കൊല്ലം
കുടുംബശ്രീ നേതൃത്വത്തിലുള്ള "തിരികെ സ്‌കൂളിൽ' അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിനു തുടക്കം. ഡിസംബർ 10 വരെയുള്ള അവധിദിനങ്ങളിൽ നടക്കുന്ന ക്ലാസുകളിൽ ജില്ലയിലെ ആകെ 3,61,207 അയൽകൂട്ട അംഗങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസമായ ഞായറാഴ്ച 40,227 പേർ പങ്കെടുത്തു.
സംഘടനാശക്തി അനുഭവപാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ -ജീവിതഭദ്രത, നമ്മുടെ സന്തോഷം, ഉപജീവനം- ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യവിഷയങ്ങൾ. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം. 15000 റിസോഴ്സ് പേഴ്സൺമാരാണ് അധ്യാപകരായി എത്തുന്നത്.
ഓരോ സിഡിഎസിനും കീഴിലുള്ള സ്കൂളുകളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്. 9.30 മുതൽ 9.45 വരെ അസംബ്ലിയാണ്. ഇതിൽ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. ഒന്നുമുതൽ ഒന്നേമുക്കാൽ വരെയാണ് ഉച്ചഭക്ഷണ സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കലാപരിപാടികളും നടത്തും. ഉച്ചഭക്ഷണം, കുടിവെള്ളം, സ്നാക്സ്, സ്കൂൾബാഗ്, സ്മാർട്ട്ഫോൺ, ഇയർഫോൺ എന്നിവ വിദ്യാർഥികൾ കൊണ്ടുവരണം. താൽപ്പര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് യൂണിഫോമും ധരിക്കാം.
ജില്ലാതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വിഎച്ച്എസ്എസിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. കുടുംബശ്രീ ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സമൂഹത്തിലുണ്ടാക്കിയ മുന്നേറ്റം സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിനു മാത്രം സാധിക്കുന്ന നേട്ടമാണിത്. ലോകചരിത്രത്തിലെ മഹത്തായ സംഭവമാണ് തിരികെ സ്‌കൂളിൽ ക്യാമ്പയിൻ. 45 ലക്ഷത്തിലധികം സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്ക് എത്തുന്നു. പുതിയ സാങ്കേതികവിദ്യവരെ നീളുന്ന അറിവുകൾ നേടുന്നു. ക്യാമ്പയിൻവഴി സമൂഹത്തിനും വിദ്യാലയങ്ങൾക്കും ഒരുപോലെ ഉണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. എം മുകേഷ് എംഎൽഎ പഠിതാക്കളുമായി സംവദിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..