19 April Friday

ടൂറിസം മേഖലയിൽ കൈയൊപ്പ്‌ ചാർത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കാപ്പാട് സൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടന വേദിയിൽ കോടിയേരി (ഫയൽ ചിത്രം)

സ്വന്തം ലേഖകൻ

കോഴിക്കോട്‌
സംസ്ഥാന ടൂറിസം ഭൂപടത്തിലേക്ക്‌ കോഴിക്കോട്‌ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെ കൈപിടിച്ചുയർത്തിയതിൽ കോടിയേരി ബാലകൃഷ്ണൻ എന്ന ധിഷണാശാലിയായ ടൂറിസം മന്ത്രിയുടെ പങ്ക്‌ വിസ്‌മരിക്കാനാവില്ല. മൂന്നാർ, തേക്കടി തുടങ്ങി സംസ്ഥാനത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നിരയിലേക്ക്‌ അധികമാരും ശ്രദ്ധിക്കാതിരുന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും മുന്നേറിയതിൽ കോടിയേരിയുടെ കൈയൊപ്പുണ്ട്‌. ബ്ലൂ ഫ്‌ളാഗ് ബീച്ചായ കാപ്പാടിന്റെ ടൂറിസം സാധ്യത തിരിച്ചറിഞ്ഞതും കോഴിക്കോട്‌ കടപ്പുറത്ത്‌ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതും ജാനകിക്കാട്‌ ഇക്കോ ടൂറിസം കേന്ദ്രം പൂർത്തീകരിച്ചതുമെല്ലാം കോടിയേരി ടൂറിസം മന്ത്രിയായിരിക്കെയാണ്‌. 
ആരും ശ്രദ്ധിക്കാതിരുന്ന കടൽത്തീരം സഞ്ചാരികളെ ആകർഷിക്കുംവിധം കമനീയമാക്കുന്നതിൽ കോടിയേരി എന്ന ഭരണാധികാരിയുടെ മിടുക്ക്‌ കേരളം കണ്ടു. വിനോദസഞ്ചാര സാധ്യതകളെ വളർത്തിയെടുത്ത്‌ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികളാണ്‌ കോടിയേരി വിനോദസഞ്ചാര വകുപ്പിന്റെകൂടി ചുമതല നിർവഹിച്ച 2006 മുതൽ 2011 വരെ നടപ്പിലായത്‌. 
 
കോഴിക്കോട്‌ കടപ്പുറം 
വികസനത്തിന്‌ 
തുടക്കമിട്ടു
കോഴിക്കോട്‌ കടപ്പുറത്ത്‌ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്‌ കോടിയേരിയുടെ നേതൃത്വത്തിലാണ്‌. ആയിരങ്ങളെ അഭിമുഖീകരിച്ച്‌ സംസാരിക്കാനുമുള്ള പൊതുവേദിയും ഗ്രീൻ റൂമുമടക്കമുള്ള സ്‌റ്റേജും പണിതു. ഭട്ട്‌റോഡ്‌ ബീച്ച്‌, കോഴിക്കോട്‌ കടപ്പുറം, സരോവരം ബയോപാർക്ക്‌, കടത്തനാടൻ ടൂറിസം, കാപ്പാട്‌ ബീച്ച്‌ തുടങ്ങിയവയുടെ നവീകരണത്തിനായി 300 കോടി രൂപയുടെ പദ്ധതികൾ ഇക്കാലത്ത്‌ നടപ്പാക്കി. കോഴിക്കോട്‌ കടപ്പുറം ശിൽപ്പഭംഗിയിലേക്കും വൃത്തിയും വെടിപ്പുമുള്ള കടൽത്തീരമായും മാറി. തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരുകളും ഇത്‌ തുടർന്നതോടെ രാജ്യാന്തര നിലവാരത്തിലേക്ക്‌ കോഴിക്കോട്‌ കടപ്പുറം ഉയർന്നു. മുൻ എംഎൽഎ പ്രദീപ്‌കുമാറിന്റെ നിർദേശം ഉൾക്കൊണ്ടാണ്‌ ഭട്ട്‌റോഡിലെ ബീച്ച്‌ നവീകരണം ആരംഭിക്കുന്നത്‌. കടലോര ടൂറിസ വികസനത്തിന്റെ മാതൃകയായ ഭട്ട്‌റോഡിലേക്ക്‌ ഇപ്പോൾ സഞ്ചാരികൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. നഗരത്തിന്റെ ഹൃദയഭാഗത്തെ പച്ചത്തുരത്തായി സരോവരം ബയോപാർക്കിനെ വികസിപ്പിച്ചെടുത്തതോടെ ഇവിടേക്കും സഞ്ചാരികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി.
വിനോദസഞ്ചാര മേഖലയിൽ മനുഷ്യ വിഭവശേഷി ഫലപ്രദമായി വിനിയോഗിക്കാൻ കോഴിക്കോട്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌ എന്ന സ്ഥാപനവും തുടങ്ങി.  
 
