29 March Friday

തവനൂർ പേയ്‌മെന്റ്‌ സീറ്റ്‌; 
യൂത്ത്‌ കോൺഗ്രസിൽ കലാപം

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021

 

 
മലപ്പുറം
കെട്ടടങ്ങാതെ തവനൂർ പേയ്‌മെന്റ്‌ സീറ്റ്‌ വിവാദം. നിയമസഭാ തെരഞ്ഞെടുപ്പിൽ പണം വാങ്ങി സീറ്റ് വിറ്റുവെന്ന ആരോപണവുമായി യൂത്ത്കോൺഗ്രസ് ഭാരവാഹികൾ. കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സീറ്റ് വിറ്റിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് പാർടി നേതൃത്വമാണെന്നായിരുന്നു ഷാഫിയുടെ മറുപടി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ഇ പി രാജീവാണ് വിഷയം ഉന്നയിച്ചത്. ഫിറോസ് കുന്നംപറമ്പിലിന് എങ്ങനെ സീറ്റ് കിട്ടിയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന് അനുവദിച്ച സീറ്റ് നഷ്ടമായത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. കോൺഗ്രസുകാരനല്ലാത്ത ഫിറോസിനെ മത്സരിപ്പിച്ചതിന്റെ രഹസ്യം അറിയണമെന്നും തുറന്നടിച്ചു. യുഡിഎഫ് നേതൃത്വമാണ് ഫിറോസിന് സീറ്റ് നൽകിയതെന്നായിരുന്നു ഷാഫിയുടെ മറുപടി. യൂത്ത് കോൺഗ്രസുമായി ചർച്ച ചെയ്തിട്ടില്ല. യുഡിഎഫ് കൺവീനറുമായി സംസാരിച്ച്‌ ഇക്കാര്യത്തിൽ വിശദ മറുപടി തരുമെന്ന്‌ പറഞ്ഞ് ഷാഫി ഒഴിഞ്ഞുമാറി. 
ഫിറോസിനുവേണ്ടി റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് നാടുകടത്തിയെന്ന വിമർശവുമുണ്ടായി. തവനൂരിൽ റിയാസിനെ മത്സരിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്. അവസാനനിമിഷം തഴഞ്ഞു. അതിലും ഷാഫി പറമ്പിലിന് പങ്കുള്ളതായി ആരോപണമുയർന്നു. 
ഷാഫി പറമ്പിൽ ഫിറോസ് കുന്നംപറമ്പിലിൽനിന്ന്‌ പണം വാങ്ങിയാണ് തവനൂർ സീറ്റ് വിട്ടുനൽകിയതെന്ന ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. അത് സംസ്ഥാന കമ്മിറ്റിയിൽ ചിലർ കേൾപ്പിച്ചതായും വാർത്തവന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ ഭാഷ്യം. കെപിസിസി പുനഃസംഘടന ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണമെന്നും അവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top