28 March Thursday

കേരള ബാങ്ക്‌ അവാർഡ്‌ 
കതിരൂർ സഹകരണ ബാങ്കിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
കതിരൂർ
സംസ്ഥാനത്തെ മികച്ച ബാങ്കിന്‌ കേരള ബാങ്ക്‌ ഏർപ്പെടുത്തിയ പുരസ്‌കാരം കതിരൂർ  സഹകരണ ബാങ്കിന്‌. കുറഞ്ഞ വായ്‌പാ കുടിശ്ശികയും സാമൂഹ്യപ്രതിബദ്ധതയോടെ നടത്തിയ പ്രവർത്തനങ്ങളുമാണ്‌ ബാങ്കിനെ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. 400 കോടി രൂപ നിക്ഷേപവും 380 കോടി രൂപ വായ്‌പയുമുള്ള  ക്ലാസ്‌ വൺ സൂപ്പർ ഗ്രേഡ്‌ ബാങ്കാണ്‌ കതിരൂർ. 1996 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്‌ 11  ശാഖകളുമുണ്ട്‌. ഏത്‌ ബാങ്കിൽനിന്ന്‌ പണം പിൻവലിക്കാൻ കഴിയുന്ന എടിഎം കാർഡ്‌, എടിഎം/സിഡിഎം കൗണ്ടർ തുടങ്ങി ബാങ്കിങ്‌ മേഖലയിലെ ആധുനിക സംവിധാനങ്ങളും ബാങ്കിനുണ്ട്‌. ഓഡിറ്റോറിയം, മൾട്ടി ജിം ആൻഡ്‌ ഫിറ്റ്‌നസ്‌ സെന്റർ, ഫുട്‌ബോൾ/ക്രിക്കറ്റ്‌ ടർഫ്‌, വളം ഡിപ്പോ, ഗ്രാമീണ കാർഷിക ചന്ത, 11,000 പുസ്‌തകമുള്ള ലൈബ്രറി, ഭക്ഷണ വിൽപന ഔട്ട്‌ലെറ്റ്‌, നീതി മെഡിക്കൽ സ്‌റ്റോർ, നീതി ലാബ്‌, സൈക്കിൾ ക്ലബ്‌, സൂപ്പർ മാർക്കറ്റ്‌, പച്ചക്കറി മാർക്കറ്റ്‌ എന്നിവയും  പ്രത്യേകതയാണ്‌. എൻസിഡിസിയുടെ സംസ്ഥാന അവാർഡ്‌, എഫ്‌സിബിഎയുടെ ദേശീയ അവാർഡ്‌, കേരള സർക്കാർ അവാർഡ്‌ തുടങ്ങി വിവിധ പുരസ്‌കാരങ്ങളും ഈ വർഷം ലഭിച്ചു. ആത്മാർഥമായി പ്രവർത്തിക്കുന്ന ജീവനക്കാരും ബാങ്കിൽ വിശ്വാസമർപ്പിച്ച ഇടപാടുകാരും മെമ്പർമാരും ഭരണസമിതിയുമാണ്‌ ഈ നേട്ടത്തിന്‌ അർഹമാക്കിയതെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയനും സെക്രട്ടറി പി എം ഹേമലതയും പറഞ്ഞു. 
 
കതിരൂരിന്‌ 
അംഗീകാരത്തിന്റെ ട്രിപ്പിൾ
കതിരൂർ
സഹകരണ മേഖലയിലെ പ്രവർത്തന മികവിന്‌ കതിരൂരിന്‌ വീണ്ടും അംഗീകാര തിളക്കം. കേരള ബാങ്ക്‌ അവാർഡ്‌ കതിരൂർ ബാങ്കിനും സഹകരണ വകുപ്പിന്റെ ജില്ലയിലെ ബെസ്‌റ്റ്‌ പെർഫോമൻസ്‌ അവാർഡ്‌ രണ്ടാംസ്ഥാനം കതിരൂർ വില്ലേജ്‌ വനിതാ സഹകരണ സംഘത്തിനും ജില്ലയിലെ മികച്ച ഹൗസിങ്‌ സഹകരണ സംഘത്തിനുള്ള പുരസ്‌കാരം കതിരൂർ ഹൗസിങ്‌ സൊസൈറ്റിയും നേടി. 
കതിരൂർ ബാങ്ക്‌ ഒരു വർഷത്തിനിടെ നേടുന്ന അഞ്ചാമത്തെ പുരസ്‌കാരമാണിത്‌. തുടർച്ചയായി പതിനഞ്ച്‌ തവണയായി സംസ്ഥാനത്തെ മികച്ച ഹൗസിങ്‌ സൊസൈറ്റിക്കുള്ള അവാർഡ്‌ കതിരൂർ ഹൗസിങ്‌ സൊസൈറ്റിക്കാണ്‌. വില്ലേജ്‌ വനിതാ സഹകരണ സംഘം ജില്ലയിലെ മികച്ച രണ്ടാമത്തെ സംഘത്തിനുള്ള ബഹുമതിയും നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top