25 April Thursday

മേലെചൊവ്വ അടിപ്പാത നിർമാണം ജനുവരിയിൽ

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020
കണ്ണൂർ
ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ നിർമിക്കുന്ന മേലെചൊവ്വ അടിപ്പാതയുടെ നിർമാണം ജനുവരിയിൽ തുടങ്ങും. സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലേക്ക്. എൽഡിഎഫ് സർക്കാർ കണ്ണൂരിന് വാഗ്ദാനം ചെയ്ത സുപ്രധാന പദ്ധതികളിലൊന്നാണിത്‌.‌  കണ്ണൂർ വിമാനത്താവളംകൂടി വന്നതോടെ വർധിച്ച വാഹനക്കുരുക്കിന് ഇതോടെ പരിഹാരമാകും.
കിഫ്ബിയിൽനിന്ന് 
26.86 കോടി
മേലെ ചൊവ്വ ജങ‌്ഷനിൽ ജില്ലയിലെ ആദ്യത്തെ ആധുനിക അടിപ്പാതയാണ് നിർമിക്കുന്നത്. കണ്ണൂർ നഗരത്തിലേക്കുള്ള മുഖ്യ കവാടമായ ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്കുണ്ടാക്കുന്ന ദുരിതം ചെറുതല്ല.   ഇതിന് ശാശ്വത പരിഹാരമൊരുക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ അടിപ്പാത നിർമാണത്തിന് അനുമതി നൽകിയത്. കി ഫ്ബി 26.86 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. 
സമാന്തരമായി 
സർവീസ് 
റോഡുകൾ
312 മീറ്റർ ദൈർഘ്യത്തിലുള്ള അടിപ്പാതയ്ക്ക് ഒമ്പത് മീറ്റർ വീതിയാണുണ്ടാവുക.  റോഡിന് ഏഴുമീറ്റർ വീതി. ഇരുഭാഗത്തും അഞ്ചരമീറ്റർ സർവീസ് റോഡുണ്ടാകും. 
ഒന്നര മീറ്റർ നടപ്പാതയും ഒരുക്കും. ചൊവ്വ ഹൈസ്കൂളിനും ചൊവ്വ ധർമസമാജം യുപി സ്കൂളിനും ഇടയിൽനിന്ന് തുടങ്ങി മേലെ ചൊവ്വ ജങ‌്ഷൻ കടന്ന‌് ഇറക്കത്തിനടുത്തുള്ള വാഹനവിൽപന സ്ഥാപനംവരെ ദൈർഘ്യമുള്ളതായിരിക്കും അടിപ്പാത. തലശേരി ഭാഗത്തേക്ക് അടിപ്പാത ഉപയോഗിക്കുമ്പോൾ മട്ടന്നൂർ ഭാഗത്തേക്ക് സർവീസ് റോഡിലൂടെ വാഹനങ്ങൾ നീങ്ങും. 
മട്ടന്നൂരിൽനിന്ന് കണ്ണൂരിലേക്കുള്ളവ അടിപ്പാതയ്ക്ക് മുകളിലൂടെ സർവീസ് റോഡിലേക്ക് കയറും. മട്ടന്നൂരിൽനിന്ന് താഴെ ചൊവ്വ ഭാഗത്തേക്കുള്ളവ സർവീസ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കും.  
ഭൂമിയേറ്റെടുക്കാൻ
മാത്രം 
12 കോടി
അടിപ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം ഡിസംബറോടെ പൂർത്തിയാക്കും. ഇതിനുമാത്രമായി 12 കോടി രൂപ ഉപയോഗിക്കും. ഇതിനുപുറമെ കെട്ടിടത്തിനുള്ള നഷ്ടപരിഹാരവും നൽകും. ഒഴിപ്പിക്കപ്പെടുന്ന കടകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നൽകുന്നതിനായി പ്രത്യേക പാക്കേജായി ഒരു കോടിയോളം രൂപയും വിനിയോഗിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രത്യേക താൽപര്യമെടുത്താണ് നടപടികൾ വേഗത്തിലാക്കിയത്. ആർബിഡിസികെയ്ക്കാണ് നിർമാണ ചുമതല.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top