21 March Tuesday

ആരോഗ്യമുറപ്പാക്കാൻ 2828.33 കോടി

സ്വന്തം ലേഖികUpdated: Saturday Feb 4, 2023
തിരുവനന്തപുരം
കേരളത്തിന്റെ അഭിമാനമായ പൊതുജനാരോഗ്യമേഖലയെ കൂടുതൽ ഉന്നതങ്ങളിലെത്തിക്കാൻ ബജറ്റിൽ വകയിരുത്തിയത്‌ 2828.33 കോടി രൂപ. മുൻവർഷത്തേക്കാൾ 196.5 കോടിരൂപ അധികം വകയിരുത്തി. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ അഞ്ചുകോടിയും ജില്ലാ ആശുപത്രികളിൽ അർബുദ ചികിത്സാകേന്ദ്രം സ്ഥാപിക്കാൻ 2.5 കോടിയും വകയിരുത്തിയിട്ടുണ്ട്‌. ഗോത്ര, തീരദേശ, വിദൂരമേഖലകളിൽ ആരോഗ്യപരിചരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനും 15 കോടി മാറ്റിവച്ചു. ഇ–- ഹെൽത്തിന്‌ 30 കോടിയും ദേശീയ ആരോഗ്യദൗത്യത്തിന്‌ സംസ്ഥാന വിഹിതമായി 500 കോടിയും വകയിരുത്തി.
ആയുർവേദ, സിദ്ധ, യൂനാനി, യോഗ, നാച്ചുറോപ്പതി എന്നിവയ്ക്ക്‌ 49.05 കോടിയും ഭാരതീയ ചികിത്സാ വകുപ്പിന്‌ 24 കോടിയും ഹോമിയോപ്പതിക്ക്‌ 25.15 കോടിയും നീക്കിവച്ചു.
 
മെഡിക്കൽ 
വിദ്യാഭ്യാസത്തിന്‌ 463.75
കോടി
തിരുവനന്തപുരം 
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക്‌ 463.75 കോടി രൂപ വകയിരുത്തി. വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി, തിരുവനന്തപുരം ഫാർമസ്യൂട്ടിക്കൽ സയൻസ് കോളേജ് എന്നിവയുടെ വികസന പ്രവർത്തനങ്ങൾക്ക്‌ 232.27 കോടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കൽ കോളേജുകളിലെയും മറ്റ് ആശുപത്രികളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക്‌ 13 കോടിയും അനുവദിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അർബുദ ചികിത്സാ വിഭാഗത്തിന്‌ പിഇടി സിടി സ്കാനർ വാങ്ങാൻ 15 കോടി വകയിരുത്തി. 
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടിയും നൽകും.
   ആയുർവേദത്തിന്റെ ശാസ്ത്രീയ വികസനത്തിന്‌ സ്ഥാപിക്കുന്ന ഇന്റർ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ പ്രാരംഭ നിർമാണപ്രവർത്തനങ്ങൾക്കും  ഗവേഷണത്തിനുമായി  രണ്ടുകോടി രൂപ വകയിരുത്തി.  ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.90 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌.
 
പേവിഷത്തിന്  എതിരെ 
തദ്ദേശീയ വാക്സിൻ
സംസ്ഥാനത്ത്‌ പേവിഷബാധയേൽക്കുന്നവരും മരണവും വർധിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനും മുൻഗണന. പേവിഷത്തിനെതിരെ തദ്ദേശീയ ഓറൽ വാക്സിൻ വികസിപ്പിക്കാനുള്ള സംരംഭത്തിന്‌ തുടക്കമിടും. ഇതിന്‌ അഞ്ചുകോടി വകയിരുത്തി. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ വൈറോളജിയുടെയും കേരള വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ്‌ സർവകലാശാലയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും സംയുക്ത പ്രവർത്തനത്തിലൂടെ  ഇത്‌ സാധ്യമാക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ വികസനത്തിന്‌ 50 കോടിയും വകയിരുത്തി. 80,000 അധിക ചതുരശ്ര അടിയും കൂട്ടിച്ചേർക്കും. 
 
കാസ്പിന്‌ 574.5 കോടി
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ ഇത്തവണത്തെ ബജറ്റ്‌ വിഹിതം 574.5 കോടി. മുൻവർഷത്തേക്കാൾ 74.5 കോടി അധികമാണിത്‌. 2023–-24 മുതൽ താലോലം, കുട്ടികൾക്കായുള്ള ക്യാൻസർ സുരക്ഷാ പദ്ധതി, കുട്ടികളിലെ കൊക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി ശ്രുതിതരംഗം എന്നിവയും കാസ്പ്‌ മുഖേന നടപ്പാക്കും.
 
അർബുദ 
ചികിത്സ: 123.5 കോടി
സംസ്ഥാനത്തെ മൂന്ന്‌ അർബുദ ചികിത്സാകേന്ദ്രത്തിനുമായി  123.5 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിന് 81 കോടിയും മലബാർ ക്യാൻസർ സെന്ററിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്കു കീഴിൽ 28 കോടിയും കൊച്ചിൻ ക്യാൻസർ സെന്ററിന് ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്കു കീഴിൽ 14.5കോടിയും അനുവദിച്ചു. 
 
നഴ്സിങ് കോളേജുകൾക്ക്‌ 
20 കോടി
തിരുവനന്തപുരം 
  നഴ്സിങ് കോളേജുകൾ ആരംഭിക്കാൻ  20 കോടി രൂപ വകയിരുത്തി. ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും ജനറൽ ആശുപത്രികളോടും അനുബന്ധിച്ച് ആരംഭിക്കും  .  ആദ്യഘട്ടത്തിൽ 25 ആശുപത്രിയിൽ സഹകരണ സ്ഥാപനങ്ങളുടെയും സിഇപിഎഎസ്, സീമാറ്റ് പോലെയുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാകും തുടങ്ങുക.
 
ഓട്ടിസം 
പാർക്കിന് 40 ലക്ഷം
ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിന്തുണ നൽകാൻ ആരംഭിച്ച ഓട്ടിസം പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് 40 ലക്ഷം അനുവദിച്ചു. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി നടത്തിപ്പിന് സംസ്ഥാനവിഹിതമായി 60 കോടി രൂപ വകയിരുത്തി. സ്കൂളുകളിലെ  ഉച്ചഭക്ഷണ നടത്തിപ്പിന് 344.64 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top