീൻ, 371 ടി വി, 347 പ്രിന്റർ, 378 കാമറ, 382 വെബ്ക്യാം, 5478 സ്പീക്കർ, 612 റോബോട്ടിക് കിറ്റ് എന്നിവ വിതരണം ചെയ്തു. 43 സ്‌കൂളുകളിൽ വർണ്ണക്കൂടാരം പദ്ധതി നടപ്പാക്കുന്നു.
ആരോഗ്യമുള്ള
ജനതയ്‌ക്കായി
ജില്ലയിൽ 47 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. അഞ്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് കുടുംബാരോഗ്യങ്ങളാക്കി. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ശൈലീ സർവേ വഴിയും ക്യാൻ കോട്ടയം പദ്ധതി വഴിയും 6454 പേരെ പരിശോധിച്ചു. 39 കാൻസർ കേസുകൾ ഇതിലൂടെ കണ്ടെത്തി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മലമ്പനി മുക്തമാണ്. സെപ്തംബർ 23 വരെ 157853 ടെലി മെഡിസിൻ ഡോക്ടർ കൺസൾട്ടേഷനും 30454 ഒപി കൺസൾട്ടേഷനും നടത്തി. 254 ഇ സഞ്ജീവനി സ്‌പോക്കുകളും ഒരു ഹബ്ബും പ്രവർത്തിക്കുന്നു.
ഒരുങ്ങുന്നു
ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങൾ
ഹരിത കേരളം മിഷന്റെ ഭാഗമായി 30 പഞ്ചായത്തുകളിലും നീർച്ചാലുകളുടെ മാപ്പിങ് പൂർത്തീകരിച്ചു. ജില്ലയിൽ 27.67 ഏക്കർ വിസ്തൃതിയിൽ 299 പച്ചത്തുരുത്തുകൾ ഒരുക്കി. 69 ജലഗുണനിലവാര നിർണയ ലാബുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. കുമരകം, ഇല്ലിക്കൽ എന്നിവിടങ്ങൾ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും.
തണലേകുന്ന ലൈഫ്
രണ്ടാം പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റശേഷം ലൈഫ് മിഷനിലൂടെ 2458 വീടുകൾ പൂർത്തീകരിച്ചു. 4917 പേർ കരാറിൽ ഏർപ്പെട്ടു. 3877 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. തലയോലപ്പറമ്പിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചു.
മലയോര ഹൈവേ: കരാർ നടപടിയായി
മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി പ്ലാച്ചേരി മുതൽ കരിങ്കല്ലുമൂഴി വരെയുള്ള 7.5 കിലോമീറ്റർ പ്രവൃത്തിയുടെ കരാർ നടപടി പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പ്ലാച്ചേരി മുതൽ മുണ്ടക്കയം വരെ 23 കിലോമീറ്ററാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..