29 March Friday

കോവളത്തിന്‌ പുതിയമുഖം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കോടിയേരി ബാലകൃഷ്‌ണൻ കല്ലടിമുഖത്തെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിച്ച്‌ വിവരങ്ങൾ ആരായുന്നു. 
വി ശിവൻകുട്ടി സമീപം (ഫയൽ ചിത്രം)

കോവളം
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളത്തിനും കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവുമായി വളരെ ആത്മബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ നിരവധി വികസന പദ്ധതികളാണ് കോവളത്തും സമീപ പ്രദേശങ്ങളിലും നടപ്പാക്കിയത്. കോവളം ബീച്ച് പ്രദേശത്ത്‌ പ്രധാന പല പദ്ധതികളും തുടങ്ങി.  
ഉത്തരവാദിത്വ ടൂറിസം എന്ന ആശയം നടപ്പാക്കുന്നതും കോവളം അതിന്റെ പ്രധാന കേന്ദ്രമാകുന്നതും കോടിയേരി എന്ന മന്ത്രിയുടെ കാലയളവിലെ പൊൻതൂവലാണ്. നടപ്പാതയും വഴിവിളക്കും തുടങ്ങി കോവളം ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾപോലും നടപ്പാക്കുന്നത് ഈ കാലയളവിലാണ്. വെള്ളാർ ക്രാഫ്റ്റ് വില്ലേജും കോടിയേരിയുടെ സംഭാവനയാണ്. 
കോവളത്തെ സമുദ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, കെടിഡിസി  ഹോട്ടൽ എന്നിവ ഇന്ന് കാണുന്ന നിലയിലേക്ക് വികസിപ്പിച്ചതും കോവളത്തെ ടൂറിസം ഇൻഫർമേഷൻ സെന്റർ, ഗസ്റ്റ് ഹൗസ് വികസനം, തീരപ്രദേശത്തെ വികസനങ്ങൾ, കോവളത്ത് കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതുമെല്ലാം ഇക്കാലയളവിലാണ്‌.
 

അലിയാർ ചാരിറ്റബിൾ സൊസൈറ്റിക്ക്‌ നഷ്ടമായത്‌ മാർഗനിർദേശിയെ

കോവളം
വഴികാട്ടിയെ നഷ്ടമായ ദുഃഖത്തിലാണ്‌ അലിയാർ ചാരിറ്റബിൾ സൊസൈറ്റി. സിപിഐ എം കോവളം ഏരിയ കമ്മിറ്റിക്ക് കീഴിൽ സാന്ത്വന രംഗത്ത് പ്രവർത്തിക്കുന്ന എം അലിയാർ ചാരിറ്റബിൾ സൊസൈറ്റിക്ക് എല്ലാ വിധത്തിലും വഴികാട്ടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 2017 ൽപ്രവർത്തനം ആരംഭിച്ച നാൾ മുതൽ എല്ലാ കാര്യത്തിനും സമീപിച്ചത്‌ കോടിയേരിയെയായിരുന്നു. മിക്കപരിപാടികളിലും നിറ സാന്നിധ്യമായിരുന്നു. 
 
പുല്ലുവിളയിൽ ബെല്ലാർമിക്ക് വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിക്കാനും ഭിന്നശേഷിക്കാരുടെ സാന്ത്വന സംഗമത്തിലുമെല്ലാം ഒപ്പം നിന്നു. അസുഖത്തിന്റെ യാതനകൾ തീവ്രമായ നാളുകളിൽ പോലും സൊസൈറ്റിക്കായുള്ള ഇടപെടലിൽ വീഴ്‌ചവരുത്തിയില്ല.  ആരംഭിച്ച നാൾ മുതൽ കോടിയേരി ഒപ്പമുണ്ടായിരുന്നു.

 

മൊട്ടക്കുന്നിൽനിന്ന്‌ 
അഡ്വഞ്ചർ 
ടൂറിസത്തിലേക്ക്‌ കൈപിടിച്ച്‌...

