29 March Friday

വയനാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ അനുശോചിച്ച്‌ കൽപ്പറ്റയിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി
 പി ഗഗാറിൻ സംസാരിക്കുന്നു

കൽപ്പറ്റ
വയനാടൻ ജനതയെ നെഞ്ചോടുചേർത്ത പ്രിയ സഖാവിന്‌ ജില്ലയുടെ യാത്രാമൊഴി. കോടിയേരിയെ അവസാനമായി കാണാൻ രണ്ടുദിവസങ്ങളായി ജില്ലയിൽനിന്ന്‌ നൂറുകണക്കിനാളുകൾ ചുരമിറങ്ങി തലശേരിയിലും കണ്ണൂരിലുമെത്തി. പയ്യാമ്പലത്ത്‌ ജനകോടികളെ സാക്ഷിയാക്കി കോടിയേരിക്ക്‌ അന്ത്യവിശ്രമം ഒരുക്കുമ്പോൾ ഇങ്ങകലെ വയനാടും നെടുവീർപ്പിട്ടു. ദുഃഖം കടിച്ചമർത്തി പ്രിയ സഖാവിന്‌ വയനാടൻ ജനത അന്ത്യാഭിവാദ്യമേകി. 
സംസ്കാരത്തിനുശേഷം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന അനുശോചനയോഗങ്ങളിൽ ആയിരങ്ങൾ ജനനേതാവിന്‌ ഹൃദയംകൊണ്ട്‌ വിടനൽകി. തൊഴിലാളികളും ആദിവാസികളും രാഷ്‌ട്രീയ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമെല്ലാം അനുശോചനയോഗങ്ങളിൽ പ്രിയനേതാവിന്റെ ഓർമകളിൽ മുഴുകി. ‌അടിസ്ഥാന ജനവിഭാഗത്തിന്റെ ആദികൾ പങ്കുവച്ച നേതാവിന്റെ ഓർമകൾ ‌ആദിവാസി ജനത പങ്കുവയ്‌ക്കുമ്പോൾ മന്ത്രിയെന്ന നിലയിൽ ജില്ലക്ക്‌ നൽകിയ സംഭാവനകൾ പൊതുരംഗത്തുള്ളവർ ഓർത്തെടുത്തു. സർവകക്ഷി നേതൃത്വത്തിൽ ജില്ലയിലുടനീളം അനുശോചനയോഗങ്ങൾ നടത്തി. കക്ഷി, രാഷ്ട്രീയ ഭേദമന്യേ ഒട്ടേറെപ്പേർ സഖാവിന്റെ ഓർമകൾ പങ്കിട്ടു. 
വികാര നിർഭരമായാണ്‌ യോഗത്തിൽ സംസാരിച്ചവർ കോടിയേരി ബാലകൃഷ്ണനെ സ്മരിച്ചത്‌. നല്ലതു മാത്രമേ എല്ലാവർക്കും പറയാനുണ്ടായിരുന്നുള്ളൂ. ചിരിച്ചുകൊണ്ടല്ലാതെ സഖാവിനെ ആരും കണ്ടിരുന്നില്ല. മായാത്ത പുഞ്ചിരികൊണ്ട്‌ അദ്ദേഹം വയനാടിന്റെ മനസ്സിനെ എത്രത്തോളം ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ഓരോരുത്തരുടെയും വാക്കുകൾ. ടൂറിസം രംഗത്തും പൊലീസിലും മന്ത്രിയായിരിക്കേ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങൾ ഉൾപ്പെടെ വയനാട്‌ നന്ദിയോടെ സ്മരിച്ചു. 
കൽപ്പറ്റയിൽ ചേർന്ന അനുശോചനയോഗത്തിൽ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്‌ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി വി ഹാരിസ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു, ടി സിദ്ദിക്ക്‌ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ ടി ജെ ഐസക്‌, വി ദിനേശൻ, റസാഖ്‌ കൽപ്പറ്റ, കെ സദാനന്ദൻ, കെ കെ ഹംസ, വി പി വർക്കി, എസ്‌ അജയകുമാർ, കെ ജെ ദേവസ്യ, സണ്ണി ജോസ്‌, രഞ്ജിത്, പി കെ അബു തുടങ്ങിയവർ സംസാരിച്ചു.
ഭരണരംഗത്ത്‌ മറക്കാനാവാത്ത ഇടപെടൽ നടത്തിയ ഭരണാധികാരിയാണ്‌ കോടിയേരി ബാലകൃഷ്‌ണനെന്ന്‌ ടി സിദ്ദിക്ക്‌ എംഎൽഎ കൽപ്പറ്റയിൽ അനുശോചിച്ചു. പ്രഗത്ഭനായ ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. എസ്‌പിസി, ജനമൈത്രി പൊലീസ്‌ എന്നിവ നടപ്പാക്കി രാജ്യത്തിന്‌ തന്നെ മാതൃകയായി. രാഷ്ട്രീയമായ ഭിന്നതകൾക്കിടയിലും എല്ലാവരുമായും നല്ല ബന്ധം സൂക്ഷിച്ചു.  രാഷ്ട്രീയ ജീവിതത്തിലെ തുറന്ന പാഠപുസ്‌തകമാണ്‌ അദ്ദേഹം– -സിദ്ദീക്ക്‌ പറഞ്ഞു. 
കോടിയേരിയുമായി വിദ്യാർഥി രാഷ്ട്രീയകാലം മുതലുള്ള അടുപ്പമുണ്ടെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. ഏത്‌ പ്രതിസന്ധി ഘട്ടത്തെയും സധൈര്യം നേരിട്ടു. രോഗാവസ്ഥയിലും പാർടിയെ ശക്തിപ്പെടുത്തുന്നതിൽ സജീവമായി. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും നല്ല അടുപ്പം പുലർത്തി. എന്താവശ്യങ്ങൾക്കും ഏതൊരാൾക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും പി ഗഗാറിൻ പറഞ്ഞു. 
കോടിയേരിയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കും സമൂഹത്തിനും കനത്ത നഷ്ടമാണെന്ന്‌  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ കോടിയേരിയുമായി അടുക്കുന്നത്‌. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്‌ വയനാട്ടിൽ എത്തി സംഘടനാ രംഗത്തും പാർടിയിലും സജീവമാകുന്നതെന്നും അദ്ദേഹം പറഞ്ഞു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top