18 April Thursday

കെെയടിക്കാം...ജില്ലയിൽ ജീവനക്കാർ ഞായറാഴ്‌ചയും ജോലിചെയ്ത് 1500 ഫയൽ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കാസർകോട്‌ സിവിൽ സ്‌റ്റേഷനിൽ ഫയലുകൾ തീർപ്പാക്കുന്ന ജീവനക്കാർ

 കാസർകോട്‌

സർക്കാർ പ്രഖ്യാപിച്ച ഫയൽ അദാലത്ത് ഏറ്റെടുത്ത് ജീവനക്കാർ. ഞായറാഴ്‌ചയും ഓഫീസുകളിൽ ഹാജരായി കുടിശിക ജോലികൾ തീർത്തു. ജില്ലയിൽ മുന്നൂറോളം ഓഫീസുകൾ പ്രവത്തിച്ചു. ആയിരത്തഞ്ഞൂറോളം ജീവനക്കാർ ജോലിക്കെത്തി. 
ജില്ലയിലെ വിവിധ ഓഫീസുകളിലായആയിരത്തഞ്ഞൂറിലധികം ഫയലുകൾ തീർപ്പാക്കി. കലക്ടറേറ്റിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ 325 ഫയലുകൾ  തീർപ്പാക്കി.  ഞായറാഴ്‌ച അവധിയായിരുന്നിട്ടും നൂറുകണക്കിന് ജീവനക്കാരാണ് ഓഫീസിലെത്തിയത്‌. 
കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി, എഡിഎം എ കെ രമേന്ദ്രൻ  എന്നിവർ ഓഫീസിലെത്തി. കാസർകോട്‌ കലക്ടറേറ്റ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്‌, സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്‌, ജില്ലാ പട്ടികജാതി വികസന ഓഫീസ്, എസ്ടി ഓഫീസ്, ജില്ലാ ട്രഷറി, ജില്ലാ രജിസ്ട്രാർ ഓഫീസ്,  ജിഎസ്‌ടി ഓഫീസ്, ജില്ലാ പൊലീസ്‌ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകൾ  ജില്ലാ ആസ്ഥാനത്ത് പ്രവർത്തിച്ചു. 
 
70 ശതമാനം 
ജീവനക്കാരെത്തി
കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസ്, പിഡബ്ല്യുഡി ഓഫീസുകൾ, ബ്ലോക്കോഫീസുകൾ തുടങ്ങി ജില്ലയിലെ ഭൂരിപക്ഷം വില്ലേജ്, പഞ്ചായത്ത് ഓഫീസുകളും പ്രവർത്തിച്ചു. 38 പഞ്ചായത്ത് ഓഫീസുകളിൽ  70 ശതമാനത്തിലധികം ജീവനക്കാരെത്തി. 
ജീവനക്കാരുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനമാണ് അവധി ദിനത്തിൽ നടന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ പല കാരണങ്ങളാൽ  കുടിശികയായ ഫയലുകളാണ്  സെപ്തംബർ - 30നകം ജീവനക്കാർ അധികസമയം ജോലി ചെയ്ത് തീർപ്പാക്കുന്നത്. ജനങ്ങൾക്ക് സേവനം ഉറപ്പാക്കാൻ ജീവനക്കാരെ അണിനിരത്തി പ്രവർത്തനങ്ങൾ തുടരുമെന്ന് ആക്ഷൻ കൗൺസിൽ സമരസമിതി അറിയിച്ചു.
 
എൻഡോസൾഫാൻ: 
325 ഫയൽ തീർപ്പാക്കി
കാസർകോട്‌
ഞായറാഴ്‌ച കലക്ടറേറ്റിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ 325 ഫയലുകൾ  തീർപ്പാക്കി. ദുരിതബാധിതർക്ക് ധനസഹായം നൽകാൻ വില്ലേജ് ഓഫീസുകളും അക്ഷയ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ചു. താലൂക്ക് ഒഫീസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി. കലക്ടറേറ്റിൽ ധനസഹായത്തിനായുള്ള അപേക്ഷകളിൽ നടപടിയെടുത്തു. ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്ന നടപടികളാണ് കലക്ടറേറ്റിലെ സെല്ലിൽ നടക്കുന്നത്‌. ശനിയാഴ്‌ച വരെ 140.56 കോടി രൂപ ധനസഹായം നൽകി. 3308 പേർക്കാണിത്‌. അപേക്ഷിച്ച എല്ലാവർക്കും വേഗത്തിൽ തുക നൽകുമെന്ന്‌ കലക്ടർ സ്വാഗത് ആർ ഭണ്ഡാരി പറഞ്ഞു. ഇനിയും അപേക്ഷ നൽകാത്തവർ അക്ഷയകേന്ദ്രം വഴി അപേക്ഷിക്കണം. മരിച്ചിട്ടുണ്ടെങ്കിൽ അവകാശികൾ രേഖകളുമായി അപേക്ഷിക്കണം. കൂടുതൽ വിവരം വില്ലേജ് ഓഫീസുകളിൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top