18 April Thursday

നേതൃനിരയിലെ ചെന്താരകം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കോടിയേരിയുടെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുഷ്‌പചക്രമർപ്പിക്കുന്നു

കണ്ണൂർ

 എല്ലാ കൊടുങ്കാറ്റുകളെയും അതിജീവിച്ച കമ്യൂണിസ്‌റ്റ്‌ നേതൃത്വമാണ്‌   കണ്ണൂരിനെ കണ്ണൂരാക്കിയത്‌. ആ നേതൃനിരയിലെ കരളുറപ്പുള്ള  നേതാവാണ്‌ കോടിയേരി ബാലകൃഷ്‌ണൻ.  ഭരണകൂട ഭീകരതയെയും     രാഷ്ട്രീയ ശത്രുക്കളുടെ കടന്നാക്രമണങ്ങളെയും അപവാദ പ്രചാരണങ്ങളെയും ഒരുപോലെ എതിരിട്ടാണ് കണ്ണൂരിൽ കമ്യൂണിസ്‌റ്റ്‌ പാർടി  വളർച്ചയുടെ ഓരോ പടവും കയറിയത്‌. അവിടെ എന്നും ജ്വലിക്കുന്ന ചുവന്ന താരകമാണ്‌  കോടിയേരി.   കമ്യൂണിസമാണ്‌ ശരിയെന്ന്‌ പറഞ്ഞതിന്‌ രാഷ്‌ട്രീയ എതിരാളികൾ മൊയാരത്ത് ശങ്കരന്റെ   ജീവനെടുത്തു.  ഉന്നത നേതാവ്‌  അഴീക്കോടൻ രാഘവനെ രാഷ്‌ട്രീയ വൈരത്തിന്റെ പേരിൽ ഇല്ലാതാക്കി.  ധീരക്തസാക്ഷികളുടെ ചോരയിൽ പടുത്തുയർത്തിയ പ്രസ്ഥാനം  കണ്ണൂരിൽ എല്ലാ ഘട്ടങ്ങളിലും വെല്ലുവിളികളെ അതിജീവിച്ചാണ്‌ മുന്നേറിയത്‌.  
  കോടിയേരി  ജില്ലാ സെക്രട്ടറിയായ 1990–-95 കാലഘട്ടത്തിൽ കണ്ണൂർ കൂടുതൽ സംഘർഷഭരിതമായിരുന്നു.  സിപിഐ എമ്മിനെതിരായ ഭരണകൂട‐ പിന്തിരിപ്പൻ ശക്തികളുടെ ആക്രമണത്തെ ചെറുത്ത് പ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ നേതൃപാടവം എക്കാലവും ഓർമിക്കപ്പെടും.  
  കുപ്രസിദ്ധമായ സഹകരണമാരണ നിയമത്തിനും കെ സുധാകരന്റെ നേതൃത്വത്തിൽ ജില്ലയിൽ സിപിഐ എമ്മിനെതിരെ നടന്ന ആക്രമണങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പ്‌ സമാനതകളില്ലത്തത്‌. കോൺഗ്രസ്‌ ക്രിമിനൽ വാഴ്‌ചയെ കരളുറപ്പോടെ നേരിടാൻ സ്വന്തം ജീവനുനേരെയുള്ള ഭീഷണിപോലും കോടിയേരി വകവച്ചില്ല. 
   കണ്ണൂർ സേവറി ഹോട്ടലിൽ ബോംബെറിഞ്ഞ് കെ നാണുവിനെ  കൊന്നത്, ചൊവ്വ സഹകരണ റൂറൽ ബാങ്കിലെയും കണ്ണൂർ കോ–- ഓപ്പറേറ്റീവ് പ്രസ്സിലെയും ആക്രമണങ്ങൾ, നാൽപ്പാടി വാസു വധം, സിപിഐ എം നേതാവ് ടി കെ ബാലന്റെ വീടിന്‌ ബോംബെറിഞ്ഞ്‌ മകൻ ഹിതേഷിന്റെ  കണ്ണ് തകർക്കൽ... എത്രയെത്ര കിരാതസംഭവങ്ങൾ.  ഈ  ഭീകരതയിൽ പതറാതെ പാർടി  പ്രവർത്തകർക്ക്‌ ആത്മവിശ്വാസം പകരാനും പ്രതിരോധം തീർക്കാനും കോടിയേരി വിട്ടുവീഴ്‌ചയില്ലാതെ  പോരാടി. 
  ഇതേഘട്ടത്തിൽ വർഗീയവാദികളും സിപിഐ എമ്മിനെ കടന്നാക്രമിച്ചു. 1994 ജനുവരി 26ന്‌ അർധരാത്രി എസ്‌എഫ്‌ഐ നേതാവ്‌ കെ വി സുധീഷിനെ ആർഎസ്‌എസ്‌ വെട്ടിനുറുക്കി കൊന്നു. മറ്റ്‌ ഒട്ടേറെ സഖാക്കളും ആർഎസ്‌എസ്‌ കൊലക്കത്തിക്കും ബോംബിനുമിരയായി. സ്വന്തം ജീവൻ അപകടത്തിലാണെന്ന്‌ മനസിലാക്കിയിട്ടും ആർഎസ്‌എസ്‌ കേന്ദ്രങ്ങളിലെത്തി പാർടി പ്രവർത്തകരുടെ ചെറുത്തുനിൽപ്പിന്‌ നേതൃത്വം നൽകാൻ  കോടിയേരി അസാധാരണ ധൈര്യമാണ്‌ കാണിച്ചത്‌. 1994 നവംബർ 25ന്റെ കൂത്തുപറമ്പ്‌ കൂട്ടക്കൊലയിൽ നാട്‌ വിറങ്ങലിച്ചപ്പോഴും കരുത്തും സാന്ത്വനവുമായത്‌ കോടിയേരിയായിരുന്നു. 
കേരളമാകെ കണ്ണൂരിലേക്ക്‌ കണ്ണുനട്ട എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ്‌, സഹകരണ ജനാധിപത്യ സംരക്ഷണ സമരം, പരിയാരം മെഡിക്കൽ കോളേജ്‌ സ്വാശ്രയ കോളേജാക്കുന്നതിനെതിരായ സമരം എന്നിവയൊക്കെ നയിച്ചത്‌ കോടിയേരിയാണ്‌. ടാഡ എന്ന കരിനിയമം ചുമത്തി പാർടി നേതാക്കളെ തുറുങ്കിലടച്ചതിനെയും ജനങ്ങളെ അണിനിരത്തി ചെറുക്കാൻ കോടിയേരിക്കായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top