25 April Thursday

മണ്ണ് നോക്കി മതി കൃഷി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കതിരൂർ പഞ്ചായത്ത് ഓഫീസ് മുറ്റത്തൊരുക്കിയ മൺനിറവ് പ്രദർശനത്തിൽ നിന്ന്

തലശേരി
മണ്ണിന്റെ പോഷകഗുണവും അനുയോജ്യവിളകളും ഇനി വിരൽത്തുമ്പിൽ.  ‘മണ്ണ്‌’ മൊബൈൽ ആപ്പ്‌ ഗൂഗിൾ പ്ലേസ്‌റ്റോറിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്‌താൽ ജിപിഎസ്‌ സഹായത്തോടെ മണ്ണിന്റെ ഘടന കൺമുന്നിൽ തെളിയും. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി മാനേജ്‌മെന്റ്‌ കേരളയാണ്‌ ആപ്പ്‌ തയാറാക്കിയത്‌. ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ (എംഎഎം) എന്നതാണ്‌ ടാഗ്‌ലൈൻ. മണ്ണ്‌ പര്യവേഷണ –- മണ്ണ്‌ സംരക്ഷണ വകുപ്പ്‌  ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ്‌  മൊബൈൽ ആപ്പിന്റെ പ്രവർത്തനം. ജില്ലയിൽ കതിരൂർ, ചൊക്ലി, മൊകേരി, പന്ന്യന്നൂർ പഞ്ചായത്തിലെ വിവരങ്ങളാണ്‌ ആദ്യഘട്ടത്തിൽ  ലഭിക്കുക. വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യുന്ന ജോലി അവസാനഘട്ടത്തിലാണ്‌. 

 മണ്ണിന്റെ ഗുണദോഷങ്ങൾ നിർണയിക്കൽ സങ്കീർണപ്രക്രിയയാണ്‌. മണ്ണ്‌ ശേഖരിച്ച്‌ ഉണക്കി കൃഷിഭവൻ വഴി ലാബിൽ കൊടുത്ത്‌ ഫലത്തിനായി കാത്തിരിക്കണം. ഈ കാലതാമസമൊഴിവാക്കി  ഓരോ തുണ്ട്‌ ഭൂമിയിലെയും പോഷകനില മനസിലാക്കാനും അതനുസരിച്ച്‌ വളപ്രയോഗം നടത്താനും ആപ്പ്‌ വഴി സാധിക്കും. ഓർഗാനിക്‌ കാർബൺ, ഫോസ്‌ഫറസ്‌, പൊട്ടാസ്യം, ബോറോൺ, കോപ്പർ, ഇരുമ്പ്‌, സൾഫർ, സിങ്ക്‌ എന്നീ മൂലകങ്ങളുടെ അളവും പിഎച്ച്‌ മൂല്യവും വിശദീകരിക്കും.  ഏത്‌ വിളയും  വളവുമാണ്‌ മണ്ണിന്‌ അനുയോജ്യമെന്നും എത്ര അളവിൽ ഉപയോഗിക്കാമെന്നും  നിർദേശിക്കും. രാസവളം, ജൈവവളം, സൂക്ഷ്‌മ മൂലകങ്ങൾ എന്നിവ പ്രയോഗിക്കേണ്ട സമയം തുടങ്ങിയ വിവരങ്ങളും അറിയാം. ആപ്‌ മലയാളത്തിൽ  ലഭ്യമാകുന്നതിനാൽ കർഷകർക്കേറെ ഉപകാരപ്രദമാണ്‌.  
കുടുംബശ്രീയുടെ സഹായത്തോടെ മണ്ണ്‌ സാമ്പിൾ ശേഖരിച്ച്‌ ഘടന നിർണയിച്ചാണ്‌ ഡാറ്റ അപ്‌ലോഡ്‌ ചെയ്യുന്നതെന്ന്‌ ജില്ലാ മണ്ണ്‌ പര്യവേഷണ അസി. ഡയറക്ടർ എ രതീദേവി പറഞ്ഞു. കല്യാശേരി ബ്ലോക്കിലെ മണ്ണ്‌ വിവരശേഖരണമാണ്‌ അടുത്തത്‌. ഒരു വർഷം രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്തെന്ന നിലയിൽ ജില്ലയിലെ മുഴുവൻ ഭൂമിയുടെയും വിവരം ശേഖരിച്ച്‌ മൊബൈൽ ആപ്പ്‌ വഴി ജനങ്ങളിലെത്തിക്കും.
 
മക്കളെത്തി മണ്ണിനെയറിയാന്‍
തലശേരി
ലോക മണ്ണ് ദിനാചരണത്തിന്റെ ഭാ​ഗമായി കതിരൂർ പഞ്ചായത്ത് മുറ്റത്തൊരുക്കിയ ‘മൺനിറവ് ’പ്രദർശനം കുട്ടികളിലും പൊതുജനങ്ങളിലും കൗതുകവും വിജ്ഞാനവും പകരുകയാണ്. വ്യത്യസ്ത മണ്ണിനങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം കേരളത്തിലെ പ്രധാന മണ്ണിനങ്ങളുടെ വിവരങ്ങളടങ്ങിയ കുറിപ്പുകളും മണ്ണിലെ ഘടകങ്ങൾ, മണ്ണുശ്രേണി, ധാതു ഉൽപ്പന്നങ്ങൾ എന്നിവയും  പ്രദർശനത്തിലുണ്ട്. 
മണ്ണ് പരിശോധനയ്ക്കായി എങ്ങനെ തയ്യാറാക്കാം, ആരോ​ഗ്യമുള്ള മണ്ണ് എന്നാൽ എന്താണ് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇവിടെ ലഭിക്കും.  നീർത്തട സംരക്ഷണ മാതൃകയും ജലസംരക്ഷണ പ്രവർത്തനങ്ങളും അറിയാം. ജില്ലാ കാർഷിക പരിസ്ഥിതിക യൂണിറ്റുകളുടെ വിവരശേഖരണവുമുണ്ട്.
ആരോ​ഗ്യമുള്ള മണ്ണിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, മണ്ണിന്റെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ നടക്കുന്ന അനുബന്ധ പരിപാടികളിലൊന്നാണ് മൺനിറവ്.  കലക്ടർ ചന്ദ്രശേഖർ പ്രദർശനം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് ആർട് ​ഗ്യാലറിയിൽ ആരംഭിച്ച മുപ്പതോളം ചിത്രകാരന്മാരുടെ ‘മണ്ണമൃത്’ ചിത്രപ്രദർശനം ജില്ലാ പഞ്ചായത്തം​ഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനംചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top