കാപ്പാടിനെ 
സൗന്ദര്യറാണിയാക്കി
കേരളത്തിലെ ഏക ബ്ലൂ ഫ്‌ളാഗ് ബീച്ചായ കാപ്പാടിന്റെ വികസനസാധ്യത ആദ്യം തിരിച്ചറിഞ്ഞത്‌ കോടിയേരി ടൂറിസം മന്ത്രിയായിരിക്കെയാണ്‌. തീരത്ത് ജലവിഭവ വകുപ്പിന്റെകൂടി സഹായത്തോടെ രണ്ടുഘട്ട പദ്ധതി നടപ്പാക്കി. തീരസംരക്ഷണത്തിന് നാല് പുലിമുട്ടുകൾ നിർമിച്ചു. ബീച്ചിനും റോഡിനുമിടയിൽ രണ്ട് കിലോമീറ്ററോളം നീളത്തിൽ ഓടുപാകിയ നടപ്പാതയുണ്ടാക്കി. മനോഹരമായ ഉദ്യാനം, പവലിയൻ, ഗാലറി, ശൗച്യാലയം, വാഹന പാർക്കിങ് സൗകര്യം എന്നിവ ഒരുക്കി. തുവപ്പാറമുതൽ തെക്കോട്ട് ഗാബിയോൺ ഇട്ടുള്ള കടൽഭിത്തി നിർമിച്ചു. തീരത്തെ മണൽക്കൊള്ള തടയാൻ തീരപൊലീസിനെ നിയോഗിച്ചു.
കേരളത്തിൽ ആദ്യമായി ഹൈമാസ്റ്റ് ടി ഫൈവ് വിളക്കുകളും 42 ജിആർപി ലൈറ്റുകളും സ്ഥാപിച്ചു. ഭൂമിക്കടിയിൽ 50,000 ലിറ്റർ വെള്ളം കൊള്ളുന്ന രണ്ടു കൂറ്റൻ ടാങ്കുകൾ സ്ഥാപിച്ച് കുടിവെള്ള സൗകര്യമൊരുക്കി. അന്താരാഷ്ട്ര പട്ടംപറത്തൽ ഉത്സവത്തിൽ വിദേശ രാജ്യങ്ങളിൽനിന്നടക്കം നിരവധി പേരെത്തി. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചു ആരംഭിച്ച കാപ്പാട് തീരവികസന പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ബ്ലൂ ഫ്ളാഗ് അംഗീകാരം കാപ്പാടിനെ തേടിയെത്തിയത്‌.
 
ജാനകിക്കാട് മിഴിതുറന്നു
ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം പണിപൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത് കോടിയേരി ടൂറിസം മന്ത്രിയായിരിക്കെ. 2008 ജനുവരി 14ന് കോടിയേരിയാണ്‌ കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നുനൽകിയത്‌. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള വനഭൂമി സർക്കാർ ഏറ്റെടുത്ത്‌ പ്രകൃതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. മരുതോങ്കര പഞ്ചായത്തിലെ 131 ഹെക്ടർ വനമേഖല ജൈവ വൈവിധ്യങ്ങൾക്കൊണ്ട്‌ സമ്പന്നമാണ്‌. വിവിധയിനം ജീവജാലങ്ങൾ, ഔഷധസസ്യങ്ങൾ, പക്ഷിമൃഗാദികൾ, വംശനാശം നേരിടുന്ന വൃക്ഷങ്ങൾ എന്നിവ നിറഞ്ഞ കാടിന്റെ വിനോദസഞ്ചാര സാധ്യതയാണ്‌ കോടിയേരിയുടെ കാലത്ത്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top