27 April Saturday

നാളെ ലോക പരിസ്ഥിതി ദിനം തെെ നടൂ; സമ്മാനം നേടൂ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കോളിയടുക്കത്തിനടുത്ത്‌ പൊന്നേക്കായടുക്കത്ത് റോഡരികിൽ ചില്ലകൾ വെട്ടിമാറ്റിയ മരം. പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെന്ന്‌ വ്യാഖ്യാനിച്ചാണ്‌ സ്വകാര്യ വ്യക്തികൾ മരംമുറിച്ചത്‌. കലക്ടർക്കും ജില്ലാ ട്രീ കമ്മിറ്റിക്കും ലഭിച്ച പരാതിയെ തുടർന്ന്‌ ജില്ലാ ജൈവവൈവിധ്യ കോ–ഓഡിനേഷൻ കമ്മിറ്റി യോഗം വിശദീകരണം തേടി‌.

കാസർകോട്‌
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ദേശീയപാത അടക്കമുളള പ്രധാന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവരുടെ വീട്ടുവളപ്പിലും റോഡരികിലും തണൽമരങ്ങളും പൂമരങ്ങളും നട്ടുപിടിപ്പിക്കാൻ മത്സരം സംഘടിപ്പിക്കുമെന്ന്‌  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അറിയിച്ചു. 
അടുത്തവർഷം ജൂൺ അഞ്ചിന്‌ നട്ട മരങ്ങൾ പരിശോധിച്ച് അവാർഡ് നൽകാൻ  ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ യോഗം തീരുമാനിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ വി എം അഖില  റിപ്പോർട്ട് അവതരിപ്പിച്ചു.
 
20 അപൂർവ ഇനം സസ്യത്തെ സംരക്ഷിക്കും
ജില്ലയിൽ മാത്രം വളരുന്ന ഇരുപതോളം സ്പീഷീസിലുളള അപൂർവ സസ്യങ്ങളെ സംരംക്ഷിക്കാനും അവയുടെ വിശദാംശങ്ങൾ അടങ്ങിയ ബോർഡ് പ്രദർശിപ്പിക്കാനും ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചു.   ഇതുസംബന്ധിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കും. ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായ നെയ്യങ്കയം സംരക്ഷിക്കും.
  ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്ന മുറക്ക് പാതയോരങ്ങളിൽ പൂമരങ്ങൾ വച്ച് പിടിപ്പിക്കാനും യോഗം തീരുമാനിച്ചു. 
 
കോളിയടുക്കത്തെ മരം മുറി അന്വേഷിക്കും
കോളിയടുക്കം പൊന്നക്കായടുക്കത്ത്‌ വ്യാപകമായി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ചെമ്മനാട് ജൈവ വൈവിധ്യ മനേജിങ്‌ കമ്മറ്റിയോട് റിപ്പോർട്ട് തേടാനും കമ്മിറ്റി തീരുമാനമെടുത്തു. 
   ജില്ലാ പ്ലാനിങ്‌ ഓഫീസർ എ എസ് മായ,  ഡോ. പി ബിജു, പ്രൊഫ. വി ഗോപിനാഥൻ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്‌ ഖാദർ ബദരിയ എന്നിവർ സംസാരിച്ചു.
 
സിപിഐ എം പ്രവർത്തകർ നാളെ 2000 തൈ നടും
കാസർകോട്‌
ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്‌ച സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിൽ 2000 വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. കഴിഞ്ഞ വർഷവും സമാനമായ പരിസ്ഥിതി ദിന പരിപാടികൾ പാർടി സംഘടിപ്പിച്ചിരുന്നു. 
വീടിനടുത്തും ഓഫീസ്‌ പരിസരത്തും പൊതുസ്ഥലങ്ങളിലും പ്രവർത്തകർ തൈനടും. എല്ലാ പാർടിഘടകങ്ങളും വൃക്ഷത്തൈ നട്ടു  പരിപാടി വിജയിപ്പിക്കണമെന്ന്‌ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു.
 
