26 April Friday

കാഞ്ഞിരപ്പുഴ, മംഗലം ഡാമുകൾ തുറന്നു മഴ കനത്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

പാലക്കാട്‌ > മടിച്ചുനിന്ന കാലവർഷം തിങ്കളാഴ്‌ച ശക്തിപ്പെട്ടു. മഴ കനത്തതോടെ ജില്ലയിലെ അണക്കെട്ടുകൾ നിറഞ്ഞുതുടങ്ങി. പരമാവധി ശേഷിയിലേക്ക്‌ അടുത്തതിനെത്തുടർന്ന്‌ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകൾ തിങ്കളാഴ്‌ച ഉയർത്തി. മീങ്കര അണക്കെട്ടും പരമാവധി ജലനിരപ്പിലേക്ക്‌ അടുക്കുകയാണ്‌. 153.04 മീറ്ററാണ്‌ നിലവിലെ ജലനിരപ്പ്‌. പരമാവധിയാവട്ടെ 156.36 മീറ്ററും. മറ്റ്‌ അണക്കെട്ടുകളിൽ സംഭരണശേഷിയിലേക്ക്‌ അടുത്തിട്ടില്ല. 

തിങ്കളാഴ്‌ച പകൽ മൂന്നിനാണ്‌ മംഗലം ഡാം തുറന്നത്‌. ആറുഷട്ടറിൽ 1,3,6 നമ്പർ ഷട്ടറുകൾ രണ്ട്‌ സെന്റീ മീറ്റർ വീതമാണ്‌ തുറന്നത്‌. ജലനിരപ്പ്‌ 76.94 മീറ്ററായി ഉയർന്ന സാഹചര്യത്തിലാണ്‌ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്‌. 77.28 മീറ്ററിലാണ്‌ പൊതുവെ ഡാമിന്റെ ഷട്ടർ തുറക്കുന്നതെങ്കിലും മഴ കനത്തതിനെത്തുടർന്ന്‌ നേരത്തേ തുറക്കുകയായിരുന്നു. 76.51  മീറ്ററിൽ ആദ്യമുന്നറിയിപ്പ്‌ നൽകി. മഴ ശക്തിപ്പെട്ടാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പും നൽകി.
 
കാഞ്ഞിരപ്പുഴ അണക്കെട്ട്‌ വൈകിട്ട്‌ അഞ്ചിനാണ്‌ തുറന്നത്‌. അഞ്ച്‌ സെന്റീമീറ്റർ വീതം മൂന്നു ഷട്ടറും തുറന്നു. ജലനിരപ്പ്‌ 93.2 മീറ്ററായി ഉയർന്നതോടെയാണ്‌ അണക്കെട്ട്‌ തുറന്നത്‌. 97.5 മീറ്ററാണ്‌ പരമാവധി ജലനിരപ്പ്‌. വ്യാഴാഴ്‌ചവരെ ശക്തമായി മഴ പെയ്യുമെന്ന്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്‌. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ ദിവസങ്ങളിൽ ശരാശരി 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർവരെ മഴ പെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2019ൽ ആഗസ്ത്‌ ആദ്യവാരത്തിലാണ്‌ ജില്ലയിൽ മഴ ശക്തപ്പെട്ടത്‌.
 
ജില്ലയിൽ തിങ്കളാഴ്‌ച രാവിലെവരെ 24 മണിക്കൂറിൽ പെയ്‌തത്‌ ശരാശരി 30.2 മില്ലീമീറ്റർ മഴയാണ്‌. ഏറ്റവും ശക്തമായി മഴ പെയ്‌ത തൃത്താലയിൽ‌ 43 മില്ലീ മീറ്റർ രേഖപ്പെടുത്തി. കൊല്ലങ്കോട്‌ 34.8, ആലത്തൂർ 32.2, ഒറ്റപ്പാലം 38.4, പറമ്പിക്കുളം 10, പാലക്കാട്‌ 25.6, പട്ടാമ്പി 27.4 മില്ലീ മീറ്റർ എന്നിങ്ങനെയാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയ മഴയളവ്‌.
 
കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടായി. അട്ടപ്പാടിയിൽ മലയോര മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്‌.
നെല്ലിയാമ്പതി റോഡിൽ കുണ്ടറൻചോലയിൽ മരം വീണ് ഗതാഗതം മുടങ്ങി. മലമ്പുഴ ഉദ്യാനത്തിനുസമീപം മരം വീണ്‌ ഫീഷറീസ്‌ വകുപ്പിന്റെ മതിൽ തകർന്നു. കാവിൽപ്പാട്ടും റോഡിലേക്ക്‌ മരം വീണു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top