കല്യാശേരി
വികസന മുന്നേറ്റത്തിന്റെ നിരവധി മാതൃക തീർത്ത കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇടതുപക്ഷത്തിന് സമ്പൂർണ ആധിപത്യം. എൽഡിഎഫിന് ശക്തമായ അടിത്തറയുള്ള ഈ ബ്ലോക്ക് 2010ലാണ് രൂപീകരിച്ചത്. പയ്യന്നൂർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭാഗമായിരുന്ന ചെറുതാഴം, ഏഴോം, മാടായി, മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്യാശേരി, നാറാത്ത് പഞ്ചായത്തുകൾ ചേർത്താണ് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചത്.
പഴയങ്ങാടി, മാടായി, ചെറുതാഴം, പിലാത്തറ, ഏഴോം, ചെറുകുന്ന്, കണ്ണപുരം, ഇരിണാവ്, കല്യാശേരി ഡിവിഷൻ എൽഡിഎഫിനൊപ്പവും നാറാത്ത്, കണ്ണാടിപ്പറമ്പ്, മാട്ടൂൽ സൗത്ത്, മാട്ടൂർ നോർത്ത്, പുതിയങ്ങാടി ഡിവിഷൻ യുഡിഎഫിനൊപ്പവുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. ആകെ 216142 വോട്ടർമാർ.
വി വി പ്രീത പ്രസിഡന്റും പി ഗോവിന്ദൻ വൈസ് പ്രസിഡന്റുമായ കഴിഞ്ഞ ഭരണസമിതി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തി. ആറ് കോടി രൂപ ചെലവിൽ ചെറുകുന്ന് താവത്ത് ആസ്ഥാന മന്ദിരം ഒരുക്കി. 178 അങ്കണവാടികൾ ശിശുസൗഹൃദവും പ്രകൃതിസൗഹൃദവുമാക്കി. 18 വനിതാ വ്യവസായ യൂണിറ്റുകൾ ആരംഭിച്ചു. മാട്ടൂൽ കുടുംബാരോഗ്യകേന്ദ്രം ദേശീയ ക്വാളിറ്റി പുരസ്കാരം നേടി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്‌കോർ (98.5) നേടിയാണ് ഒന്നാമതെത്തിയത്. ആയിരത്തിലേറെ വീടുകൾ ‘ലൈഫി’ൽ നിർമിച്ചു. ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി. ചെറുകുന്ന് താവത്തും ചെറുതാഴത്തും വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചു. വനിതാ വ്യവസായ സംരംഭകർക്കായി ഇരിണാവിൽ വ്യവസായ സംരംഭകത്വ കേന്ദ്രം സ്ഥാപിച്ചു. എരിപുരം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. അമ്മയും കുഞ്ഞും ആശുപത്രി നിർമാണം, ഏഴോം പിഎച്ച്സി നവീകരണം, തീരമേഖലയിലെ ഉപ്പുവെള്ള പ്രതിരോധം, ക്യാൻസർ വിമുക്തിക്കായി ‘സ്നേഹസ്പർശം’ തുടങ്ങിയ പദ്ധതികളും ശ്രദ്ധേയം. രാഷ്ട്രീയ പരിഗണനയില്ലാതെ നാടിന്റെയാകെ വികസനത്തിനായി നടത്തിയ പ്രവർത്തനങ്ങളിൽ എതിരാളികൾക്കും വിയോജിപ്പുയർത്താനാകുന്നില്ല. ഭരണത്തുതുടർച്ചയ്ക്കാണ് എൽഡിഎഫ് വോട്ടഭ്യർഥിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..