26 April Friday
പരാതി 14 വരെ നൽകാം

കരട് തീരദേശ പരിപാലന പദ്ധതിയിൽ ഇളവുകൾക്ക് ശുപാർശ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കണ്ണൂർ
കരട് തീരദേശ പരിപാലന പദ്ധതിയിൽ ഇളവുകൾക്ക്‌ ശുപാർശ ചെയ്യുമെന്ന്‌  കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി സുനീൽ പാമിഡി. ഹിയറിങ്ങിനുശേഷം ആവശ്യമായ മാറ്റങ്ങൾ പരമാവധി വേഗത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും. കരട് തീരദേശ പരിപാലനപദ്ധതിക്കുറിച്ചുള്ള ജില്ലാതല പബ്ലിക് ഹിയറിങിലാണ്‌  ഇക്കാര്യം വ്യക്തമാക്കിയത്.
     തീരദേശവാസികൾക്കും  മത്സ്യത്തൊഴിലാളികൾക്കുമുണ്ടാകുന്ന പ്രയാസം   പരിഹരിക്കാൻ സംസ്ഥാനസർക്കാർ കേന്ദ്രത്തോട്‌  ഇളവുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ കരട്  പ്ലാൻ പ്രകാരം ജില്ലയിൽ നിലവിൽ സിആർഇസെഡ് -മൂന്ന് വിഭാഗത്തിലുള്ള 11 പഞ്ചായത്തുകളെ സിആർഇസെഡ് രണ്ട് വിഭാഗത്തിലേക്ക് മാറ്റി. സിആർസെഡ് മൂന്നിലായിരുന്ന പഞ്ചായത്തുകളെ മൂന്ന് എ-യിലാക്കി. സ്വകാര്യസ്ഥലത്തെ കണ്ടൽച്ചെടികളുടെ ചുറ്റുമുള്ള ബഫർ വ്യവസ്ഥ  ഒഴിവാക്കി. സർക്കാർ  സ്ഥലത്തെ കണ്ടൽച്ചെടികൾക്ക് ആയിരം ചതുരശ്ര മീറ്ററിന് മുകളിലുണ്ടെങ്കിലേ ബഫർ സോൺ ഉണ്ടാവൂ. അത് 50 മീറ്ററായി പരിമിതപ്പെടുത്തി. പൊക്കാളി പാടങ്ങളിൽ വേലിയേറ്റരേഖ ബണ്ടുകളിൽ നിജപ്പെടുത്തും.
പുഴകൾ, കൈവഴികൾ എന്നിവയിൽ 100 മീറ്ററായിരുന്ന ബഫർ 50 മീറ്ററായി ചുരുങ്ങും. പുഴയുടെ വീതി അമ്പതിൽ കുറവാണെങ്കിൽ പുഴയുടെ വീതി ആയിരിക്കും ബഫർ ആയി വരിക. സിആർഇസെഡ് മേഖലയിൽ 300 ചതുരശ്ര മീറ്റർവരെയുള്ള വീട് നിർമിക്കാനുള്ള അനുമതി തദ്ദേശ സ്ഥാപന സെക്രട്ടറിക്ക്  നൽകാനാകും. ദ്വീപുകളുടെ ദൂരപരിധി 50 മീറ്ററിൽനിന്ന് 20 ആയി കുറയും.  തീരദേശ നിയന്ത്രണ മേഖലയിൽ ഹോം സ്റ്റേകൾ അനുവദിക്കും. സി ആർ ഇസഡ് പരിധിയിലെ വീടുകൾക്ക് കെട്ടിട നമ്പർ ലഭിക്കാത്ത പ്രശ്നമാണ് കൂടുതൽ പേരും ഉന്നയിച്ചത്. ഇത് പ്രത്യേകം പരിഗണിക്കും. പരാതി 14 വരെ   സമർപ്പിക്കാം. 
 പുതിയ കരട് പ്ലാൻ അംഗീകരിക്കപ്പെട്ടാൽ ജിയോ ലൊക്കേഷൻ വച്ച്‌  സ്വന്തം സ്ഥലം സിആർഇസെഡിൽ ഉൾപ്പെടുമോ എന്നും ഏത് വിഭാഗത്തിലാണ് എന്നും അറിയാം. തീരദേശ പരിപാലന നിയമത്തെക്കുറിച്ച്‌  ഡോ. റെജി ശ്രീനിവാസൻ ക്ലാസെടുത്തു. 
  ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ഹിയറിങ്ങിൽ മേയർ ടി ഒ മോഹനൻ, കലക്ടർ എസ് ചന്ദ്രശേഖർ, വിദഗ്ധസമിതിയംഗങ്ങളായ ഡോ. കെ കെ വിജയൻ, ഡോ. സി രവിചന്ദ്രൻ, ഡോ. റിച്ചാർഡ് സ്‌കറിയ,  സത്യൻ മേപ്പയ്യൂർ,  കലയരസൻ,  അമൃത സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top