25 April Thursday

അപേക്ഷകളില്‍ നടപടിക്ക്‌ കോവിഡ് നിയന്ത്രണം തടസമാകരുത്-: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

കോട്ടയം
സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിക്കാൻ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഒഴിവാകാൻ കാത്തുനിൽക്കരുതെന്ന് കലക്ടർ എം അഞ്ജന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
പട്ടയം കിട്ടിയ ഭൂമിയുടെ സർവെ സ്കെച്ചിനുവേണ്ടി നൽകിയ അപേക്ഷയിൽ നടപടി വൈകുന്നത്‌ സംബന്ധിച്ച പരാതി പരിഗണിച്ച് മീനച്ചിൽ താലൂക്ക് തല അദാലത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. 
പരാതിക്കാരൻ ആവശ്യപ്പെട്ട സ്കെച്ച് ലഭ്യമാക്കാൻ സർവെയറെ ചുമതലപ്പെടുത്താൻ തഹസിൽദാർക്ക് നിർദേശം നൽകി. ലാൻഡ് ട്രൈബ്യൂണൽ പട്ടയത്തിനായി അപേക്ഷ നൽകി ഏറെ നാളായിട്ടും പട്ടയം ലഭിച്ചില്ലെന്ന മീനച്ചിൽ സ്വദേശിയുടെ പരാതിയിൽ ഓൺലൈനിൽ ഹിയറിങ്‌ നടത്തി പട്ടയം ലഭ്യമാക്കണമെന്ന് തഹസിൽദാർക്ക് നിർദേശം നൽകി.
വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അദാലത്തിൽ 35 അപേക്ഷകൾ പരിഗണിച്ചു. 12 എണ്ണം തീർപ്പായി. വീടിന് ഭീഷണിയായ വൃക്ഷങ്ങളും മതിലുകളും നീക്കംചെയ്യുക, കെട്ടിട നികുതി ഇളവ് അനുവദിക്കുക, വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുക, സൈബർ ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരാതികളിൽ സമയബന്ധിത നടപടിക്കും നിർദേശം നൽകി. 
പോക്കുവരവ് നടത്തി നൽകാൻ ലഭിച്ച അപേക്ഷകൾ തീർപ്പാക്കി ഉത്തരവ് നൽകിയതായി പാലാ ആർഡിഒ അറിയിച്ചു. എലിക്കുളത്തെ കക്കാനീറ്റു ഫാക്ടറിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന പരാതിയിൽ നടപടി സ്വീകരിച്ചു. മഴക്കാലത്ത് ഫാക്ടറിയിൽനിന്ന് അമിത പുകയും ദുർഗന്ധവും വമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രവർത്തനം താൽകാലികമായി നിർത്തിവയ്‌ക്കാൻ നോട്ടീസ് നൽകിയതായി കലക്ടർ അറിയിച്ചു. എഡിഎം അനിൽ ഉമ്മൻ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top