വിളപ്പിൽ
പ്രകൃതിമനോഹര പ്രദേശമായ ശാസ്താംപാറയെ ടൂറിസം ഭൂപടത്തിൽ എത്തിച്ചത് കോടിയേരി ബാലകൃഷ്ണൻ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌. 
പൂവച്ചൽ ജില്ലാ പഞ്ചായത്ത്‌ അംഗമായിരുന്ന, ഇന്നത്തെ എംഎൽഎ ഐ ബി സതീഷും കരുവിലാഞ്ചി വാർഡ് അംഗമായിരുന്ന ജയകുമാറും വിളപ്പിൽ പഞ്ചായത്ത്‌ ഭരണ സമിതിയുമാണ്‌ ടൂറിസം മന്ത്രിയായിരുന്ന കോടിയേരിയെ കണ്ട്‌ അപേക്ഷ നൽകിയത്‌. തുടർന്ന്‌ 2010 ൽ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംപാറയ്ക്ക് ആദ്യമായി 50 ലക്ഷം രൂപ അനുവദിച്ചു. ഈ തുക വിനിയോഗിച്ചാണ് സഞ്ചാരയോഗ്യമായ പാത, കമ്പിവേലി, വൈദ്യുത വിളക്കുകൾ എന്നിവ  സ്ഥാപിച്ചത്. ആരാലും അറിയപ്പെടാതെ വെറും മൊട്ടക്കുന്നായി അവശേഷിക്കുമായിരുന്ന ശാസ്താംപാറയ്ക്ക് വികസനമെന്ന വിത്ത് നൽകിയത്‌ കോടിയേരിയുടെ ദീർഘദൃഷ്ടിയാണ്. അഡ്വഞ്ചർ ടൂറിസത്തിന്റെ കേന്ദ്രമായി വളരുന്ന ശാസ്താംപാറയുടെ തലയെടുപ്പ് ഉയർത്തുന്നതിലെ ആദ്യത്തെ കൈയൊപ്പ്‌ കോടിയേരി ബാലകൃഷ്‌ണന്റേതാണ്‌.

 

അരുവിപ്പുറത്തെയും സ്വദേശാഭിമാനിയെയും 
ഒരുപോലെ പരിഗണിച്ചു

നെയ്യാറ്റിൻകര
അരുവിപ്പുറം ക്ഷേത്രത്തെയും സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെയും ഒരുപോലെ പരിഗണിച്ച്‌ നെയ്യാറ്റിൻകരയുടെ യശസ്സുയർത്താൻ ടൂറിസം മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രവർത്തനങ്ങൾ ആ  രാഷ്ട്രീയ നിലപാടുകളുടെ സാക്ഷ്യപത്രംകൂടിയായി. ഗുരുദേവൻ ശിവപ്രതിഷ്‌ഠ നടത്തിയ അരുവിപ്പുറത്ത് തീർഥാടന കാലത്തും അല്ലാത്തപ്പോഴും ദിവസേന ആയിരത്തിലേറെപ്പേർ എത്തും. 
ഇവർക്കായി 20 ലക്ഷം രൂപയിലേറെ ചെലവിട്ട് വിശ്രമകേന്ദ്രം ഒരുക്കിയതും കോടിയേരിയുടെ ഇടപെടലിലാണ്‌. 
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരിലുള്ള നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തതും കോടിയേരിയായിരുന്നു. നാടോടികളുടെ താവളമായിരുന്ന ഈ പാർക്ക് മുൻ മന്ത്രി വി ജെ തങ്കപ്പൻ നഗരസഭാ അധ്യക്ഷനായിരിക്കെയാണ് സ്വദേശാഭിമാനി പാർക്കാക്കിയത്.
 

മാനുഷികമൂല്യങ്ങളിലേക്ക്‌ 
യുവതയെ നയിച്ച നേതാവ്‌

ആറ്റിങ്ങൽ
സഖാക്കൾ ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ ഔന്നത്യം മനസ്സിലാക്കി വലുപ്പചെറുപ്പമില്ലാതെ ഘടക വ്യത്യാസമില്ലാതെ അവർക്കൊപ്പം മുൻപന്തിയിൽനിന്ന നേതാവായിരുന്നു കോടിയേരി. ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ കാട്ടുചന്ത യൂണിറ്റ് നടത്തിയ അവയവദാന സമ്മതപത്രം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻപോലും പാർടി സംസ്ഥാന സെക്രട്ടറിയായിരിക്കെ അദ്ദേഹം ഓടിവന്നു. അവയവദാനമെന്ന ഒരു മഹത്തായ ക്യാമ്പയിൻ ഏറ്റെടുത്ത ഭാരവാഹികളെ  ചേർത്തുനിർത്തി അഭിനന്ദിക്കാനും മറന്നില്ല. ഇതുമായി ബന്ധപ്പെട്ട എന്തു പരിപാടിയിലും താൻ ഉറപ്പായും പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്‌തു. യുവ സഖാക്കളെ ഇത്തരം മാനുഷികമൂല്യങ്ങൾ ഉൾക്കൊള്ളുംവിധം നയിക്കാൻ അദ്ദേഹത്തിനായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top