27 April Saturday

മീൻമാർക്കറ്റ്‌; ഭരണക്കാരുടെ പൊന്മുട്ടയിടുന്ന താറാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

അടിസ്ഥാന സൗകര്യമുള്ള കെട്ടിടമില്ലാത്തതിനാൽ വഴിയരികിൽ മീൻ വിൽക്കുന്നവർ

കാസർകോട്‌
നഗരസഭയുടെ പൊന്മുട്ടയിടുന്ന താറാവാണ്‌ മീൻ മാർക്കറ്റ്‌. വർഷംതോറും നവീകരണത്തിനായി ലക്ഷങ്ങളാണ്‌ ചെലവിടുന്നത്‌. ഈ തുക എങ്ങോട്ടുപോകുന്നുവെന്ന്‌ തൊഴിലാളികൾക്കോ ഇവിടുത്തെ വ്യാപാരികൾക്കോ അറിയില്ല. പക്ഷേ ഒന്നറിയാം, ഒറ്റ രൂപയുടെ വികസനം ഇവിടേക്കെത്തുന്നില്ലെന്നുമാത്രം  . മഴയും വെയിലുമേൽക്കാതെ മീൻ വിൽക്കാനുള്ള സൗകര്യം ഇപ്പോഴുമില്ല. മാർക്കറ്റിലേക്കുള്ള റോഡ്‌ കൈയേറി കുടചൂടിയിരുന്നാണ്‌ മീൻ വിൽപ്പന.
നിരവധി കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഉപയോഗിക്കാനാകാത്തവിധം അശാസ്‌ത്രീയമാണ്‌.  അകത്തുവീഴുന്ന മീൻവെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനവുമില്ല. ഹാളിനുള്ളിൽ നിറയുന്ന വെള്ളം പുറത്തേക്കൊഴുകി നടക്കാൻപോലും കഴിയാത്ത അവസ്ഥ. മീൻ വാങ്ങാനെത്തുന്നവർ മലിനജലത്തിലൂടെ വേണം മാർക്കറ്റിനുള്ളിലേക്കെത്താൻ. ഓവുചാലാകട്ടെ ഒഴുക്ക്‌ നിലച്ച്‌ മലിനജലം കെട്ടിനിന്ന്‌ കൊതുകുവളർത്ത്‌ കേന്ദ്രമായി. 
മഴ നനയാതെ മീൻവിൽക്കാനായി മാർക്കറ്റിന്റെ മുകൾഭാഗത്ത്‌ ഏഴുവർഷം മുമ്പ്‌ നിർമിച്ച കെട്ടിടം ഇതുവരെ തുറന്നുകൊടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല. ചെറിയ തുകയ്‌ക്ക്‌ ക്വട്ടേഷൻ സ്വീകരിച്ച്‌ മുറികൾ സ്വന്തക്കാർക്ക്‌ നൽകാനായിരുന്നു ഭരണസമിതി ലക്ഷ്യം. മാർക്കറ്റിലെ സ്ഥിരംതൊഴിലാളികൾക്കോ മീൻകച്ചവടക്കാർക്കോ നൽകാതിരിക്കാനുള്ള നീക്കം ഫലം കാണാതായതോടെ കെട്ടിടംതന്നെ ആർക്കും ഉപകാരമില്ലാത്തവിധം നശിപ്പിച്ചുകളയുകയാണ്‌. താഴത്തെനിലയിൽ ഏഴും മുകൾനിലയിൽ രണ്ടും മുറികളും ടോയ്‌ലറ്റ്‌ സൗകര്യവുമുള്ള കെട്ടിടമാണിത്‌. പിറകിൽ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. നിലവിൽ മദ്യപാനികളുടെയും മറ്റും കേന്ദ്രമാണിവിടം. 
പൊട്ടിയ മദ്യക്കുപ്പികൾ കാരണം നടക്കാനാകാത്ത അവസ്ഥ. ഇതുതന്നെയാണ്‌ മറ്റ്‌ കെട്ടിടങ്ങളുടെയും സ്ഥിതി. തുറന്നുകൊടുത്ത കെട്ടിടങ്ങൾ വേണ്ടവിധം പരിപാലിക്കുന്നതിലും കടുത്ത അനാസ്ഥയാണ്‌ നഗരസഭ കാട്ടുന്നത്‌. എന്നാലും ചെലവഴിക്കുന്ന പണത്തിന്‌ കുറവില്ലതാനും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top