16 April Tuesday

തലസ്ഥാനത്തിന്റെ സ്വന്തം

സ്വന്തം ലേഖികUpdated: Monday Oct 3, 2022

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോവളത്ത്‌ നടന്ന ഫിദൽ കാസ്‌ട്രോ അനുസ്‌മരണ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്‌ണൻ ദീപം തെളിച്ചപ്പോൾ

തിരുവനന്തപുരം 
കോടിയേരി എന്ന കൊച്ചുഗ്രാമത്തെ പേരിനൊപ്പം കൊണ്ടുനടക്കുമ്പോഴും "തലസ്ഥാനി' ആയിരുന്നു ബാലകൃഷ്‌ണൻ. കണ്ണൂരിനേക്കാൾ കൂടുതൽ കാലം അദ്ദേഹം ചെലവഴിച്ചത്‌ തിരുവനന്തപുരത്ത്‌ ആയിരുന്നു. 
രാഷ്ട്രീയ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവർത്തിച്ചതും തലസ്ഥാനം കേന്ദ്രമാക്കി. ജനിച്ചുവീണ കണ്ണൂരിനു ശേഷമുള്ള രണ്ടാം വീടായി. മാഹി മഹാത്മ ഗാന്ധി കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ ബിഎ ഹിന്ദി ബിരുദവിദ്യാർഥിയായി എത്തിയതുമുതലാണ്‌ ബാലകൃഷ്‌ണൻ തലസ്ഥാനത്തിന്റെ ഭാഗമായത്‌. 20 വയസ്സുപോലും ആകുന്നതിന്‌ മുമ്പാണത്‌. 
1973ൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ തലസ്ഥാനത്തെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി. 
അഞ്ചുതവണ തലശേരിയിൽനിന്ന്‌ നിയമസഭാംഗമായ അദ്ദേഹം എംഎൽഎ എന്നനിലയിൽ തലസ്ഥാനത്തോട്‌ ചേർന്നുനിന്നത്‌ 25 വർഷം. എംഎൽഎ ഹോസ്റ്റലിലെ വർഷങ്ങൾ നീണ്ട ജീവിതം. 2006 മന്ത്രിസഭയിൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. വിദ്യാർഥികാലംമുതൽ തലസ്ഥാനത്തെ സമരങ്ങളിൽ ആ മുഖം സജീവമായിരുന്നു. 
കല, സാംസ്കാരിക, രാഷ്‌ട്രീയ മേഖലകളിലെ എണ്ണമറ്റ സുഹൃദ്‌ബന്ധങ്ങളും ഇവിടെനിന്നുണ്ടായി. 1995ൽ 42–ാം വയസ്സിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായതുമുതൽ പ്രധാന പ്രവൃത്തികേന്ദ്രം എ കെ ജി സെന്ററായിരുന്നു. 
പിന്നീട്‌ സെന്ററിലെ മുറിയിൽനിന്ന്‌ എ കെ ജി ക്വാർട്ടേഴ്സിലേക്ക്‌. തിരുവനന്തപുരത്ത്‌ എത്തുന്ന ആർക്കും കോടിയേരിയെ സമീപിക്കാൻ എ കെ ജി സെന്ററിൽ എത്താമായിരുന്നു. സാധാരണക്കാരുമായും താഴേത്തട്ടിലെ പാർടി പ്രവർത്തകരുമായും അടുത്തബന്ധം പുലർത്തി അദ്ദേഹം. 
രാഷ്‌ട്രീയ ജീവിതത്തിൽ അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്‌ എ കെ ജി സെന്ററിൽ തന്നെയാകും. എ കെ ജി സെന്ററിന്‌ എതിർവശത്തുള്ള ക്വാർട്ടേഴ്‌സിൽനിന്നാണ്‌ ഒടുവിൽ ചെന്നൈയിലേക്ക്‌ ചികിത്സയ്ക്കായി പോയതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top