23 April Tuesday
ലാത്വിയൻ യുവതിയുടെ കൊലപാതകം

2 പ്രതികളും കുറ്റക്കാർ

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022
തിരുവനന്തപുരം 
കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്‌ത്‌ കൊന്ന്‌ കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവർ കുറ്റക്കാരെന്ന്‌ കോടതി. കേസിൽ തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി സനിൽകുമാർ തിങ്കളാഴ്ച ശിക്ഷ വിധിക്കും.  
കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കൽ, മയക്കുമരുന്ന് നൽകി ഉപദ്രവിക്കൽ, മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 
2018ൽ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സയ്‌ക്കെത്തിയ ലാത്വിയൻ വനിതയാണ്‌ കോവളത്ത്‌ കൊല്ലപ്പെട്ടത്‌. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികളും സമീപവാസികളുമായ ഉദയൻ, ഉമേഷ് എന്നിവർ സമീപിച്ചു. ബോട്ടിങ് നടത്താനെന്ന പേരിൽ വള്ളത്തിൽ പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിൽ എത്തിച്ചു. തുടർന്ന് ലഹരി പദാർഥങ്ങൾ നൽകിയ ശേഷം ബലാൽസംഗം ചെയ്യുകയും വള്ളികൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലുകയുമായിരുന്നു.
യുവതിയെ കാണാതായതിനെ തുടർന്ന് മാർച്ച്‌ 14ന്‌ സഹോദരി പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. യുവതി കോവളത്ത് എത്തിയതായി സിസിടിവി  ദൃശ്യങ്ങളിൽ കണ്ടെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമായിരുന്നില്ല. സംശയം തോന്നിയ പലരെയും ചോദ്യംചെയ്തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ ശരീരം കണ്ടെത്തിയത്‌.
പ്രോസിക്യൂഷൻ 30 സാക്ഷികളെ വിസ്‌തരിച്ചു. രണ്ട് പേർ കൂറുമാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി. കെമിക്കൽ എക്സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്. സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ മോഹൻരാജ് ഹാജരായി.
 
ശിക്ഷ ഉറപ്പിച്ചത്‌ ശാസ്‌ത്രീയ അന്വേഷണവും സാഹചര്യത്തെളിവുകളും
തിരുവനന്തപുരം
ലാത്വിയൻ യുവതിയെ കൊന്ന കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത്‌ പൊലീസ്‌ സമർപ്പിച്ച ശാസ്‌ത്രീയ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ. ഡിഎൻഎ പരിശോധനയടക്കം നടത്തി കൊല്ലപ്പെട്ടത്‌ വിദേശ വനിതയാണെന്ന്‌ തിരിച്ചറിഞ്ഞത്‌ മുതൽ ശാസ്‌ത്രീയ അന്വേഷണമാണ്‌ പൊലീസ്‌ നടത്തിയത്‌.     കൊല്ലപ്പെട്ട് 38 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതെന്നത്‌ പൊലീസിന്‌ വെല്ലുവിളിയായിരുന്നു. മൃതദേഹം ജീർണിച്ചതിനാൽ തെളിവുകൾ പലതും നഷ്‌ടമായി. സാഹചര്യത്തെളിവിലൂടെയാണ്‌ പ്രതികളിലേക്കെത്തിയത്‌. പ്രദേശത്തെക്കുറിച്ച് ഒരു പരിചയവുമില്ലാത്ത യുവതിക്ക് സ്ഥലം നന്നായി അറിയാവുന്നയാളുടെ സഹായമില്ലാതെ എത്താനാകില്ലെന്ന വാദം അംഗീകരിക്കപ്പെട്ടു. 
നിർണായക സാക്ഷിയായ കെമിക്കൽ എക്‌സാമിനർ മൊഴി മാറ്റിയെങ്കിലും മറ്റ് റിപ്പോർട്ടുകൾ കേസിൽ ഗുണകരമായി. രണ്ട് സാക്ഷികൾ മാത്രമാണ് കൂറുമാറിയത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ശശികലയുടെ റിപ്പോർട്ടും കോടതി അംഗീകരിച്ചു.സ്വകാര്യഭാഗത്തെ മുറിവുകളും മൃതദേഹത്തിൽ അടിവസ്‌ത്രം ഇല്ലാതിരുന്നതും സാഹചര്യത്തെളിവുകളായി. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിവസ്‌ത്രം കണ്ടെത്തി.
   കേസ് തെളിയിക്കുകയെന്നത് അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കടുത്ത വെല്ലുവിളിയായിരുന്നെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മോഹൻരാജ് പ്രതികരിച്ചു.  അസി. കമീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഐജി പി പ്രകാശും പ്രതികരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top