29 March Friday
ചാമ്പ്യന്‍സ് ബോട്ട് ലീഗ്

പിറവത്തെ ജലരാജാവായി 
നടുഭാഗം ചുണ്ടൻ

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022
പിറവം 
മൂവാറ്റുപുഴയാറിലെ ഒഴുക്കിനെ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ തുഴഞ്ഞുതോൽപ്പിച്ച്‌ നടുഭാഗം ചുണ്ടൻ പിറവത്തെ ജലരാജാവായി. ഒമ്പതു ചുണ്ടൻവള്ളങ്ങൾ മാറ്റുരച്ച ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാംസീസൺ നാലാംമത്സരത്തിൽ എൻസിഡിസി ബോട്ട്  ക്ലബ് തുഴഞ്ഞ നടുഭാഗം 4.14.48 മിനിറ്റിൽ ഒരു കിലോമീറ്റർ പിന്നിട്ടാണ് കപ്പിൽ മുത്തമിട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ 4.14.78 മിനിറ്റിൽ ഫിനിഷ്‌ ചെയ്‌ത്‌ രണ്ടാമതായി. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ 4.16.56 മിനിറ്റിൽ മൂന്നാമതെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ ആർകെ ടീമിന്റെ പൊഞ്ഞനത്തമ്മ ഒന്നാമതെത്തി.
പിറവം ബോട്ട് ക്ലബ്ബിന്റെ ശരവണൻ രണ്ടാംസ്ഥാനവും റോഡ് കടവ് ബോട്ട് ക്ലബ്ബിന്റെ വലിയ പണ്ഡിതൻ മൂന്നാംസ്ഥാനവും നേടി. മന്ത്രി കെ എൻ ബാലഗോപാൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. നടൻ രൺജി പണിക്കർ മുഖ്യാതിഥിയായി. ഇരുട്ടുകുത്തിവള്ളങ്ങളുടെ തുഴ നടൻ ലാലു അലക്സ് കൈമാറി. എം ജെ ജേക്കബ്, നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ഉപാധ്യക്ഷൻ കെ പി സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആലീസ് ഷാജു എന്നിവർ സംസാരിച്ചു.
ചുണ്ടൻവള്ളത്തിനുള്ള ഇ എം എസ്,- കെ കരുണാകരൻ, ടി എം ജേക്കബ് മെമ്മോറിയൽ ട്രോഫിയും ഇരുട്ടുകുത്തിവള്ളത്തിനുള്ള ഉമാദേവി അന്തർജനം ട്രോഫിയും തോമസ് ചാഴികാടൻ എംപി സമ്മാനിച്ചു.  പിറവം നഗരസഭയിലെ 27 വാർഡുകളെ ഒമ്പതു കരകളാക്കി തിരിച്ച് ഒന്നുവീതം ചുണ്ടൻവള്ളവും ഇരുട്ടുകുത്തിവള്ളവും കരക്കാർ ഏറ്റെടുത്തിരുന്നു. എട്ടിന് എറണാകുളം മറൈൻഡ്രൈവിലാണ് സിബിഎല്ലിന്റെ അടുത്തമത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top