ബാലസംഘം 
ഓർമമരം നടും
കാസർകോട്‌
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ബാലസംഘം നേതൃത്വത്തിൽ ജില്ലയിലെങ്ങും ഓർമ മരങ്ങൾ നടും.  സംഘടനയുടെ  85ാം വാർഷിക  വേളയിലാണ് ഇത്തവണത്തെ  പരിസ്ഥിതി ദിനാചരണം. ഇതിന്റെ ഭാഗമായി മുഴുവൻ ഏരിയകളിലും 85 വൃക്ഷ തൈകൾ വീതമാണ്‌ നടുക. ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ഏരിയയിൽ നടക്കും. വില്ലേജ് കേന്ദ്രങ്ങളിൽ  ‘മാലിന്യമുക്ത നവകേരളം’  വിഷയത്തിൽ  സെമിനാറും  സംഘടിപ്പിക്കും.
 
ലൈബ്രറി കൗൺസിൽ പരിസ്ഥിതി ദിനാചരണം
കാഞ്ഞങ്ങാട്
ജില്ലാ ലൈബ്രറി കൗൺസിൽ  പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. അഞ്ചിന് ഗ്രന്ഥശാലകളിൽ ഫലവൃക്ഷത്തൈകൾ നടും.   പരിസ്ഥിതി പ്രഭാഷണം, പരിസ്ഥിതി ക്വിസ്, ഡോക്യുമെന്ററി പ്രദർശനം, ചിത്രരചനാ മത്സരംൾ, പരിസ്ഥിതിഗാനാലാപന മത്സരം എന്നിവയും നടക്കും.    കൗൺസിൽ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ. പി പ്രഭാകരനും അഭ്യർഥിച്ചു.
 
20 ലക്ഷം തൈകൾ റെഡി
കാസർകോട്‌
നാടിനെ ഹരിതാഭമാക്കാൻ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷത്തെെകൾ തയ്യാറായി. ലോക പരിസ്ഥിതി ദിനമായ അഞ്ചിന്‌ വിതരണം ചെയ്യാൻ  വിവിധ ഇനം തെെകളാണ്  വകുപ്പ് ഇക്കുറിയും സജ്ജമാക്കിയത്‌. 
 
പലതുണ്ട്‌ തൈകൾ
റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്കിൻതൈ, മാവ്,  സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്തി, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പൻപുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സിൽവർ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേർ, പൂമരുത്, അകിൽ, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ എന്നിങ്ങനെ 65 ഇനം തൈകളാണ് തിങ്കൾ മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ  വിതരണം ചെയ്യുന്നത്. വിതരണത്തിന് ഇതിനോടകം ആകെ 20,91,200 തൈകൾ തയാറായിട്ടുണ്ട്.
 
തൈ കിട്ടും ഫ്രീയായി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക്‌ സൗജന്യമായി വൃക്ഷതൈ വിതരണം ചെയ്യും. മൂന്നു വർഷം നട്ടു പരിപാലിക്കും എന്ന് ഉറപ്പുവരുത്തി സർക്കാരേതര സംഘടനകൾക്കും നൽകും. വനം വകുപ്പ് നഴ്സറികളിൽ നിന്നും തിങ്കൾ മുതൽ ജൂലൈ ഏഴുവരെ നേരിട്ട് കൈപ്പറ്റാം.  സബ് ഔട്ട്‌ലെറ്റുകളും തൈ വിതരണത്തിന്‌ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 
 
നാട്ടുമാവ്‌ മധുരം കാക്കും
ഇല്ലാതാകുന്ന കാട്ടു, നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹ്യവനവത്ക്കരണ വിഭാഗം ‘നാട്ടുമാവും തണലും’ എന്ന പദ്ധതിയും ആവിഷ്‌കരിച്ചു. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥലമുള്ള പാതയോരങ്ങളിൽ നട്ടു വളർത്തുന്നതാണ് പദ്ധതി.  റോഡ് വികസനത്തിൽ മാവുകൾ മുറിച്ച സ്ഥലത്ത്‌  തണലേകുന്ന വിധത്തിൽ മാവിൻ തൈ നട്ടുവളർത്തും.  തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സംരക്ഷണ കവചവും സ്ഥാപിക്കും. സമാനമായി കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുത്ത്‌ നടത്തുന്നുണ്ട്‌. 
 
