25 April Thursday

രോഗികൾ വീട്ടിൽ കഴിയുന്നത്‌ കുറക്കണം: കേന്ദ്രസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

കോവിഡ് പ്രതിരോധം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം കാഞ്ഞങ്ങാട് എൻഎച്ച്എം ഓഫീസ് ഹാളിൽ 
കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായി ചർച്ച നടത്തുന്നു

കാസർകോട്‌
ജില്ലയിലെ കോവിഡ്- സാഹചര്യം വിിലയിരുത്താൻ കേന്ദ്ര സംഘമെത്തി. സംഘം ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കൺടെയ്‌ൻമെന്റ്‌ സോണുകളിലെത്തി കോവിഡ് ബാധിതരുമായി സംസാരിച്ചു.  ജില്ലയിലെ കോവിഡ് കേസുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ, ഓക്സിജൻ ബെഡുകൾ, വെന്റിലേറ്റർ അടക്കം ആശുപത്രികളിലെ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ കലക്ടർ സ്വാഗത്‌ ഭണ്ഡാരി വിശദീകരിച്ചു. 
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസർ ഡി എം സെൽ, മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ. കെ രഘു എന്നിവരാണ് സംഘത്തിൽ.  വീടുകളിൽ തുടരേണ്ടുന്ന രോഗികളെ സൂക്ഷ്മമായി മാത്രമേ തെരഞ്ഞെടുക്കാവൂവെന്ന്‌ സംഘം നിർദേശിച്ചു. ഇവരുടെ എണ്ണം കുറക്കണം. കൂടുതൽ പേർ വീട്ടിൽ കഴിയുമ്പോൾ കൂടുതൽ രോഗം പകരാനിടയുണ്ട്. ഹൈ റിസ്ക് കോൺടാക്ട് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. വീട്ടിൽ കഴിയുന്ന രോഗികൾ കർശനമായും മുറിയിൽ കഴിയണം.  രോഗബാധിതനാവുന്നതിന് രണ്ട് ദിവസം മുമ്പ്‌  തന്നെ രോഗം പരത്താൻ തുടങ്ങുന്നതിനാൽ കോൺടാക്ട് ട്രേസിങ് ആ രീതിയിൽ കൂടി നടത്തണമെന്നും സംഘം നിർദേശിച്ചു.
നാഷണൽ ഹെൽത്ത്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ വി  രാംദാസ്, ജില്ലാ സർവേലൻസ് ഓഫീസർ ഡോ. എ ടി മനോജ്‌, കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ. ഡാൽമിറ്റ നിയ ജെയിംസ്, മറ്റു നോഡൽ ഓഫീസർമാരായ ഡോ. അനു എലിസബത്ത് അഗസ്റ്റിൻ, ഡോ. മാത്യു ജെ വാളംപറമ്പിൽ, ഡോ. പ്രസാദ് തോമസ്, ഡോ. സുശോഭ് കുമാർ എന്നിവർ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടർന്ന് ചീഫ് സെക്രട്ടറിയെ ഓൺലൈനായി തങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top