25 April Thursday
ബൃഹദ്‌ പദ്ധതിയുമായി കോർപറേഷൻ

തൃശൂർ മാലിന്യമുക്തമാകും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തൃശൂർ
കോർപറേഷൻ മാലിന്യവിമുക്ത നഗരമാക്കി മാറ്റാനുള്ള ബൃഹദ്‌ പദ്ധതിക്ക്‌ കൗൺസിൽ അംഗീകാരം.  ഡിസംബർ 31നകം ലക്ഷ്യം കൈവരിച്ച്‌ കേരളത്തിലെ ആദ്യ മാലിന്യ മുക്ത കോർപറേഷനാക്കി മാറ്റുകയാണ്‌ ലക്ഷ്യം. ഒരു ലക്ഷം കുടുംബങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൈവ,  അജൈവമാലിന്യങ്ങൾ ശേഖരിച്ച്‌ സംസ്‌കരിക്കും.  ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റും. അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക്‌ നൽകും.  കൗൺസിലിൽ മേയർ എം കെ വർഗീസ്‌ അധ്യക്ഷനായി.
  മാലിന്യമുക്ത തൃശൂർ  പദ്ധതിനിർദേശം ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ കൗൺസിലിൽ അവതരിപ്പിച്ചു.   നിലവിൽ 225 ഹരിത കർമസേനകളാണ്‌ പ്രവർത്തിക്കുന്നത്‌. ഡിസംബറോടെ ഇത്‌ 400 ആക്കണം. മാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടികൾ 24 എന്നത്‌ 30 എണ്ണമാക്കും.  അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്ന എംസിഎഫ്‌ 28 എണ്ണമാക്കും. സംസ്‌കരണ കേന്ദ്രങ്ങളായ ആർആർഎഫ്‌ മൂന്നും ഒഡബ്ല്യുസി രണ്ടെണ്ണവും  പ്രവർത്തിക്കും.   കംപോസ്‌റ്റ്‌ യൂണിറ്റുകൾ 5146 എന്നത്‌ 77470 ആക്കി വർധിപ്പിക്കും.  ഹോസ്പിറ്റൽ ബയോ  മെഡിക്കൽ മാലിന്യ ശേഖരണത്തിന്‌  സംവിധാനമുണ്ടാക്കും. 
 കൗൺസിൽ അനുമതിയില്ലാതെ  നഗരത്തിൽ പൊലീസ്‌ സ്ഥാപിച്ച പുതിയ ട്രാഫിക്‌  സിഗ്നൽ മാറ്റാൻ  കൗൺസിൽ  തീരുമാനിച്ചു.  നടപടി ക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.   ഭരണകൂട ഭീകരതയ്‌ക്കെതിരെ പൊരുതുന്ന ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കൗൺസിലർ  എ ആർ രാഹുൽ പ്രമേയം അവതരിപ്പിച്ചു. 
യോഗത്തിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി, വികസന കാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ്‌ കണ്ടംകുളത്തി, പ്രതിപക്ഷ നേതാവ്‌ രാജൻ പല്ലൻ,  കൗൺസിലർമാരായ അനൂപ്‌ ഡേവിസ്‌ കാട,  ഐ സതീശ്‌ കുമാർ, ജോൺ ഡാനിയേൽ, വിനോദ്‌ പൊള്ളാഞ്ചേരി    തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top