നാളെ 41 കേന്ദ്രങ്ങളില്‍ ഹരിതസഭ
കാസർകോട്‌
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിങ്കളാഴ്‌ച തദ്ദേശ  സ്ഥാപനങ്ങളിൽ ഹരിതസഭക ചേരും. ക്യാമ്പയിൻ പൂർത്തീകരിക്കണമെന്ന  നിർദേശത്തിന്റെ വിലയിരുത്തൽ സഭയിൽ നടക്കും.  പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, ഹരിത കർമ സേന പ്രതിനിധികളുടെ അവതരണം, ഗ്രൂപ്പ് ചർച്ച,  അനുമോദനം എന്നിവയും നടത്തും.  ഹരിതസഭകളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ എട്ടിന് മുമ്പ് തദ്ദേശ വകുപ്പിന് സമർപ്പിക്കണം.
 
ഹരിതസഭാ കേന്ദ്രങ്ങൾ
 ഉപ്പള വ്യാപാര ഭവൻ (രാവിലെ 10ന്‌), വോർക്കാടി പഞ്ചായത്ത് ഹാൾ (10),  പുത്തിഗെ പഞ്ചായത്ത് ഹാൾ (11), മീഞ്ച മിയാപദവ്‌ മാർക്കറ്റ് ഹാൾ (10), മഞ്ചേശ്വരം ജിഎൽപി സ്‌കൂൾ (10.30), പൈവളിഗെ കുടുംബശ്രീ ഹാൾ (10), എൻമകജെ  കൃഷിഭവൻ (10).
 ബെള്ളൂർ പഞ്ചായത്ത് ഹാൾ (10.30), കുംബഡാജെ പഞ്ചായത്ത് ഹാൾ (10), മുള്ളേരിയ ടൗൺ ഗണേഷ് മന്ദിരം  (2),  കുറ്റിക്കോൽ വ്യാപാരി ഹാൾ (2),  ബോവിക്കാനം സൗപർണികാ ഓഡിറ്റോറിയം (2),  ദേലമ്പാടി പഞ്ചായത്ത് ഹാൾ (10),  ബേഡകം മോലുത്തുങ്കാൽ കാവ്‌  (2).
ബളാൽ പഞ്ചായത്ത് ഹാൾ  (11), കള്ളാർ പഞ്ചായത്ത് ഹാൾ  (10.30), ബേളൂർ ശിവക്ഷേത്രം ഓഡിറ്റോറിയം  (2),  പനത്തടി പഞ്ചായത്ത് ഹാൾ  (2),  ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാൾ  (10.30),  ഭീമനടി വ്യാപാരി ഭവൻ ഓഡിറ്റോറിയം  (11), കിനാനൂർ കരിന്തളം എഡിഎസ് ഹാൾ  (2.30).
 ബദിയടുക്കയിൽ സംസ്‌കൃതി വനം  (10), ചെങ്കള പിഎച്ച്‌സി ഹാൾ  (10), മധൂർ പഞ്ചായത്ത്‌ ഹാൾ  (11), ചെമ്മനാട്  പഞ്ചായത്ത് ഹാൾ  (10.30), മൊഗ്രാൽ പുത്തൂർ സൺ റോക്ക് റസ്റ്റോറന്റ്‌ (11).
 ഉദുമ കമ്മ്യൂണിറ്റി ഹാൾ  (10.30), മടിക്കൈ പഞ്ചായത്ത്‌ ഹാൾ (10),  പള്ളിക്കര സഹകരണ ബാങ്ക് ഹാൾ  (2),  പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഹാൾ (9)
 ചെറുവത്തൂർ പഞ്ചായത്ത് ഹാൾ (10), പടന്ന ക്ഷേത്ര ഓഡിറ്റോറിയം  (10.30), ചീമേനി സർവീസ് സഹകരണ ബാങ്ക് ഹാൾ (2), പിലിക്കോട്  ഏച്ചിക്കുളങ്ങര അമ്പലം ഓഡിറ്റോറിയം  (2.30), തൃക്കരിപ്പൂർ ടൗൺഹാൾ  (2), വലിയപറമ്പ്‌ പഞ്ചായത്ത് ഹാൾ  (2).
 കാസർകോട് നഗരസഭാ ഹാൾ (2.30), കാഞ്ഞങ്ങാട് വ്യാപാര ഭവൻ  (10),  നീലേശ്വരം വ്യാപാരി ഭവൻ (2).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top