25 April Thursday

ടൂറിസം മേഖലക്ക്‌ ആശ്വാസമായി റിവോൾവിങ്‌ ഫണ്ട്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021
കൽപ്പറ്റ
റിവോൾവിങ്‌ ഫണ്ട്‌  നടപ്പാക്കാനുള്ള സർക്കാർ തീരുമാനവും ലൈസൻസ്‌ കാലാവധി നീട്ടിയതും  ടൂറിസം മേഖലക്ക്‌ ആശ്വാസമാകും. കോവിഡ്‌ പ്രതിസന്ധിയിലകപ്പെട്ട  ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാനുള്ള പ്രത്യേക പദ്ധതിയാണ്‌ റിവോൾവിങ്‌ ഫണ്ട്‌. ഇതിലൂടെ പലിശ രഹിത വായ്‌പ നൽകും.  മാസങ്ങളായി വരുമാനമില്ലാതെ ബുദ്ധിമുട്ടിലായ നൂറുകണക്കിനാളുകൾക്ക്‌ ഈ തീരുമാനം ആശ്വാസം നൽകും.  ടൂറിസ്‌റ്റ്‌ ടാക്‌സി, ബസ്‌ ഡ്രൈവർമാർ, ഹോട്ടൽ, റസ്‌റ്റോറന്റ്‌ ജീവനക്കാർ, റസ്‌റ്റോറന്റുകൾ, ആയുർവേദ സെന്ററുകൾ, ഗൃഹസ്ഥലി, ഹോം സ്‌റ്റേ, സർവീസ്‌ വില്ല, അമ്യൂസ്‌മെന്റ്‌ പാർക്ക്‌, ഗ്രീൻ പാർക്ക്‌, സാഹസിക ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവർ, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ, കലാകാരന്മാർ, കരകൗശല വിദഗ്‌ധർ, ആയോധനകലാ പ്രവർത്തകർ തുടങ്ങിയവർക്കാണ്‌ റിവോൾവിങ്‌ ഫണ്ട്‌ നൽകുക. വിനോദ സഞ്ചാരവകുപ്പ്‌ അംഗീകാരമോ അക്രഡിറ്റേഷനോ നൽകിവരുന്ന ആയുർവേദ സെന്ററുകൾ, റസ്‌റ്റോറന്റുകൾ, ഹോം സ്‌റ്റേകൾ, സർവീസ്‌ഡ്‌ വില്ലകൾ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവരുടെ ലൈസൻസ്‌ കാലാവധിയാണ്‌ ഡിസംബർ 31 വരെ നീട്ടിയത്‌. രണ്ട്‌ വർഷത്തേക്കാണ്‌ സാധാരണ ലൈസൻസ്‌ കൊടുക്കുക. എൻഒസി, പൊലൂഷൻ, ഫീസ്‌, ഇൻസ്‌പെക്‌ഷൻ എന്നിവയെല്ലാം ഇതുവഴി ഒഴിവായിക്കിട്ടും. അടുത്ത ദിവസംതന്നെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലുമാണ്‌ ഈ മേഖലയിലുള്ളവർ. രണ്ട്‌ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവർക്ക്‌ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുമതിനൽകുന്ന തരത്തിലായിരിക്കും ക്രമീകരണം ഏർപ്പെടുത്തുക.
 
 
 
പദ്ധതി ആശ്വാസകരം
ടൂറിസം മന്ത്രിയുടെ പുതിയ പ്രഖ്യാപനം ടൂറിസം മേഖലയെ കൈപിടിച്ചുയർത്തുന്നതാണ്. കോവിഡ് സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ്‌ ടൂറിസം മേഖലയിലെ തൊഴിലാളികൾ. പലിശരഹിതവായ്പ ഏറെ സഹായകരമാവും.  ലൈസൻസ് പുതുക്കിനൽകാനുള്ള തീരുമാനം  ട്രാവൽ ആൻഡ്‌  ടൂറിസം  മേഖലയിലെ സംരംഭകർക്കും ആശ്വാസകരമാണ്.
വിനീത്‌ വയനാട്‌
                                      ടൂർ ഓപ്പറേറ്റർ, ഗ്ലോബൽ സഫാരി ഹോളിഡേയ്‌സ്‌
സ്വാഗതാർഹം
കോവിഡ്‌ പ്രതിസന്ധിയിൽ കഴിയുന്ന  ടൂറിസം മേഖലയിലുള്ളവർക്ക്‌ പദ്ധതി ഉപകാരമാവും.  മാസങ്ങളായി ദുരിതത്തിലാണ്‌ ടൂറിസവുമായി ബന്ധപ്പെട്ട്‌ ഉപജീവനം കഴിയുന്നവർ വലിയ പ്രയാസത്തിലാണ്‌. ലൈസൻസ്‌ കാലാവധി നീട്ടിയതും പലിശരഹിത വായ്‌പയും അവർക്ക്‌ ഉത്തേജനമാകും. 
ഡോ. കെ പി
 വിനോദ്‌ ബാബു
  മാനേജിങ്‌ ഡയരക്ടർ
      കണ്ണൂർ ആയുർവേദ ഹോസ്‌പിറ്റൽ
വളരെ സന്തോഷം
കഴിഞ്ഞ ഒന്നരവർഷമായി മേഖലയിലുള്ളവർ പ്രതിസന്ധിയിലാണ്‌. ടൂറിസം രംഗത്ത്‌ തൊഴിലെടുക്കുന്നവർക്ക്‌ പദ്ധതി സഹായകരമാവും. ഉടൻതന്നെ നടപ്പാക്കുമെന്ന പ്രതീക്ഷയാണുള്ളത്‌.  ലൈസൻസ്‌ പുതുക്കാനുള്ള കാലാവധി നീട്ടിയത്‌ ഒരുപാടുപേർക്ക്‌ ഗുണകരമാവും. 
  പ്രദീപ്‌ മൂർത്തി
   അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർ, 
ഡയരക്ടർ മഡ്ഡിബൂട്ട്‌സ്‌ വെക്കേഷൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top